തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്നാണ് പിഎസ്‌സി പരീക്ഷകൾ മാറ്റി വെച്ചിട്ടുള്ളത്. ഏപ്രിൽ 13, 27 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. ബിരുദതല പൊതു പ്രാഥമിക പരീക്ഷയുടെ ഭാഗമായി നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് മാറ്റിവെച്ചിട്ടുള്ളത്. ഈ പരീക്ഷകൾ മെയ് 11, 25 എന്നീ തീയതികളിലായി നടക്കുന്നതാണ്. അവസാനഘട്ട പരീക്ഷ ജൂൺ 15-നാണ് നടക്കുക.
വനിത പോലീസ് കോൺസ്റ്റബിൾ, പോലീസ് കോൺസ്റ്റബിൾ, സ്റ്റാഫ് നേഴ്സ്, ഇലക്ട്രീഷൻ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. വനിത പോലീസ് കോൺസ്റ്റബിൾ, പോലീസ് കോൺസ്റ്റബിൾ തസ്തികകളിൽ മെയ് 11,25 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ ജൂണിലേക്ക് മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, ഏപ്രില്‍ 24-ന് നടത്താനിരുന്ന സ്റ്റാഫ് നഴ്‌സ് പരീക്ഷ 29-ലേക്കും ഏപ്രില്‍ 25-ന് നടത്താനിരുന്ന ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കുള്ള പരീക്ഷ ഏപ്രില്‍ 30-ലേക്കും മാറ്റി.