ബ്രിട്ടനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക്. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും ഋഷി സുനക് പറഞ്ഞു. പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചിരിക്കുകയാണ്.
വിജയത്തില്‍ കെയര്‍ സ്റ്റാര്‍മറെ അഭിനന്ദിക്കുന്നുവെന്നും ഋഷി സുനക് കൂട്ടിച്ചേർത്തു.
അതേസമയം, ബ്രിട്ടനില്‍ 14 വർഷം നീണ്ട കണ്‍സർവേറ്റിവ് ഭരണം അവസാനിപ്പിച്ച് വമ്ബൻ ഭൂരിപക്ഷത്തോടെയാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയിരിക്കുന്നത്. 650 അംഗ പാര്‍ലമെന്റില്‍ നാനൂറിലേറെ സീറ്റുകളാണ് ലേബർ പാർട്ടി നേടിയത്. കെയ്ർ സ്റ്റാർമർ ആണ് പുതിയ പ്രധാനമന്ത്രി. ഈ നിമിഷം മുതല്‍ മാറ്റം ആരംഭിക്കുന്നുവെന്നും മാറ്റത്തിനായി പൊരുതിയവർക്ക് നന്ദി എന്നുമാണ് വിജയം അറിഞ്ഞ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പ്രതികരിച്ചത്.
കെയ്ർ സ്റ്റാർമരുടെ നേതൃത്വത്തില്‍ ലേബർ പാർട്ടി നേടിയത് ബ്രിട്ടന്റെ ചരിത്രത്തിലെ ഉജ്ജ്വല വിജയങ്ങളില്‍ ഒന്നാണ്.
സാമ്ബത്തിക പ്രതിസന്ധിയും കുടിയേറ്റവും ആരോഗ്യമേഖലയും മുഖ്യ ചർച്ചാവിഷയങ്ങളായ തെരഞ്ഞെടുപ്പില്‍ ഋഷി സുനകിന്റെയും കണ്‍സർവേറ്റിവ് സർക്കാരിന്റെയും നയങ്ങള്‍ ജനം പാടെ തള്ളുകയായിരുന്നു. അഞ്ചുകോടി വോട്ടർമാർ 650 പാർലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്ത ജനവിധിയില്‍ കണ്‍സർവേറ്റിവ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ സീറ്റുകള്‍ പോലും ലേബർ പാർട്ടി പിടിച്ചെടുത്തു. ഒട്ടേറെ മുതിർന്ന കണ്‍സർവേറ്റിവ് നേതാക്കള്‍ പരാജയം രുചിച്ചു.
ഋഷി സുനക്കിന് റിച്ച്‌മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് നിലനിർത്താനായി എന്നത് മാത്രമാണ് ആശ്വാസം.
2025 ജനുവരി വരെയായിരുന്നു ഋഷി സുനക് സർക്കാരിന്റെ കാലാവധി. എന്നാല്‍ സ്വന്തം പാർട്ടിക്കാരെ പോലും ഞെട്ടിച്ച് കൊണ്ട് മെയ് 22 ന് അദ്ദേഹം രാജ്യത്ത് അപ്രതീക്ഷിതമായി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി പരാജയം രുചിച്ചേക്കുമെന്നുള്ള അഭിപ്രായ സർവ്വേകള്‍ വന്നതിന് പിന്നാലെയായിരുന്നു തീരുമാനം.