വാഷിങ്‌ടൺ; അമേരിക്കയിലെ ബാൾട്ടിമോർ പാലത്തിൽ ചരക്കു കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ആറ് തൊഴിലാളികൾ മരിച്ചതായി നിഗമനം. പാലത്തിലെ കുഴികളടയ്‌ക്കുന്ന ജോലിയിലായിരുന്നു തൊഴിലാളികൾ. കപ്പൽ ഇടിക്കുന്ന സമയത്ത് എട്ട് തൊഴിലാളികളായിരുന്നു പാലത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ടു പേരെ നേരെത്തെ തന്നെ രക്ഷിച്ചിരുന്നു. ബാക്കിയുള്ള ആറ് പേരെ ജീവനോടെ കണ്ടെത്താൻ കഴിയുമെന്ന കാര്യത്തിൽ പ്രതീക്ഷയില്ലെന്ന് അധികൃതർ അറിയിച്ചു. 20 ലധികം ആളുകളും വാഹനങ്ങളുമാണ് പാലം സ്ഥിതി ചെയ്യുന്ന പറ്റാപ്സ്കോ നദിയിലേക്ക് വീണത്.
ബാൾട്ടിമോർ നഗരത്തിലെ ഫ്രാൻസിസ് സികോട് കീ ആർച്ച് പാലമാണ് തകർന്നത്. ഗ്രേസ് ഓഷ്യൻ എന്ന സിംഗപ്പൂർ കമ്പനിക്കുകീഴിലെ സിനേർജി മറൈൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദാലി കപ്പലാണ് പാലത്തിലിടിച്ചത്. അമേരിക്കൻ സമയം ചൊവ്വ പുലർച്ചെ 1.30നായിരുന്നു സംഭവം. വൈദ്യുതി നഷ്‌ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്‌ടമായ കപ്പൽ ദിശതെറ്റി പാലത്തിന്റെ കൂറ്റൻ ഇരുമ്പു തൂണുകളിൽ ഇടിച്ചുകയറി. ഏതാണ്ട് മൂന്നു കിലോമീറ്റർ നീളമുള്ള പാലത്തിന്റെ ഭൂരിഭാഗവും തകർന്നുവീണു.
ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോയ കപ്പലാണ് അപകടത്തിൽപ്പെട്ടത്. പാലം തകർന്ന ഭാഗത്ത് നദിക്ക് അമ്പതടിയോളം താഴ്ചയുണ്ട്. ബാൾട്ടിമോർ നഗരത്തിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നാണ് ഫ്രാൻസിസ് സികോട് കീ പാലം. അമേരിക്കൻ ദേശീയഗാനത്തിന്റെ രചയിതാവിന്റെ പേരാണ് പാലത്തിനു നൽകിയത്.