Sunday, July 21, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂൺ 22 | ശനി ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂൺ 22 | ശനി ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹സംസ്ഥാനത്ത് ഇന്ന് മുതല്‍ വരും ദിവസങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പും കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ ചുവപ്പു മുന്നറിയിപ്പും നല്‍കി. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വയും ബുധനും തീവ്രമഴ തുടരാനാണ് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി.

🔹യു .ജി.സി. നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സി.എസ്.ഐ.ആര്‍-യുജിസി – നെറ്റ് പരീക്ഷ മാറ്റിവെക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

🔹നീറ്റ് നെറ്റ്പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സീതാറാം യെച്ചൂരി. സംഭവങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവര്‍ രാജിവെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തി വില്‍ക്കുകയാണെന്നും ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായ കോടിക്കണക്കിന് കുട്ടികള്‍ ഇതിലൂടെ ബുദ്ധിമുട്ടിലായിയെന്നും സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.

🔹പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എത്തുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചരണം തുടങ്ങുന്ന വേളയില്‍ മമത വയനാട്ടിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കൊല്‍ക്കത്തയില്‍ വെച്ച് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

🔹സര്‍ക്കാര്‍ കരാറുകാര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടാനുള്ള കുടിശ്ശിക 15,000 കോടി രൂപ കടന്നു. ജലവിഭവ വകുപ്പില്‍ നിന്ന് മാത്രം 4000 കോടിയിലധികം രൂപയാണ് കരാറുകാര്‍ക്ക് കിട്ടാനുള്ളത്. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് കരാറുകാര്‍.

🔹വാട്സ് ആപ്പ് വഴി എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുഹൃത്തിന്റെ മുഖം വ്യാജമായി കാണിച്ച് പണം തട്ടിയ കേസില്‍ എല്ലാ പ്രതികളും പിടിയിലായി. സംസ്ഥാനത്തെ ആദ്യ ഡീപ്പ് ഫേക്ക് തട്ടിപ്പ് കേസിലെ പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലിയെന്ന പ്രശാന്താണ് കഴിഞ്ഞ ദിവസം പിടിയിലായത്. പാലാഴി സ്വദേശി രാധാകൃഷ്ണനാണ് കഴിഞ്ഞ വര്‍ഷം നാല്‍പതിനായിരം രൂപ നഷ്ടമായത്.

🔹കയ്പമംഗലത്ത് സ്‌കൂള്‍ മാനേജര്‍ നിയമനത്തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. കൂരിക്കുഴി എ.എം.യു.പി. സ്‌കൂള്‍ മാനേജര്‍ പ്രവീണ്‍ വാഴൂര്‍ (49) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ സ്‌കൂളിലെ അധ്യാപകരായ ഏഴ് പേര്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപ വരെ മാനേജര്‍ ടീച്ചര്‍മാരില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് പരാതി.

🔹കൊല്ലത്ത് 8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം സ്വദേശി ഹമീദിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.

🔹ക്യാംപസ് നാടകത്തില്‍ രാമനെയും സീതയെയും അപമാനിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് പിഴയിട്ട മുംബൈ ഐഐടിയുടെ തീരുമാനത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. ഒരു സെമസ്റ്റര്‍ ഫീസിന് തുല്യമായ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ് പിഴയടയ്ക്കാന്‍ നാടകം കളിച്ച എട്ടുവിദ്യാര്‍ത്ഥികളോട് ആവശ്യപെട്ടിരിക്കുന്നത്. പിഴ ആവിഷ്‌കാര സ്വാതന്ത്രത്തിനുനേരെയുള്ള കടന്നുകയറ്റമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന തരത്തില്‍ ക്യാംപസിലും സൈബറിടത്തിലും ചര്‍ച്ചയായതിനെ തുടര്‍ന്ന് അച്ചടക്ക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.

🔹തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തത്തിനിടയാക്കിയ വ്യാജ മദ്യത്തില്‍ ഉപയോഗിച്ച മെഥനോള്‍ വന്നത് ആന്ധ്രാപ്രദേശിലെ ചില മരുന്ന് കമ്പനികളില്‍ നിന്നാണെന്ന് സിബിസിഐഡിയുടെ കണ്ടെത്തല്‍. ദുരന്തത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിലായതോടെ മരിച്ചവരുടെ കുട്ടികളുടെ പഠനച്ചെലവടക്കം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഇത്രയധികം ദുരന്തങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ എന്ത് നടപടിയാണെടുത്തതെന്ന് ചോദിച്ച മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

🔹തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പര്‍ താരവുമായ വിജയ് തന്റെ അമ്പതാം പിറന്നാളാഘോഷങ്ങള്‍ റദ്ദാക്കി. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു. വ്യാജമദ്യമൊഴുക്ക് തടയാന്‍ കര്‍ശന നിയമം വേണമെന്ന് സൂപ്പര്‍ താരം സൂര്യയും വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

🔹ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവില്‍ വിള്ളല്‍. നവി മുംബൈയിലെ ഉല്‍വെയിലേക്കുള്ള റോഡിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടല്‍ സേതു ഉദ്ഘാടനം ചെയ്തത്. പുതുതായി ഉദ്ഘാടനം ചെയ്ത പാലത്തിന് വിള്ളലുണ്ടായത് വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും കാരണമായിട്ടുണ്ട്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ സ്ഥലം സന്ദര്‍ശിച്ച് വിള്ളലുകള്‍ പരിശോധിക്കുകയും യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിക്കുകയും ചെയ്തു.

🔹ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകേയുള്ള, ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഇതിനായുള്ള ട്രയല്‍ റണ്ണും കഴിഞ്ഞ ദിവസം റെയില്‍വേ പൂര്‍ത്തിയാക്കി. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ചെനാബ് റെയില്‍വേ പാലത്തിനെ വിശേഷിപ്പിക്കുന്നത്.

🔹12 സെക്കന്‍ഡ് ഹാന്‍ഡ് മിറാഷ് 2000-5 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ ഇന്ത്യ ഖത്തറുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ടുചെയ്തത്.

🔹വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ജൂലൈ ഒന്നുമുതല്‍ ക്ലോസ് ചെയ്യുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന, ബാലന്‍സ് ഇല്ലാത്ത, കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാത്ത അക്കൗണ്ടുകള്‍ ആണ് ക്ലോസ് ചെയ്യുക. നേരത്തെ ജൂണ്‍ ഒന്നുമുതല്‍ ക്ലോസ് ചെയ്യുമെന്നായിരുന്നു ബാങ്ക് അറിയിച്ചിരുന്നത്. ഭാവിയില്‍ അക്കൗണ്ട് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30നകം കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കി അക്കൗണ്ട് ആക്ടീവ് ആക്കണമെന്നും ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ഏപ്രില്‍ 30 വരെയുള്ള മൂന്ന് വര്‍ഷ കാലയളവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ പോകുന്നത്. ഡീമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടുകള്‍, ലോക്കറുമായി ബന്ധിപ്പിച്ചിരിക്കുന്നവ, 25 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളുടെ അക്കൗണ്ടുകള്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അക്കൗണ്ടുകള്‍, PMJJBY, PMSBY, SSY, APY, DBT തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്കായി തുടങ്ങി അക്കൗണ്ടുകള്‍ എന്നിവയ്ക്ക് ഇത് ബാധകമല്ലെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. അക്കൗണ്ട് ക്ലോസ് ആയാല്‍ പുനഃസ്ഥാപിക്കുന്നതിന് തൊട്ടടുത്തുള്ള ശാഖയില്‍ പോയി കെവൈസി രേഖകള്‍ സമര്‍പ്പിച്ച് വീണ്ടും അപേക്ഷ നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു.

🔹ടി20 ക്രിക്കറ്റ് ലോകകപ്പില്‍ തോല്‍വിയറിയാതെ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു റണ്‍സ് ജയം. ക്വിന്റണ്‍ ഡി കോക്കിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സൂപ്പര്‍ എട്ടില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

🔹ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ‘ഗോസ്റ്റ് പാരഡെയ്സി’ന്റെ ചിത്രീകരണം കേരളത്തില്‍ ആരംഭിച്ചു. എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും മലയാള ചലച്ചിത്ര താരങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ‘ഗോസ്റ്റ് പാരഡെയ്സിന്റെ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്നത് ജോയ് കെ.മാത്യു ആണ്. ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റേയും സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്. ജോയ് കെ. മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍, ജോബിഷ്, മാര്‍ഷല്‍, അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസ്സോ, അലന എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു. രസകരവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് ഗോസ്റ്റ് പാരഡെയ്‌സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments