സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം ദിനം ആദ്യ സ്വർണം കോഴിക്കോടിന്. ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ എസ് ജി എച്ച് എസ് എസ് കുളത്തുവയൽ സ്കൂളിലെ ആദിത്ത് വി അനിലാണ് സ്വർണം സ്വന്തമാക്കിയത്. ജൂനിയർ പെൺകുട്ടികളുടെ മൂന്ന് കിലോമീറ്റർ നടത്തത്തിൽ മലപ്പുറത്തിനു വേണ്ടി ആലത്തിയൂർ കെഎച്എംഎ ച്ച്എസ്എസിലെ പി നിരഞ്ജന സ്വർണം നേടി. അത്ലറ്റിക്സിൽ മലപ്പുറവും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 30 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മലപ്പുറമാണ് 29 പൊയിന്റുമായി തൊട്ടുപുറകിൽ പാലക്കാടുമുണ്ട്.
നാല് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് മലപ്പുറത്തിന്റെ അക്കൗണ്ടിലുള്ളത്. നാല് സ്വർണവും ഒരു വെള്ളിയും ആറ് വെങ്കലവുമായാണ് പാലക്കാട് കുതിക്കുന്നത്.
നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ എത്തിയ കോതമംഗലം മാർ ബേസിൽ എച്ച്‌എസ്‌എസ് ആദ്യദിനത്തിൽ മുന്നിട്ടുനിൽക്കുന്നു (19). മുണ്ടൂർ എച്ച്‌എസ് (13), ഐഡിയൽ കടകശേരി (11) എന്നിവരാണ് രണ്ടുംമൂന്നും സ്ഥാനങ്ങളിൽ. ആദ്യദിനത്തിൽ മൂന്ന് മീറ്റ് റെക്കോർഡുകൾ പിറന്നു. സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ തിരുവനന്തപുരം ജി വി രാജയിലെ മുഹമ്മദ് അഷ്‌ഫാഖ്(47.65 സെക്കൻഡ്), പോൾവോൾട്ടിൽ കോതമംഗലം മാർബേസിൽ സ്‌കൂളിലെ ശിവദേവ് രാജീവ്(4.80 മീറ്റർ), 3000 മീറ്ററിൽ മലപ്പുറം ചീക്കോട് കെകെഎംഎച്ച്‌എസ്‌എസിലെ എം പി മുഹമ്മദ് അമീൻ(8 മിനിറ്റ് 37.69 സെക്കൻഡ്) എന്നിവരാണ് റെക്കൊഡിന് അവകാശികൾ. ഇന്ന് മീറ്റിൽ 16 ഫൈനൽ നടക്കും.