Monday, October 21, 2024
Homeകേരളംഅമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണം;...

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണം; ആരോഗ്യ മന്ത്രി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണം. മലിനമായ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ഇത്തരം കുളങ്ങളില്‍ കുളിക്കുന്നവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖ അടുത്തിടെ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയിരുന്നു. ഈ മാര്‍ഗരേഖ അനുസരിച്ചായിരിക്കും ചികിത്സ. അവബോധം ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

വയനാട് ഉരുള്‍പൊട്ടല്‍, അമീബിക്ക് മസ്തിഷ്‌ക ജ്വരം എന്നിവയുടെ സാഹചര്യത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. തിരുവനന്തപുരത്ത് മരണമടഞ്ഞയാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 3 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികളെല്ലാം പായല്‍ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയില്‍ സമ്പര്‍ക്കമുണ്ടായ ആള്‍ക്കാരാണ്.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.

ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.

എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ചെളിയിലോ ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കേണ്ടതാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ഡെങ്കിപ്പനി കേസുകളില്‍ കുറവ് വന്നിട്ടുള്ളതായി വിലയിരുത്തി. ആശുപത്രികളില്‍ മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments