ഒരു പേരിലെന്തിയിരിക്കുന്നു
—————————————————–
അമേരിക്കൻ കൂടിയേറ്റ ചരിത്രത്തിലെയൊരു അവിസ്മരണീയ വ്യക്തിയാണു ജോണി ചാപ്പ്മാൻ. രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്കു കുടിയേറ്റക്കാർ വന്നു തുടങ്ങിയ കാലത്ത്, അദ്ദേഹമൊരു കാര്യം ചെയ്തു. ആപ്പിൾ മരങ്ങളില്ലാത്ത പ്രദേശങ്ങളിൽ ആപ്പിൾ മരങ്ങൾ വളർത്തി. എല്ലായിടത്തും തൈകൾ വിതരണം ചെയ്യുവാനായി നേഴ്സറികൾ ആരംഭിച്ചു. 40 വർഷങ്ങൾ കൊണ്ടെല്ലായിടത്തും ആപ്പിൾ മരങ്ങൾ വ്യാപിച്ചു. ആളുകൾ അദ്ദേഹത്തെ സ്നേഹപൂർവ്വം, “ജോണി ആപ്പിൾ സീഡ് ” എന്നു വിളിക്കാൻ ആരംഭിച്ചു.
ജന്മം കൊണ്ടു ലഭിക്കുന്ന പേരുകളെക്കാൾ ശ്രേഷ്ഠമാണു കർമ്മം കൊണ്ടു ലഭിക്കുന്ന പേരുകൾ. ജനിക്കുമ്പോൾ ലഭിക്കുന്ന പേരു സ്വയമറിയാതെ ലഭിക്കുന്നതാണ്. അങ്ങനെ ലഭിക്കുന്ന പേരിന്റെ വലുപ്പത്തിലും സംതൃപ്തിയിലും ആയുസ്സു മുഴുവൻ ജീവിക്കുന്നവരുണ്ട്. എന്നാലാരാലും ശ്രദ്ധിക്കപ്പെടാതിരുന്നവർ, സ്വന്തം സൽപ്രവൃത്തികൾ കൊണ്ടു പേരുണ്ടാക്കിയവരുമുണ്ട്.
ഒരായുസ്സു മൂഴുവൻ ജീവിച്ചിട്ടും, വീട്ടു പേരിന്റെയും സ്ഥാനപ്പേരിന്റെയും വിലാസത്തിൽ മാത്രം അറിയപ്പെടേണ്ടി വരുന്നതു ദൗർഭാഗ്യം തന്നെയാണ്. നാലു പേരറിയാൻ വേണ്ടി എന്തു വില കൊടുത്തും ചില സ്ഥാനങ്ങളിലെത്തിപ്പെടാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം അനന്യത കണ്ടെത്താൻ ശ്രമിക്കുന്നതാണ്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ പേരിൽ, ഒരു പുനർനാമകരണ പ്രക്രീയ നടന്നാൽ, എന്തു പേരായിരിക്കും തനിക്കു ലഭിക്കുകയെന്നതായിരിക്കണം എല്ലാവരേയും മഥിക്കേണ്ട ചോദ്യം.
സ്ഥാനമാണു ബഹുമതികൾ നൽകുന്നതെങ്കിൽ കാലാവധി കഴിയുമ്പോൾ ആ ബഹുമാനം നിലയ്ക്കും. എന്നാൽ, സൽകർമ്മങ്ങളാണതിന് അടിസ്ഥാനമെങ്കിൽ, കാല ശേഷവുമതു നിലനിൽക്കും. സൽപ്പേരും,ദൃഷ്പ്പേരുമുണ്ട് വ്യത്യാസം കർമ്മങ്ങളുടേതാണ്. കർമ്മങ്ങളിലൂടെ സൽപ്പേരുകൾ നേടിയെടുക്കുവാൻ നമുക്കു കഴിയട്ടെ.
സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു… നന്ദി, നമസ്ക്കാരം