കൊല്ലപ്പെട്ട ഡോ വന്ദനാ ദാസിന്റെ ഓർമകളിൽ കണ്ണീരണിഞ് മാതാപിതാക്കൾ. ‘വന്ദനയുടെ സ്വപ്നമായിരുന്നു ഈ നാട്ടിൽ ഒരു ക്ലിനിക്ക് വേണമെന്നത്, കോട്ടയത്തെപ്പോലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഒന്നും ഈ പ്രദേശത്തില്ലായെന്ന് വന്ദന എപ്പോഴും പറയുമായിരുന്നു. മകൾ ജീവനോടെയുള്ളപ്പോൾ ഈ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു ആഗ്രഹം, എന്നാൽ അവളുടെ ഫോട്ടോയ്ക്ക് മുമ്പിൽവെച്ച് അത് ഇപ്പോൾ ചെയ്യേണ്ടിവന്നു. മകൾ എന്നും കൂടെയുണ്ടെന്ന തോന്നൽ ഇപ്പോഴും ഞങ്ങൾക്കുണ്ട്’ വന്ദനയുടെ അമ്മ വസന്തകുമാരി പറയുന്നു.
നാളെ മുതലാണ് ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങുക, നിലവിൽ വന്ദനയുടെ സുഹൃത്തുക്കളായ രണ്ട് ഡോക്ടർമാരാണുള്ളത്. കൂടാതെ പ്രമുഖരായ ഡോക്ടർമാരും ഇവിടെ സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.രാവിലെ 9 മുതൽ ഒരു മണി വരെയും രണ്ടു മുതൽ ആറുമണിവരെയും ആയിരിക്കും ക്ലിനിക്കിന്റെ പ്രവർത്തനം നടക്കുകയെന്ന് അച്ഛൻ മോഹൻ ദാസ് പറഞ്ഞു.
മകളുടെ ഓർമയ്ക്കായി നിർമ്മിച്ച ഡോ വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക്ക് ആലപ്പുഴ തൃക്കുന്നപ്പുഴയിലെ കാർത്തികപ്പള്ളി-നങ്ങ്യാർകുളങ്ങര റോഡിൽ പുളിക്കീഴിനു സമീപമാണ് പ്രവർത്തിക്കുക. ഉൾപ്രദേശമായതിനാൽ ആശുപത്രികളിൽ എത്താനുള്ള ബുദ്ധിമുട്ട് ഇവിടങ്ങളിൽ പതിവാണ്. എന്നാൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി ഈ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ സാധിക്കും എന്നുള്ളപ്രതീക്ഷയും മാതാപിതാക്കൾ പങ്കുവെക്കുന്നു.സാധാരണക്കാരായ മനുഷ്യർക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം എത്തിക്കണമെന്ന വന്ദനയുടെ സ്വപ്നമാണ് ഇതോടുകൂടി യാഥാർത്ഥ്യമാകുന്നത്. 2000 ചതുരശ്ര അടി വിസ്താരമുള്ള ഇരുനില കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുക. വസന്തകുമാരിയുടെ കുടുംബവീടാണ് ആശുപത്രിയ്ക്കായി പുതുക്കിപ്പണിതത്. ഫാർമസിയും ലാബും ക്ലിനിക്കിൽ തന്നെ ഒരുക്കിയിട്ടുണ്ട്.
2023 മെയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പൊലീസ് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപിന്റെ അക്രമണത്തിലാണ് ഹൗസ് സർജൻസി വിദ്യാർഥിയായിരുന്ന വന്ദനാദാസ് കൊല്ലപ്പെട്ടത്.