തൃശൂർ; ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 71 ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാർ (ഡ്രൈവർ) കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസിന്റെ ഭാഗമായി. വിയ്യൂർ ഫയർ ആൻഡ് റെസ്‌ക്യു സർവീസസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡ് ചടങ്ങിൽ ഡയറക്ടർ ജനറൽ കെ പത്മകുമാർ സല്യൂട്ട് സ്വീകരിച്ചു.
അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ എ എസ് ജോഗി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഗ്നിസുരക്ഷ, ഫയർ ഫൈറ്റിങ്, ഇൻഡസ്ട്രിയൽ ഫയർ സേഫ്റ്റി, മൗണ്ടെയ്ൻ റെസ്‌ക്യൂ, വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനം, വെള്ളപ്പൊക്ക രക്ഷാപ്രവർത്തനം, സ്വയംരക്ഷാ–-വിവിധ രാസ അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം, പ്രഥമ ശുശ്രൂഷ ഉൾപ്പെടെ നാല് മാസത്തെ അടിസ്ഥാന പരിശീലനം നൽകി.
കൂടാതെ കമാൻഡോ പരിശീലന രീതിയിൽ പുക നിറഞ്ഞതും ഇരുട്ടുള്ളതുമായ മുറികളിലെ രക്ഷാ പ്രവർത്തനം, ശ്വസനസഹായികൾ ഉപയോഗിച്ച് ബഹുനിലക്കെട്ടിടങ്ങൾ കയറിയുള്ള രക്ഷാപ്രവർത്തനം, ബേസിക് ലൈഫ് സപ്പോർട്ട്, രക്ഷാ ഉപകരണങ്ങൾ ലഭിക്കാത്ത സമയത്ത് ആവശ്യമായ ഇമ്പ്രവൈസ്ഡ് രക്ഷാ ഉപകരണങ്ങളുടെ നിർമാണവും അവയുടെ പ്രായോഗിക പരിശീലനങ്ങളും, 300 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിലുള്ള രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലെ പ്രായോഗിക പരിശീലനവും നൽകി.
പരിപാടിയിൽ ഡയറക്ടർ ടെക്നിക്കൽ എം നൗഷാദ്, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ അരുൺ അൽഫോൺസ്, അക്കാദമി ഡയറക്ടർ എം ജി രാജേഷ്, അസിസ്റ്റന്റ് ഡയറക്ടർമാരായ റെനി ലൂക്കോസ്, എസ് എൽ ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.