Monday, October 28, 2024
Homeസിനിമ‘ഹൊററും’ ‘ആക്ഷനും’ ‘പൊലീസും' പിന്നെ 'ഷാജി കൈലാസും.

‘ഹൊററും’ ‘ആക്ഷനും’ ‘പൊലീസും’ പിന്നെ ‘ഷാജി കൈലാസും.

മലയാളത്തിലെ കരുത്തുറ്റ മൂന്നു നായികമാരുടെ സിനിമകൾ ഒരുമിച്ച് റിലീസിനെത്തിയ ദിവസം. മഞ്ജു വാരിയരുടെ ഫൂട്ടേജ്, മീരാ ജാസ്മിന്റെ പാലും പഴവും എന്നിവയ്ക്കൊപ്പമാണ് ഭാവനയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹണ്ട്’ തീയറ്ററുകളിലെത്തിയത്. ഷാജി കൈലാസെന്ന സീനിയർ ഫിലിം മേക്കറുടെ കരുത്തിലാണ് ഭാവനയുടെ വരവ്. പക്ഷേ…

ഭാവനയുടെയും ഷാജികൈലാസിന്റെയും പക്വതയുള്ള പെർഫോമൻസ് തന്നെയാണ് ‘ഹണ്ടി’ന്റെ ശക്തി. ‘ചിന്താമണി കൊലക്കേസി’നുശേഷം ഭാവന ഷാജികൈലാസിന്റെ നായികയായെത്തിയ ‘ഹണ്ട്’ ടിപ്പിക്കൽ ഷാജികൈലാസ് സ്റ്റൈലിലുള്ള മേക്കിങ്ങ് കൊണ്ട് ശ്രദ്ധേയമാണ്. പക്ഷേ ചിത്രം കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രേക്ഷകന് പ്രത്യേകിച്ച് പുതുമയുള്ളതൊന്നും നൽകാൻ ചിത്രത്തിന് കഴിയുന്നുമില്ല.

സൂപ്പർ നാച്വറൽ, ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഹണ്ട് എന്ന് ട്രെയിലറുകളിൽത്തന്നെ വ്യക്തമായിരുന്നു. ‘ഹൊററും’ ‘ആക്ഷനും’ ‘പൊലീസ് ഇൻവെസ്റ്റിഗേഷനു’മൊക്കെ ഷാജി കൈലാസിനേക്കാൾ‍ നന്നായി അവതരിപ്പിക്കാൻ കഴിയുന്ന സംവിധായകർ ആരാണുള്ളത്.

ഡോ.കീർത്തിയെന്ന മുഴുനീള കഥാപാത്രവുമായെത്തിയ ഭാവന പക്വതയാർന്ന അഭിനയം കൊണ്ട് മികച്ചുനിൽക്കുന്നുമുണ്ട്. അദിതി രവി, ചന്ദുനാഥ്, അനു മോഹൻ, അജ്മൽ അമീർ തുടങ്ങിയ മികച്ച അഭിനേത്താക്കളും മികച്ച പ്രകടനവുമായി എത്തുന്നുണ്ട്. പക്ഷേ തിരക്കഥയിലെ പുതുമയില്ലായ്മയാണ് ചിത്രത്തിനു വെല്ലുവിളിയാവുന്നത്.

അത്യാവശ്യം ഗ്രിപ്പിങ്ങുള്ള തുടക്കമാണ് ‘ഹണ്ടി’ന്റേത്. കാണുന്നവരെ കഥയിലേക്ക് വലിച്ചുവീഴ്ത്തിയിട്ടാണ് ഷാജികൈലാസ് സിനിമ തുടങ്ങുന്നത്. ഹൊറർ, സസ്പെൻസ് മൂഡുകൾ സൃഷ്ടിക്കുന്ന സീക്വൻസുകളിൽ ഷാജികൈലാസിന്റെ കയ്യടക്കം കയ്യടി അർഹിക്കുന്നതാണ്.

ഒരു മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ചുനടക്കുന്ന കഥയാണ് ഹണ്ട് പറയുന്നത്. ഫൊറൻസിക് സർജൻ പോറ്റിയുടെ സഹായിയായ ഡോ. കീർത്തി പോസ്റ്റ്മോർട്ടത്തിൽ വിദഗ്ധയാണ്. തനിക്ക് ഒട്ടുംവിശ്വാസമില്ലാത്ത പാരാ സൈക്കോളജിയുടെ വഴിയിലേക്ക് അപ്രതീക്ഷിതമായി എത്തിപ്പെടുകയാണ് കീർത്തി.

കായലിൽനിന്ന് മത്സ്യത്തൊഴിലാളികൾക്കു ലഭിക്കുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ സഞ്ചാരം. ഒരു വശത്ത് പോസ്റ്റ്മോർട്ടത്തിലൂടെ ശേഖരിക്കുന്ന തെളിവുകളും മറുവശത്ത് പാരാസൈക്കോളജിയുടെ വഴികളുമൊക്കെയായി കീർത്തിയുടെ കഥാപാത്രം കുറ്റവാളികളിലേക്ക് എത്തിച്ചേരുന്നതാണ് കഥാഗതി. രഞ്ജി പണിക്കരുടെ കഥാപാത്രം ഒരു പക്ഷേ നരേന്ദ്രപ്രസാദിന്റെയോ തിലകന്റെയോ പ്രകടനങ്ങളെ ഓർമപ്പെടുത്തുന്ന തരത്തിൽ ക്ലാസ് ആണ്.

നന്നായി തുടങ്ങി ആദ്യപകുതി പിന്നിടുന്ന ചിത്രത്തെ തികച്ചും പ്രവചനാത്കമായി കൊണ്ടുപോയി അവസാനിപ്പിക്കുന്നുവെന്നതാണ് ഹണ്ടിന്റെ പ്രധാന പോരായ്മ. ആർക്കും ലളിതമായി പ്രവചിക്കാൻ കഴിയുന്ന കഥ. ഷാജി കൈലാസിന്റെ പവർപാക്ക്ഡ് മെയ്ക്കിങ്ങ് ശൈലിക്ക് ഈ പോരായ്മയെ കാണികളിൽനിന്ന് മറച്ചുവയ്ക്കാൻ ഒരു പരിധിവരെ കഴിയുന്നുണ്ട്. പക്ഷേ ‘മേക്കപ്പിനൊക്കെഒരു പരിധിയില്ലെഡേയ്’ എന്ന ചോദ്യമാണ് ഓർമവരിക.

ഛായാഗ്രഹണം നിർവഹിച്ച ജാക്സൺ ജോൺസൺ, ചിത്രത്തിനു പശ്ചാത്തല സംഗീതമൊരുക്കിയ കൈലാഷ് മേനോനും വിഎഫ്എക്സ് ഒരുക്കിയ ശരത് വിനുവുമൊക്കെ ആത്മാർഥമായി ജോലി ചെയ്തിട്ടുണ്ട്.

വൈകാരികമായി കാണികൾക്ക് കണക്റ്റ് ആവുമ്പോഴാണ് സിനിമകൾ മികച്ച സിനിമകളാവുന്നത്. അത്തരം കഥാസന്ദർഭങ്ങളുള്ള മികച്ച തിരക്കഥകൾ കയ്യിൽകിട്ടിയപ്പോഴെല്ലാം ഷാജി കൈലാസ് ഹിറ്റുകൾ സൃഷ്ടിച്ചിട്ടുമുണ്ട്. പക്വതയുള്ള കഥാപാത്രങ്ങളെ പാളിച്ചകളില്ലാതെ തോളിലേറ്റാൻ കഴിയുന്ന അഭിനേത്രിയാണ് താനെന്ന് ഭാവനയും അടിവരയിടുന്നുണ്ട്. മികച്ച കഥയും തിരക്കഥയും ലഭിച്ചാൽ ശക്തിയുള്ള സിനിമകളുമായി ഇരുവരുമെത്തുമെന്നത് ഉറപ്പാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments