Saturday, December 28, 2024
Homeകേരളംഅബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി.

അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി.

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി. ജൂലൈ 2 ന് വധ ശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി നേതാക്കൾ വാർത്താകുറിപ്പിൽ പറഞ്ഞു.

കേസിന്റെ നടപടികൾ ഇന്ത്യൻ എംബസിയും, റഹീമിന്റെ പവർ അറ്റോണിയായ സിദ്ധിഖ് തുവ്വൂരും, പ്രതിഭാഗം വക്കീലും, കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഓരോ ദിവസവും ബന്ധപ്പെട്ട ഓഫീസുകളിൽ എത്തി പുരോഗതി വിലയിരുത്തുന്നുണ്ടെന്നും സഹായ സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ,ട്രഷർ സെബിൻ ഇഖ്ബാൽ, ചീഫ് കോഡിനേറ്റർ ഹസ്സൻ ഹർഷാദ് എന്നിവർ പറഞ്ഞു.

ദിയാധനം നൽകി കൊല്ലപ്പെട്ട ബാലന്റെ കുടുംബം അനുരഞ്ജന കരാറിൽ ഒപ്പ് വെച്ചതോടെയാണ് വധ ശിക്ഷ റദ്ദ് ചെയ്തത്.

അത് വാദി ഭാഗത്തിന്റെ സ്വകാര്യ അവകാശമായതിനാലാണ് ഉടൻ ഉത്തരവിറക്കിയത്.

അതെ സമയം ജയിൽ മോചനത്തിന് കടമ്പകൾ ഏറെയുണ്ട്. പബ്ലിക് റൈറ്റ്സ് അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കണം. കേസ് അന്വേഷിച്ചു കോടതി റിപ്പോർട്ട് നൽകുന്ന പബ്ലിക് പ്രോസിക്യൂഷൻ കേസുമായി ബന്ധപ്പെട്ട ഫയൽ കോടതിക്ക് ഇന്നലെ കൈമാറി എന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചതെന്ന് സിദ്ധിഖ് തുവ്വൂർ അറിയിച്ചു.

ഇനി വൈകാതെ കോടതി മോചന ഉത്തരവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. ശേഷം ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ജവാസാത്ത് (പാസ്സ്‌പോർട്ട് വിഭാഗം) ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് ഇന്ത്യൻ എംബസി യാത്ര രേഖ നൽകുന്നതോടെ റഹീമിന് ജയിൽ മോചിതനായി രാജ്യം വിടാനാകും.

ഈ നടപടിക്രമങ്ങളെല്ലാം കുറഞ്ഞ ദിവസത്തിനകം പൂർത്തിയാകുമെന്നും
റഹീമിന്റെ മോഹനത്തിന് ലോകമാകെയുള്ള മലയാളി സമൂഹം നൽകിയ പിന്തുണ അവിസ്മരനീയമാണെന്നും മലയാളികളുടെ ഐക്യബോധത്തിന്റെ ആഴം ലോകത്തിന്റെ നെറുകയിൽ അടയാളപ്പെടുത്തിയ സംഭവമാണ് റഹീം മോചനത്തിനായി മണിക്കൂറുകൾ കൊണ്ട് സമാഹരിച്ച കോടിക്കണക്കിന് രൂപയെന്നും സഹായ സമിതി മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൽ റഹീം ജയിലിലാകുന്നത്. തുടർന്ന് 18 വർഷത്തോളം നീണ്ട ശ്രമത്തിലൊടുവിലാണ് മോചനം അരികെ എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments