Sunday, January 5, 2025
Homeഅമേരിക്കപുതു വത്സരം പുതു ബോധങ്ങളുടേതാകട്ടെ . ✍അഫ്സൽ ബഷീർ തൃക്കോമല

പുതു വത്സരം പുതു ബോധങ്ങളുടേതാകട്ടെ . ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

പുതു വർഷത്തെ വരവേൽക്കുമ്പോൾ നമുക്ക് പുതിയ പ്രതീക്ഷകൾ എന്നൊക്കെ സാമാന്യമായി പറയാമെങ്കിലും ഓരോ വര്ഷം കഴിയുമ്പോഴും വയസു കൂടുന്നു. ആയുസ്സു കുറഞ്ഞു കൊണ്ടിരിക്കുന്നു, നിരവധി ആളുകൾ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. അങ്ങനെ ലാഭനഷ്ടങ്ങളുടെ നീണ്ട നിരയുണ്ടാകുന്നു.

ഒരോ ദിവസവും തുടങ്ങുന്നത് പുതിയ പ്രതീക്ഷകളുമായാണ്. അങ്ങനെ നോക്കുമ്പോൾ ഒരു ദിവസത്തിനും പ്രത്യേക പരിഗണണ ഇല്ല. എന്നാൽ വിശേഷ ദിവസങ്ങൾ ഓരോ വ്യക്തികൾക്കും വ്യത്യസ്തങ്ങളായിരിക്കും. പുതു വര്ഷം തന്നെ ഒരു വര്ഷത്തില് പലതുണ്ട് .മലയാള മാസത്തിൽ ചിങ്ങം ഒന്ന്, മേട മാസത്തിലെ വിഷു, അറബി മാസത്തിൽ മുഹറം ഒന്ന് അങ്ങനെ നീളുന്നു .അതിനുമപ്പുറം ഓരോരുത്തർക്കും അവരവരുടെ ജന്മദിനമാണ് പുതുവര്ഷാരംഭം എന്ന
മറ്റൊരു വാദവുമുണ്ട് .

ഇന്ത്യ രാജ്യത്തിന്റെ ഒദ്യോഗിക കലണ്ടറായ ശക വർഷം ചൈത്ര മാസത്തിലാണ് ആരംഭിക്കുന്നത് .ഇംഗ്ലീഷ് കലണ്ടര്‍ (ഗ്രിഗോറിയന്‍) അനുസരിച്ച് AD 78 ല്‍ ആണ് ശകവര്‍ഷം തുടങ്ങുന്നത്. കുശാന വംശം സൗരാഷ്ട്ര പ്രദേശങ്ങളുടെ ഭരണം നടത്തിയിരുന്ന ശക സാമ്രാജ്യത്തിലെ “ചസ്ഥനൻ” എന്ന രാജാവ് അധികാരത്തിലെത്തിയതിന്റെ സ്മരണ നില നിർത്താൻ ആരംഭിച്ചതാണ് ശക വർഷ കലണ്ടർ .1957-മുതല്‍ സൂര്യനെ അടിസ്ഥാനമാക്കിയുള്ള കാല ഗണനം ശക വര്‍ഷം ഭാരതത്തിന്‍റെ ഔദ്യോഗീക കലണ്ടർ ആയി നിശ്ചയിച്ചത് .പ്രാചീന കാലത്തു ഇന്ത്യയിൽ ഓരോ നൂറുവർഷം കൂടുമ്പോഴും വീണ്ടും ഒന്നു മുതൽ ആരംഭിക്കുന്ന രീതിയിലുള്ള കാലഗണനാ “സപ്തർഷി വർഷം” എന്ന പേരിൽ അറിയപ്പെട്ടിരുന്നതായി ചരിത്രം രേഖപെടുത്തുന്നു.

ലോകത്തു കൂടുതലായി ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കാല ഗണനാ രീതിയാണ് .ജൂലിയസ് സീസർ അലക്സാണ്ട്രിയയിലെ സോസി ജെനസിന്റെ ഉപദേശപ്രകാരം സൂര്യനെ അടിസ്ഥാനമാക്കി നിർമ്മിച്ച1500 വർഷത്തോളം യൂറോപ്പിൽ ഉപയോഗത്തിലുണ്ടായിരുന്ന ജൂലിയൻ കാല ഗണനാരീതിയിൽ ഒരു വർഷം കൃത്യമായും 365 ദിവസത്തിൽനിന്നും ഒരല്പം, അതായത് 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റ്, കുറവുണ്ടായിരുന്നു. 134 വർഷം കൂടുമ്പോൾ ഒരു ദിവസം അധികമായി ഉണ്ടാവുന്നു.ഓരോ വർഷത്തിന്റെയും കൂടെ അധികമായി വന്ന സമയം മൂലം 16 ആം നൂറ്റാണ്ടോടു കൂടി ഈ കാലഗണനാരീതി 10 ദിവസം വ്യത്യാസം കാണിച്ചുതുടങ്ങി.ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ ഈ കാല ഗണരീതിയെ അടിമുടി പരിഷ്കരിച്ചു .ദിവസമാണ് സമയത്തിന്റെ അടിസ്ഥാനമെന്ന കണക്കിൽ 1582 ഒക്ടോബർ 4 വ്യാഴാഴ്ചക്ക് ശേഷം അടുത്ത ദിവസമായി ഒക്ടോബർ 15 വെള്ളിയാഴ്ച എന്ന മാറ്റം വരുത്തി കൂടുതലായി വന്ന ദിവസങ്ങൾ കുറച്ചു. ഭാവിയിൽ ഈ തെറ്റു വരാതിരിക്കാനായി ഓരോ 400 വർഷത്തിലും മൂന്ന് ജൂലിയൻ അധികദിവസങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഈ രീതി ഗ്രിഗോറിയൻ കാലഗണനാരീതി എന്നാണ് അറിയപ്പെടുന്നത് .ജനുവരി 1 പുതു വർഷമായി കണക്കാക്കുന്നത് ഈ കലണ്ടറിലാണ് .അപ്പോൾ അതിലെ
വൈരുധ്യങ്ങൾ മനസിലാക്കാവുന്നതേ ഉള്ളൂ

എന്നാൽ കിഴക്കൻ യൂറോപ്പിലെ ഒട്ടു മിക്ക രാജ്യങ്ങളിലും ഓർത്തഡോക്സ് മതവിഭാഗത്തിൽപ്പെട്ട ആളുകൾ 988 മുതൽ സെപ്റ്റംബർ 1 പുതു വത്സരമായി കണക്കാക്കുന്നു .ഇംഗ്ലീഷ് കലണ്ടർ പ്രകാരം ബി .സി യും, എ .ഡി യും ആയി കാലത്തിനെ തരം തിരിച്ചിരിക്കുന്നു.ക്രിസ്‌തുവിന്‌ മുൻപ് എന്നു വരെ എന്നതു കണക്കാക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഇതിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടു
കൊണ്ടേയിരിക്കുന്നു .

മുഹറം ഒന്ന് ആണ് ഇസ്‌ലാമിക കലണ്ടറിലെ ആണ്ടു പിറപ്പ് .ജ്യോതിശാസ്ത്രം അടിസ്ഥാനമാക്കിയുള്ള ചന്ദ്രകലണ്ടറിലെ മാസാരംഭവും ഇസ്‌ലാമിക കലണ്ടറിലെ മാസപ്പിറവിയും തമ്മിൽ വ്യത്യാസമുണ്ട് .അതു കൊണ്ടാണ് പലപ്പൊഴും പെരുനാൾ ഉൾപെടെ പല ആഘോഷങ്ങളും മാറി വരുന്നത് . യൂസുഫ് നബിയെ കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിച്ചതും സുലൈമാന്‍ നബിക്കു രാജാധികാരം ലഭിച്ചതും യൂനുസ് നബി മത്സ്യ വയറ്റില്‍ നിന്നും മോചിതനായതും മൂസാ തനബിക്കു തൗറാത്ത് ഇറക്കപ്പെട്ടതും ഇബ്‌റാഹീം നബി അഗ്നികുണ്ഠത്തില്‍ നിന്ന് രക്ഷപ്പെട്ടതും എല്ലാം മുഹറ മാസത്തിലാണെന്നാണ് ഇസ്ലാമിക വീക്ഷണം .ഇമാം ഖസ്തല്ലാനിയുടെ നിരീക്ഷണത്തിൽ ആദ്യമായി വര്‍ഷാരംഭം ഉണ്ടാകുന്നത് ആദം നബി ഭൂമിയിലേക്കിറങ്ങിയതിനെ തുടർന്നാണ് അത് ഒന്നാം വര്‍ഷമായി കണക്കാക്കാമെന്നും അതിനു ശേഷം യൂസുഫ് നബി മുതലുള്ള കാലഗണന മൂസ നബി ബനൂ ഇസ്‌റാഈല്യരേയും കൂട്ടി ഈജിപ്ത് വിട്ട് പോകുന്നത് വരെയും, പിന്നീട് മൂസാ നബി ഈജിപ്ത് വിട്ട് പോയതടിസ്ഥാനമാക്കി ദാവൂദ് നബിയുടെ കാലം വരെയും പിന്നീട് സൂലൈമാന്‍ നബിയുടെ കാലം വരെ ദാവൂദ് നബിയുടെ കലണ്ടറടിസ്ഥാനത്തിലും സുലൈമാന്‍ നബിയുടെ കാലത്തെ അടിസ്ഥാനമാക്കിയുള്ള കാലഗണന ഈസാ നബിയുടെ കാലവരെയും തുടര്‍ന്നു എന്നതാണ് .

ജ്യോതിശാസ്ത്രത്തിൽ ചന്ദ്രമാസം ആരംഭിക്കുന്നത് ചന്ദ്രൻ കൺജങ്ഷനിൽ ആകുമ്പോഴാണ്. ആകാശം മേഘാവൃതമായാൽ ചന്ദ്രനെ കാണാൻ സാധിക്കാതെ വരാം. ചന്ദ്രനെ കാണുക എന്നതിനാണ് പ്രാധാന്യം എന്നതിനാൽ ജ്യോതിശാസ്ത്രപരമായി മാസാരംഭമായാലും ഇത്തരം അവസരങ്ങളിൽ നിലവിലുള്ള മാസത്തിൽ 30 ദിനം തികയുമ്പോഴേ മാസപ്പിറവി കണക്കാക്കുകയുള്ളൂ.ഇതിനെക്കുറിച്ചു കൂടുതൽ മനസിലാക്കാൻ അനേകം അറേബ്യൻ ശാസ്ത്രജ്ഞർ ജ്യോതിശാസ്ത്രത്തിലേക്ക് തിരിയുന്നതിനും മധ്യകാലത്ത് ജ്യോതിശാസ്ത്രത്തിന്റെ മുൻപന്തിയിൽ അറബ് ലോകം എത്തുന്നതിനും കാരണമായിട്ടുമുണ്ട് .

ഏതായാലും ഒരു വര്ഷം കടന്നു പോകുമ്പോൾ ഒരു കണക്കെടുപ്പ് ആവശ്യമാണ് .എന്തൊക്കെ നേടിയെന്നും നഷ്ടപ്പെട്ടെന്നും മാത്രമല്ല നമ്മെ കൊണ്ടു മറ്റുള്ളവർക്കു ലഭിച്ച ഗുണ ദോഷങ്ങൾ നാം ചെയ്തിട്ടുള്ള നന്മതിന്മകൾ ഉൾപ്പടെ ആത്മ പരിശോധനയും വാർഷീകാവലോകനവും ആവശ്യമാണ്‌ .മാത്രമല്ല വരും വർഷത്തിൽ നാം എന്തൊക്കെ പുതിയ കാര്യങ്ങൾ ചെയ്യും പഴയതിൽ നിന്നെന്തൊക്കെ മാറേണ്ടതുണ്ട് എന്നതൊക്കെ പുതു വർഷത്തിൽ കൃത്യമായി നിര്ണയിക്കേണ്ടതുണ്ട് .

എല്ലാ മതങ്ങളും ആഘോഷങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട് .മദ്യ ലഹരിയിലും മറ്റു മോശപ്പെട്ട പ്രകടനങ്ങളിലും ന്യൂ ഇയർ ആഘോഷങ്ങൾ ആഭാസങ്ങൾക്കു വഴിമാറുന്ന കാഴ്ച കാലങ്ങളായി തുടരുന്നു .കൂടാതെ ഇതൊക്കെ പലപ്പോഴും ദുരന്തമായി മാറുന്നു . ഡിസംബർ 31ന് വിശുദ്ധ നിക്കോളാസിന്റെ ഓർമ്മ പുതുക്കലിനൊടുവിൽ സാന്താക്ളോസിന്റെ രൂപമുണ്ടാക്കി പോർച്ചുഗീസ് ഭാഷയിൽ മുത്തച്ഛൻ എന്നർത്ഥം വരുന്ന “പാപ്പാഞ്ഞി” എന്ന പേരിൽ അർദ്ധരാത്രി വർഷാവസാന സമയം അലങ്കരിച്ച വേദിയിൽ വെച്ച് തീ കൊളുത്തുന്ന പ്രാകൃത രീതി ഇന്നും കേരളത്തിലുൾപ്പടെ നടത്തുന്നു എന്നത് ഖേദകരം തന്നെ .

ലോക രാജ്യങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ഭൂമിയുടെ ഭ്രമണം അനുസരിച്ചു വ്യത്യസ്ത കലണ്ടർ സമയങ്ങളിലാണ് പുതുവത്സരം ആഘോഷിക്കുന്നത്. ഒരു പുതുവത്സരത്തിൽ നിന്ന് അടുത്ത പുതുവത്സരത്തിലേക്ക് മുന്നൂറ്റി അറുപത്തി അഞ്ചേ കാൽ (365 ¼) ദിവസം വരും.ആദ്യം ആഘോഷിക്കുന്നത് ന്യൂസിലന്ഡിലെ
കിരിബാതി ദീപിലാണ്‌ തുടർന്ന് ആസ്‌ത്രേലിയ, ജപ്പാൻ, ചൈന, ഇന്ത്യ അങ്ങനെ അവസാനം എത്തുന്നത് അമേരിക്കയിലെ മനുഷ്യ വാസമില്ലാത്ത ബേക്കർ ദീപിലും ഹൗലന്റ് ദീപിലും ആണ് .അത് ഇന്ത്യൻ സമയം ജനുവരി ഒന്ന് നാലരയോടെ ആയിരിക്കും .

കഴിഞ്ഞുപോയ ഒരു വർഷത്തിൽ നാം ചെയ്ത നന്മതിന്മകളും ന്യായാന്യായങ്ങളും എല്ലാം വിലയിരുത്തി ഒരു വ്യക്തിഗത വാർഷീക അവലോകനം നന്നായിരിക്കും . അതല്ല ഭിത്തിയിലെ പഴയ ആണിയിൽ പുതിയ കലണ്ടർ തൂക്കി മാത്രം പുതുവത്സരം ആഘോഷിക്കുമ്പോൾ നാം നാളെയെകുറിച്ച് എങ്കിലും അവബോധമുള്ളവരാകണം.

പുതു വത്സര ആശംസകൾ ….

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments