ബിഹാറിലെ ഭാലാപൂര് ജില്ലയില്‍ ഉറക്കത്തിനിടയില്‍ വീടിന് തീപിടിച്ച് അമ്മയും രണ്ട് മക്കളും വെന്തുമരിച്ചു. മുപ്പതുകാരിയായ യുവതിയുടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച അര്‍ധരാത്രി ബിഹാറിലെ അതാനിയ ദിയാരയിലാണ് സംഭവം. വര്‍ഷാ ദേവി എന്ന യുവതിയും അവരുടെ കുഞ്ഞുമക്കളുമാണ് ദുരന്തത്തിന് ഇരയായത്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ ഫയര്‍ ഫോഴ്സിനെ പ്രദേശത്തേക്ക് അയച്ചെന്നും എന്നാല്‍ തീയണച്ചിട്ടും മൂന്നു ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ നീരജ് കുമാര്‍ പറഞ്ഞു.
തീപിടിച്ച വീടിന്റെ ഉടമസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. മെഴുകുതിരിയില്‍ നിന്നും തീപടര്‍ന്നതാകാമെന്നാണ് നിഗമനം. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.