Sunday, May 19, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | മെയ് 07 | ചൊവ്വ ✍പ്രൊഫസ്സർ എ.വി....

“ഇന്നത്തെ ചിന്താവിഷയം” 2024 | മെയ് 07 | ചൊവ്വ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

നിയമങ്ങൾക്കുമപ്പുറം പോകുന്ന മന:സാക്ഷിയുടെ ഉടമകളാകാം
————————————————————————————————————–

എഴുതപ്പെട്ട നിയമങ്ങൾക്ക് അകമ്പടി സേവിച്ചുകൊണ്ട് എപ്പോഴും ജീവിക്കാനാകില്ല. സാഹചര്യങ്ങൾക്കനുസരിച്ചും, സഹാനുഭൂതിക്കനുസരണമായും നിയമങ്ങളെ പലപ്പോഴും പുനരാഖ്യാനം ചെയ്യേണ്ടി വരും. നിയമങ്ങളും ജീവിതവും തമ്മിലുളള മത്സരത്തിൽ, ജീവിതത്തിനു വേണം മുൻഗണന നൽകാൻ.

ചട്ടങ്ങളേക്കാൾ അനുകമ്പയ്ക്കും ആദ്രതയ്ക്കും ആകണം നമ്മുടെ ജീവിതത്തിൽ കൂടുതൽ പ്രാധാന്യം. പ്രായോഗികതയ്ക്കു പ്രസക്തിയില്ലാത്ത നീതിനിഷ്ഠകൾ കൊണ്ട് ആർക്കാണ് പ്രയോജനം? കാലഹരണപ്പെട്ട നിയമങ്ങളും, ഉദ്ദേശ്യശുദ്ധിയില്ലാത്ത നിബന്ധനകളും സമൂഹത്തെ പിന്നോട്ട് അടിക്കുകയേയുള്ളൂ.

പെരുമാറ്റത്തിലെ പ്രതാപത്തേക്കാൾ, മനസ്സിൻ്റെ മാന്യതയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. ആൾക്കൂട്ടത്തിനു മുമ്പിൽ നാം പ്രദർശിപ്പിക്കാറുള്ള പക്വതയും പാകതയും സ്വകാര്യ ഇടപാടുകളിൽ കാണിക്കാറുണ്ടോ? ആരേയും പേടിക്കാതെ നന്മ ചെയ്യുന്നവർ, നാട്ടിലെ നിയമങ്ങൾക്കനുസരിച്ചു മാത്രമല്ല, സ്വന്തം മന:സാക്ഷിയുടെ ഹേമത്തിനനുസരിച്ചും കൂടെ പ്രവർത്തിക്കുന്നവരായിരിക്കും. ക്യാമറാ നിരീക്ഷണത്തിലാണെങ്കിൽ മാത്രം, എല്ലാം ഭംഗിയായി ചെയ്യുന്നവരുണ്ട്. എന്നാൽ, എന്തു ചെയ്യുന്നുവെന്നതിനേക്കാൾ, എന്തുദ്ദേശ്യത്തോടെ ചെയ്യുന്നുവെന്നതിലാണ് പ്രവൃത്തിയുടെ വിശുദ്ധി വെളിവാകുക.

എല്ലാം തുറന്ന മനസ്സോടെ ചെയ്യുന്നവരെ വിശ്വസിക്കാം, അശ്രയിക്കാം. എന്നാൽ, മറ്റുള്ളവരുടെ പ്രശംസാപത്രത്തിനായി മാത്രം പ്രവർത്തിക്ക്കുന്നവർക്കു സ്വന്തമായ തീരുമാനങ്ങളോ നിലപാടുകളോ ഉണ്ടാകണം എന്നില്ല. നന്മ മാത്രം ചെയ്യുവാൻ പ്രേരണ നൽകുന്ന, മനോധൈര്യത്തിനു പകരം നിൽക്കാൻ ഒരു നിയമത്തിനും ആകില്ല.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments