Wednesday, May 8, 2024
HomeKeralaഅയോധ്യവിധി ; പേരുകൾ വയ്ക്കാത്തത്‌ ഒറ്റക്കെട്ടായ തീരുമാനം: ചീഫ്‌ ജസ്റ്റിസ്‌.

അയോധ്യവിധി ; പേരുകൾ വയ്ക്കാത്തത്‌ ഒറ്റക്കെട്ടായ തീരുമാനം: ചീഫ്‌ ജസ്റ്റിസ്‌.

ന്യൂഡൽഹി: അയോധ്യ കേസിൽ തർക്കങ്ങളുടെ ദീർഘചരിത്രവും വ്യത്യസ്‌ത കാഴ്‌ചപ്പാടുകളും കണക്കിലെടുത്താണ്‌ സുപ്രീംകോടതി ഏകസ്വരത്തിൽ ഉത്തരവ്‌ പുറപ്പെടുവിച്ചതെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌. വിധിന്യായത്തിൽ ഒരു ജഡ്‌ജിയുടെയും പേര്‌ വയ്ക്കേണ്ടതില്ലെന്ന്‌ അഞ്ച്‌ ജഡ്‌ജിമാരും ഒറ്റക്കെട്ടായി തീരുമാനിച്ചതാണെന്നും അദ്ദേഹം ‘പിടിഐ’ക്ക്‌ നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന്‌ വഴിയൊരുക്കിയത്‌ സുപ്രീംകോടതിയുടെ 2019 നവംബറിലെ വിധിയാണ്‌. ചീഫ്‌ ജസ്റ്റിസായിരുന്ന രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ചിൽ എസ്‌ എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷൺ, എസ്‌ അബ്ദുൾ നസീർ എന്നിവർ അംഗങ്ങളായിരുന്നു.

സാധാരണഗതിയിൽ വിധിന്യായത്തിന്റെ അവസാനം അത്‌ തയ്യാറാക്കിയ ജഡ്‌ജിമാരുടെ പേരുകൾ നൽകാറുണ്ട്‌. അയോധ്യ വിധിന്യായത്തിൽ അത്‌ നൽകാത്തത്‌ വിവാദമായിരുന്നു. അതിലാണ്‌ ചീഫ്‌ ജസ്റ്റിസിന്റെ വിശദീകരണം. ബെഞ്ചിന്‌ നേതൃത്വം നൽകിയ അന്നത്തെ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ പിന്നീട്‌ ബിജെപി നാമനിർദേശത്തിൽ രാജ്യസഭാംഗമായി. എസ്‌ അബ്ദുൾ നസീർ ആന്ധ്രപ്രദേശ്‌ ഗവർണറായി. ബോബ്‌ഡെ 2019 നവംബർമുതൽ 2021 ജനുവരിവരെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസായി. ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ ദേശീയ കമ്പനി നിയമ അപ്പലറ്റ്‌ ട്രിബ്യൂണൽ (എൻസിഎൽഎടി) അധ്യക്ഷനായി.

അതേസമയം, ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച സുപ്രീംകോടതി വിധിക്ക്‌ എതിരായ വിമർശങ്ങളിൽ പ്രതികരിക്കാനില്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ അഭിമുഖത്തിൽ പറഞ്ഞു. സ്വവർഗവിവാഹത്തിന്‌ നിയമസാധുത തേടിയുള്ള ഹർജികളിലെ വിധിയിൽ ഖേദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments