ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകക്കേസില്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകനാണ് ദിവ്യക്കായി ഹാജരാകുന്നതെന്ന് കെ.കെ. രമ എം.എല്‍.എ. പറഞ്ഞു. മലയാലപ്പുഴയില്‍ നവീന്‍ബാബുവിന്റെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഡ്രൈവര്‍ പറഞ്ഞത് വാഹനത്തില്‍ എ.ഡി.എമ്മിനെ കൊണ്ടുപോയി ഇറക്കി വിട്ടുവെന്നാണ്. സുഹൃത്തിനെ കണ്ട് സംസാരിച്ചു എന്നും മൊഴിയുണ്ട്.
ഈ സുഹൃത്തിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചോ എന്നറിയില്ല. ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ സാധിക്കാത്തത് ഇതുകൊണ്ടൊക്കെയാണ്. വലിയ ഗൂഢാലോചനയുണ്ട്. ഒരു പെട്രോള്‍ പമ്പിന് എന്‍.ഒ.സി. കിട്ടാത്തതിനെച്ചൊല്ലിയാണ് ദിവ്യയുടെ പ്രസംഗമെന്ന് കരുതുന്നില്ല. മറ്റെന്തോ ലക്ഷ്യം ദിവ്യയുടെ സംസാരത്തിലുണ്ട്. ഇവരുടെ പ്രസംഗത്തില്‍ ഒരു കുഴപ്പവുമില്ലെന്ന് തെളിയിക്കാന്‍ സി.പി.എം. ശ്രമിക്കുകയാെണന്നും രമ പറഞ്ഞു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) കെ.നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചയാണ് തലശേരി സെഷന്‍സ് കോടതി പരിഗണിച്ചത്. മൂന്നുമണിക്കൂറിലേറെ വാദംകേട്ട ശേഷം സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് കേസ് വിധി പറയാനായി 29-ലേക്ക് മാറ്റുകയായിരുന്നു.
വീട്ടില്‍ രോഗിയായ അച്ഛനും അമ്മയും വിദ്യാര്‍ഥിനിയായ മകളും ഭര്‍ത്താവുമുണ്ടെന്നും ദിവ്യയെ കളക്ടര്‍ യാത്രയയപ്പ് ചടങ്ങിന് ക്ഷണിച്ചിരുന്നുവെന്നുമാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. യാത്രയയപ്പിന് ക്ഷണക്കത്തുണ്ടായിരുന്നില്ല. ക്ഷണിക്കാതെ എത്തിയെന്ന വാദം തെറ്റാണ്. യാത്രയയപ്പ് നോട്ടീസുള്ള പരിപാടിയല്ല. മൂന്നുമണിക്ക് കളക്ടറെ വിളിച്ചു. ഡെപ്യൂട്ടി കളക്ടര്‍ പരിപാടിയില്‍ സംസാരിക്കാന്‍ വിളിച്ചു. അഴിമതിക്കെതിരേ ഉറച്ച നിലപാട് സ്വീകരിച്ചയാളാണ് ദിവ്യ. പ്രശാന്തന്‍, ഗംഗാധരന്‍ എന്നിവരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഇടപെട്ടത്. ദിവ്യ ദിവസം 250 കിലോമീറ്ററോളം യാത്രചെയ്യുന്നു. 24 മണിക്കൂറും ജോലിചെയ്യുന്നു തുടങ്ങിയ കാര്യങ്ങളും പ്രതിഭാഗം കോടതിയെ അറിയിച്ചു.