കമ്പം: അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്. അരിക്കൊമ്പൻ നിലവിലുള്ള റിസര്‍വ് ഫോറസ്റ്റിലാണ് സാധനങ്ങൾ എത്തിച്ചു നൽകിയത്. അരി കൂടാതെ ശര്‍ക്കരയും പഴക്കുലയുമൊക്കെ ആനയ്ക്കായി എത്തിച്ചിട്ടുണ്ട്. അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത് ഷണ്‍മുഖ നദി ഡാമിനോടു ചേര്‍ന്നുള്ള റിസര്‍വ് വനത്തിലാണ്. അതേസമയം അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും മയക്കുവെടി വിദഗ്ധര്‍ ആനയെ നിരീക്ഷിച്ചുവരികയാണെന്നും കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍ അറിയിച്ചു.
രാത്രിയില്‍ കൃഷിത്തോട്ടത്തില്‍ എത്തി ഭക്ഷണം കണ്ടെത്തുകയാണ് ഇപ്പോൾ അരിക്കൊമ്പൻ ചെയ്യുന്നത്. കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെയുള്ള ദിനങ്ങളില്‍ അരിക്കൊമ്പന്‍ ക്ഷീണിതനായിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് അരിയുള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വനത്തില്‍ പലയിടത്തും എത്തിച്ചു നല്‍കിയത്, അദ്ദേഹം പറഞ്ഞു.