Saturday, July 27, 2024
Homeഇന്ത്യഗ്യാനേഷ്‌ കുമാര്‍, സുഖ്‌ബീർ സിങ്‌ സന്ധു തെരഞ്ഞെടുപ്പ്‌ കമീഷണർമാർ.

ഗ്യാനേഷ്‌ കുമാര്‍, സുഖ്‌ബീർ സിങ്‌ സന്ധു തെരഞ്ഞെടുപ്പ്‌ കമീഷണർമാർ.

ന്യൂഡൽഹി: കേരള കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ്‌ കുമാറും ഉത്തരാഖണ്ഡ്‌ കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥനായിരുന്ന സുഖ്‌ബീർ സിങ്‌ സന്ധുവും തെരഞ്ഞെടുപ്പ്‌ കമീഷണർമാരാകും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയമനസമിതി ഇവരെ തെരഞ്ഞെടുത്തതായി ലോക്‌സഭയിലെ കോൺഗ്രസ്‌ നേതാവ്‌ അധിർരഞ്‌ജൻ ചൗധരി മാധ്യമങ്ങളെ അറിയിച്ചു. മൂന്നംഗ സെലക്‌ഷൻ കമ്മിറ്റിയിൽ ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർടിയുടെ നേതാവെന്ന നിലയിൽ ചൗധരി അംഗമാണ്‌. ആഭ്യന്തരമന്ത്രി അമിത്‌ ഷായാണ്‌ കമ്മിറ്റിയിലെ മൂന്നാമൻ.

അമിത്‌ ഷായുടെ വിശ്വസ്‌തനായ യുപി സ്വദേശി ഗ്യാനേഷ്‌ കുമാർ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഘട്ടത്തിൽ ആഭ്യന്തരമന്ത്രാലയത്തില്‍ ജമ്മു ഡിവിഷന്‍ ചുമതലക്കാരനായിരുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനുള്ള സുപ്രീംകോടതി വിധിക്കു പിന്നാലെ അയോധ്യാ ഡിവിഷന്റെ ചുമതലക്കാരനായി. രാമക്ഷേത്ര തീർഥട്രസ്‌റ്റ് രൂപീകരിക്കുന്നതിലും നിർണായക പങ്കുണ്ട്. സഹകരണ മന്ത്രാലയം രൂപപ്പെട്ടപ്പോൾ സെക്രട്ടറിയായി.

പഞ്ചാബ്‌ സ്വദേശിയായ സുഖ്‌ബീർ സിങ്‌ ഉത്തരാഖണ്ഡിൽ ചീഫ്‌സെക്രട്ടറിയായാണ്‌ വിരമിച്ചത്‌. ദേശീയപാത അതോറിറ്റി ചെയർമാനായും ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ സെക്രട്ടറിയായും പാർലമെന്ററികാര്യ മന്ത്രാലയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്‌.അം​ഗങ്ങളെ തെരഞ്ഞെടുത്ത നടപടിക്രമത്തില്‍ അധിർരഞ്‌ജൻ ചൗധരി വിയോജിപ്പ് രേഖപ്പെടുത്തി.

പ്രധാനമന്ത്രിയും ചീഫ്‌ ജസ്റ്റിസും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സമിതിയാകണം തെരഞ്ഞെടുപ്പ്‌ കമീഷണർമാരെ തെരഞ്ഞെടുക്കേണ്ടതെന്ന സുപ്രീംകോടതി വിധി നിയമനിർമാണത്തിലൂടെ മോദി സർക്കാർ മറികടക്കുകയായിരുന്നു. ഭേദ​ഗതിയിലൂടെ ചീഫ്‌ ജസ്‌റ്റിസിനെ ഒഴിവാക്കി പകരം ആഭ്യന്തരമന്ത്രി അമിത്‌ ഷായെ ഉൾപ്പെടുത്തി. ഇതിനെതിരായ ഹർജികൾ വെള്ളിയാഴ്‌ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്‌ തിടുക്കത്തിൽ രണ്ട്‌ കമീഷണർമാരെ നിയമിച്ചത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments