Monday, May 20, 2024
Homeപാചകംകോട്ടയംകാരുടെ കപ്പ ബിരിയാണി (എല്ലും കപ്പയും) ✍ തയ്യാറാക്കിയത്: റീന നൈനാൻ വാകത്താനം

കോട്ടയംകാരുടെ കപ്പ ബിരിയാണി (എല്ലും കപ്പയും) ✍ തയ്യാറാക്കിയത്: റീന നൈനാൻ വാകത്താനം

റീന നൈനാൻ വാകത്താനം

ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എത്ര കഴിച്ചാലും മതിവരാത്ത, കല്യാണ വീടുകളിൽ തലേ രാത്രിയിലെ ഒഴിവാക്കാനാവാത്ത വിഭവമായി മാറി കഴിഞ്ഞ കോട്ടയംകാരുടെ കപ്പ ബിരിയാണിയുടെ (എല്ലും കപ്പയും) റെസിപ്പിയാണ്.

ആവശ്യമായ ചേരുവകൾ
🧅🧅🧅🧅🧅🧅🧅🧅🧅

പോത്തിൻ്റെ എല്ല് – ഒന്നര കിലോ
പോത്ത് ഇറച്ചി – അര കിലൊ
കപ്പ – രണ്ട് കിലോ
സവാള – രണ്ടെണ്ണം
ഉള്ളി – 200 ഗ്രാം
വെളുത്തുള്ളി – 20 അല്ലി
ഇഞ്ചി – രണ്ട് വലിയ കഷ്ണം
പച്ചമുളക് – നാലെണ്ണം
തേങ്ങ – ഒരെണ്ണം
മുളകുപൊടി – 5 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – ആറ് ടേബിൾ സ്പൂൺ
ഇറച്ചി മസാല – അഞ്ച് ടേബിൾ സ്പൂൺ
ഗരം മസാല – രണ്ട് ടേബിൾ സ്പൂൺ
കുരുമുളകുപൊടി – രണ്ടു ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – രണ്ട് ടീസ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഏലയ്ക്ക – നാലെണ്ണം

തയ്യാറാക്കുന്ന വിധം
🔥🔥🔥🔥🔥🔥🔥

ആദ്യമായി എല്ലും ഇറച്ചിയും ചെറുതായി അരിഞ്ഞ് നന്നായി കഴുകി പിഴിഞ്ഞ് ഒരു അരിപ്പ പാത്രത്തിൽ വയ്ക്കുക. വെള്ളം മുഴുവൻ ഊർന്നു പോയതിനുശേഷം ഒരു കുക്കറിലേക്ക് മാറ്റി ഒരു നാരങ്ങയുടെ നീരും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി 10 മിനിറ്റ് മാറ്റി വയ്ക്കുക.

അതിനുശേഷം സവാള, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പച്ചമുളക് ഇവ വഴറ്റിയതിനു ശേഷം ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ഇറച്ചിമസാല എന്നിവയും ചേർത്ത് വഴറ്റി കുക്കറിൽ എടുത്തുവച്ച എല്ലിൻ്റെയും ഇറച്ചിയുടെയും കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കുക്കർ അടച്ച് അടുപ്പിൽ വെച്ച് 5 വിസിൽ വരുന്നതു വരെ നന്നായി വേവിച്ച് മാറ്റി വെക്കുക.

ഇറച്ചിയും എല്ലും വേവുന്ന നേരം കപ്പ തൊലി കളഞ്ഞ് കൊത്തിയെടുത്ത് നന്നായി കഴുകിയെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി കപ്പയുടെ മുകളിൽ വരെ വെള്ളം ഒഴിച്ച് അടുപ്പിൽ വച്ച് നന്നായി വേവിക്കുക. അതിനുശേഷം വെള്ളം ഊറ്റി കളഞ്ഞ് ഉപ്പ് ചേർത്ത് കുടഞ്ഞ് മാറ്റിവയ്ക്കുക.

ഇനി തേങ്ങ വറുത്തെടുക്കുന്നതിനുവേണ്ടി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചെറുതീയിൽ ഒരു തേങ്ങ ചിരകിയത് അതിലേക്ക് ഇട്ട് മഞ്ഞൾപ്പൊടി, കറിവേപ്പില, ഒരു ടീസ്പൂൺ മുളകുപൊടി, ഇവ ഓരോന്നായി ചേർത്ത് വറുത്തെടുക്കുക. ഇതിലേക്ക് അല്പം കുരുമുളകുപൊടിയും ഏലക്കായും ചേർത്ത് മൂപ്പിക്കുക. അതിനുശേഷം ഇവ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.

വെന്തു മാറ്റിവെച്ച കപ്പയിലേക്ക് കുക്കറിൽ വേവിച്ചെടുത്ത എല്ലും ഇറച്ചിയും പൊടിച്ചെടുത്ത തേങ്ങയും കൂടി ഒന്നിച്ച് പാത്രത്തിലിട്ട് മൂടി അടുപ്പിൽ തീ കുറച്ചു വച്ച് അഞ്ചു മിനിറ്റ് വേവിക്കുക. വെള്ളം വറ്റി വരുമ്പോൾ കടുകും കറിവേപ്പിലയും ഉള്ളിയും വറ്റൽമുളകും വറുത്ത് അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. രുചികരമായ പ്രത്യേകിച്ചും കല്യാണ തലേന്നു രാത്രിയിലെ പ്രധാന വിഭവമായ കോട്ടയംകാരുടെ കപ്പ ബിരിയാണി അല്ലെങ്കിൽ എല്ലും കപ്പയും വേവിച്ചത് തയ്യാർ.

✍ തയ്യാറാക്കിയത്: റീന നൈനാൻ വാകത്താനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments