Monday, December 23, 2024
Homeകേരളംആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഉഷ്‌ണതരംഗ സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഉഷ്‌ണതരംഗ സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഉഷ്‌ണതരംഗ സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 മെയ് 02, 03 തീയതികളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

2024 മെയ് 02, 03 തീയതികളിൽ പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

-പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

-ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക.

-ധാരാളമായി വെള്ളം കുടിക്കുക.

-അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

-കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.

-നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക.

-വൈദ്യുത ഉപകരണങ്ങൾ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയർ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാൽ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയിൽ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാൻ, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

-വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

-മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളിൽ എന്നിവടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

-തൊഴിലുറപ്പ് പ്രവർത്തകരും, മാധ്യമപ്രവർത്തകരും, പുറം തൊഴിലിൽ ഏർപ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am to 3 pm വരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ പൊതു സമൂഹം സഹായിക്കുക.

-വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന പരിപാടികൾ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

-കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം.

-എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

പൊതുജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments