Thursday, November 14, 2024
Homeകേരളം‘വയനാട് കരകയറുന്നു’; വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കണം: രാഹുൽ ഗാന്ധി.

‘വയനാട് കരകയറുന്നു’; വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കണം: രാഹുൽ ഗാന്ധി.

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് വയനാട് കരകയറുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത് സന്തോഷമാണെന്നും മഴ മാറിയാല്‍ വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഓണ്‍ലൈന്‍ മുഖാന്തരം ചേര്‍ന്ന യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു. ‘ടൂറിസ്റ്റുകളെ എത്തിക്കാന്‍ കൂട്ടായ ശ്രമം അത്യാവശ്യമാണ്. ഒരു പ്രത്യേക പ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വയനാട് അതിമനോഹര സ്ഥലമായി തുടരുന്നു. രാജ്യത്തേയും ലോകത്തേയും വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ വയനാട് ഒരുങ്ങുന്നു. മുന്‍കാലങ്ങളിലെ പോലെ വയനാടിനെ പിന്തുണയ്ക്കാന്‍ ഒരിക്കല്‍ കൂടി ഒരുമിക്കാം,’ അദ്ദേഹം പറഞ്ഞു. ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു

അതേസമയം വയനാട് ലോക്‌സഭ മണ്ഡലത്തിലെ ആദിവാസികൾക്ക് ഇത്തവണയും മുൻ എംപി കൂടിയായ രാഹുൽ ഗാന്ധി ഓണക്കിറ്റ് വിതരണം ചെയ്തു. രാഹുൽ ഗാന്ധി സ്വന്തം ചെലവിലാണ് കിറ്റ് വിതരണം നടത്തുന്നത്. ചോക്കാട് നാല്പത് സെന്റിലെ ആദിവാസികൾക്ക് ഓണക്കിറ്റ് നൽകി. ചോക്കാട് നാല്പത് സെൻറ് നഗറിൽ എ പി അനിൽകുമാർ എം എൽ എ കിറ്റുവിതരണം ഉദ്ഘാടനം ചെയ്തു.

ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഇ പി സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മൽ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീകല ജനാർദ്ദനൻ, കെ ഹമീദ്, ബി മുജീബ്, എ പി രാജൻ,എം ഹമീദ്, അറക്കൽ സക്കീർ, നീലാമ്പറ സിറാജ് തുടങ്ങിയവർ സംസാരിച്ചു. വണ്ടൂർ നിയോജക മണ്ഡലത്തിലെ കിറ്റുവിതരണവും തുടങ്ങി. വണ്ടൂരിൽ 750 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. നിയോജക മണ്ഡലങ്ങളിലെ വിതരണച്ചുമതല യുഡിഎഫ് കമ്മിറ്റികൾക്കാണ്.
പ്രളയകാലത്തും കോവിഡുകാലത്തും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു രാഹുൽ ഗാന്ധി കിറ്റ് വിതരണം തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments