എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ പ്രതിഷേധം. കൊല്ലം–എറണാകുളം റൂട്ടിലെ യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റേഷൻ മാനേജർക്ക് യാതക്കാർ പരാതി നൽകിബ്.
പാലരുവി എക്സ്പ്രസ്സില്‍ രാവിലെ 8.30ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരാണ് പ്ലക്കാര്‍ഡും ബാനറുമേന്തി പ്രതിഷേധിച്ചത്. കൊല്ലം മുതൽ കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്കുള്ള ട്രെയിന്‍ യാത്ര ഓരോ ദിവസം കഴിയുംതോറും രൂക്ഷമാവുകയാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. 8.30നുള്ള പാലരുവിയ്ക്കു ശേഷം ഈ റൂട്ടിലുള്ള വേണാട് എക്സ്പ്രസ്സ് ഇവിടെയത്തുമ്പോള്‍ 10 മണിയാകും. ഒന്നര മണിക്കൂറിനുള്ളില്‍ മറ്റ് ട്രെയിനില്ലാത്തതാണ് യാത്രാദുരിതം വര്‍ധിപ്പിക്കുന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.
പാലരുവി എക്സ്പ്രസിലെ തിരക്ക് പാരമ്യത്തിലെത്തുന്ന മുളന്തുരുത്തിയിൽ വെച്ച് വന്ദേഭാരത് എക്സ്പ്രസ്സിനു കടന്നുപോകാനായി പിടിച്ചിടുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പാലരുവിയ്ക്കും വേണാടിനും ഇടയിൽ മെമു ട്രെയിന്‍ അടിയന്തിരമായി അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി യാത്രക്കാര്‍ സ്റ്റേഷന്‍മാനേജര്‍ക്ക് പരാതി നല്‍കി.