Friday, November 29, 2024
Homeസ്പെഷ്യൽഈശ്വര സ്മരണ (ലേഖനം) ✍സി. ഐ. ഇയ്യപ്പൻ, തൃശൂർ

ഈശ്വര സ്മരണ (ലേഖനം) ✍സി. ഐ. ഇയ്യപ്പൻ, തൃശൂർ

സി. ഐ. ഇയ്യപ്പൻ, തൃശൂർ

മനുഷ്യൻ ജന്മമെടുത്ത അന്നുമുതൽ തുടങ്ങുന്ന ജീവിതയാത്രയിൽ ഓരോരുത്തരും അവരുടെ നിലപാടുകളുടെ രൂപീകരണത്തിനുള്ള തുടക്കം കുറിക്കും. ആ മനുഷ്യൻ ജീവിച്ചുവരുന്ന സാഹചര്യങ്ങൾ, സഹചാരികളായി ഇടപഴുകുമ്പോൾ അവരിൽ നിന്ന് കിട്ടുന്ന ജീവിത മാതൃക, അവരുടെ സ്വഭാവ വിശേഷങ്ങൾ. ഇതെല്ലാം ആ മനുഷ്യനിൽ ലയിക്കും. കുറച്ചു മുതിർന്ന് ലോക പരിചയം വരുമ്പോൾ വിദ്യാഭ്യാസത്തോടൊപ്പം, ഓരോരുത്തരിലും മാറിമാറി നിലപാടുകളും മാറും.

കണ്ടതിൽ നിന്നും കേട്ടതിൽ നിന്നും അനുഭവിച്ചതിൽ നിന്നും പാഠം പഠിച്ച് നിലപാടുകളിൽ കാലത്തിനൊത്ത് മാറ്റം വരുത്തിയില്ലെങ്കിൽ ഈ ലോകത്ത് ജീവിക്കാൻ കൊള്ളാത്തവൻ ആയി തീരും.

നിലപാടുകളിൽ ഉറച്ച് ഒരു പരുധിവരെ നിൽക്കുന്നത് നല്ലത് തന്നെ, എന്നാൽ അത് തനിക്കും മറ്റാർക്കും ഗുണം ചെയ്യുന്നില്ലെങ്കിൽ നല്ലതിനുവേണ്ടി നല്ല നിലപാട് സ്വീകരിക്കണം ആരുടെയൊക്കെയോ പ്രേരണയാൽ ഒരുനിലപാടും സ്വീകരിക്കരുത്. ഉപദേശങ്ങൾ ആരിൽ നിന്നും കേൾക്കാം. അത് ജീവിതത്തിൽ പകർത്താൻ കൊള്ളാവുന്നതാണോ എന്ന് ചിന്തിച്ച് ഒരു തീരുമാനത്തിൽ എത്തണം.
ഇന്നലെവരെ ശത്രുപക്ഷത്ത് കണ്ട ഒരുവന്റെ തോളിൽ ഇന്ന് കയ്യിട്ട് കൂടെ കൂട്ടാൻ കഴിയുന്നത് നിലപാടുകളിൽ വന്ന മാറ്റമാണ്. രാഷ്ട്രങ്ങൾ അവരുടെ നിലപാടുകളിൽ കാലത്തിനൊത്ത് മാറ്റം വരുത്തുന്നതുകൊണ്ടു മാത്രമാണ് രാജ്യങ്ങൾ നിലനിൽക്കുന്നത്. നമ്മെ ഭരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ അവരുടെ വിജയത്തിനു വേണ്ടി നിലപാടുകൾ മാറ്റുന്നതായി നാം കാണുന്നുണ്ടല്ലൊ.

പൂർവ്വീകരായി വിശ്വസിച്ചു വന്നിരുന്ന വിശ്വാസത്തിൽ നിന്ന് കാലത്തിനൊത്ത് മാറ്റം വരുത്തി ഒരു പുതിയ വിശ്വാസ നിലപാട് സ്വീകരിക്കാൻ ഒരു സ്വാതന്ത്ര്യവുമില്ല എന്നതാണ് കഷ്ടം. ഒറ്റപ്പെടുത്തലുകളുടെ ഭീഷണിയും, മിണ്ടാട്ടമില്ലാത്ത, ബന്ധുക്കളുടെ നിലപാടും ഒരു നിലപാട് തന്നെ.അവരുടെ ആ നിലപാടുകളിൽ കുടുങ്ങിക്കിടക്കാതെ ധീരതയോടെ സത്യത്തിന്റെ വഴി ഏതെന്ന് സ്വയം തന്നോട് തന്നെ ചോദിക്കുമ്പോൾ തന്നിൽ വസിക്കുന്ന ഈശ്വരനെ കാണാനും അനുഭവിക്കാനും കഴിയും.അപ്പോൾ മാത്രമാണ് ആത്മസാക്ഷത്ക്കാരം പൂർത്തിയാകുന്നത്.ഈ നിലപാടിൽ ഉറച്ചു നിൽക്കൂ . നമ്മുടെ ജീവിതം മറ്റുള്ളവർ നോക്കി കാണട്ടെ . ഇന്നല്ലെങ്കിൽ നാളെ ലോകത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ട് അവരും ഒരു പുതിയ നിലപാട് സ്വീകരിക്കട്ടെ.

വളരുന്ന പുതിയ തലമുറയെ രക്ഷപ്പെടാൻ കഴിയാത്ത വിധം ഒരു ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തി ചിന്തിക്കാൻ പോലും കഴിയാത്തവരാക്കിയിരിയ്ക്കുന്നു. ആ യുവതലമുറ മാറ്റം ഉൾക്കൊണ്ടുകൊണ്ട് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ തലമുറയ്ക്കാണ് സത്യത്തിന്റെ നേർവഴി കാണിച്ചു കൊടുക്കേണ്ടത്. എന്റെയും , നിങ്ങളുടെയും ഉള്ളിലാണ് ഈശ്വരൻ കുടികൊള്ളുന്നത് എന്ന ബോധ്യം അവർ സ്വയം അനുഭവിക്കട്ടെ. അങ്ങനെ അവർ പുതിയ നിലപാട് സ്വീകരിക്കട്ടെ.
അന്തവിശ്വാസങ്ങൾ കുത്തി നിറച്ച്,ഭയപ്പാടിന്റെ സൂത്രം പ്രയോഗിച്ച് , പാപമെന്ന മുദ്ര ചാർത്തി ഒന്നിനും കൊള്ളാത്തവർ ആക്കി അടക്കി ഭരിക്കുന്ന ആ വർഗ്ഗത്തിൽ നിന്ന് രക്ഷ നേടൂ. പുതിയൊരു വെളിച്ചം നിങ്ങളിൽ തെളിയട്ടെ.

പാപവും, പാപമോചനവും! ഇവിടെയാണ് മനുഷ്യൻ വഞ്ചിതനാകുന്നത്. തെറ്റ് തെറ്റാണെന്ന് അറിഞ്ഞു കൊണ്ടാണ് തെറ്റ് ചെയ്യുന്നത്. തെറ്റ് ആവർത്തിക്കാതിരിക്കുകയാണ് ശരിയായ മാർഗം. തെറ്റിന് പൊറുതി കൊടുക്കാൻ ഒരു മനുഷ്യനും കഴിയുകയില്ല.

മനുഷ്യജന്മത്തെക്കുറിച്ച് ശാസ്ത്ര ലോകത്തിനു പോലും വ്യക്തമായ ഉത്തരം കിട്ടാതിരിക്കെ, ഒരു കഥ മെനഞ്ഞുണ്ടാക്കി മനുഷ്യനെ മൊത്തം ജന്മ പാപത്തിന്റെ സന്തതികളായി മുദ്ര ചാർത്തുക വഴി സാത്താന്റെ മക്കളായി തീരുന്നു എന്നാണ് സങ്കല്പം. അതുകൊണ്ടാണല്ലോ ഏതാനും ദിവസത്തെ പ്രായം മാത്രമുള്ള കുഞ്ഞു പൈതലിന്റെ മുഖത്തുനോക്കി സാത്താനെ ഉപേക്ഷിക്കുന്നുവോ എന്ന് ചോദിക്കാൻ ഇട വന്നത്. ഈ നിലപാട് മാറ്റേണ്ട കാലമായി.

സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഈശ്വര സങ്കല്പമാണ് നമുക്ക് വേണ്ടത്. കോപിഷ്ഠനായോ വിധികർത്താവായോ അല്ല ഈശ്വരനെ കാണേണ്ടത്. നമ്മുടെയെല്ലാം ക്ഷേമത്തിനായി എപ്പോഴും കണ്ണും, കാതും തുറന്നു വെച്ചിരിക്കുന്ന ഈശ്വരനെയാണ് നമ്മൾ മനസ്സിൽ കാണേണ്ടത്. ഇങ്ങനെയൊരു സങ്കല്പം നമുക്ക് സമാധാനം തരും. ഈ ഒറ്റ നിലപാടുമതി ജീവിതകാലം അത്രയും.

മനുഷ്യന്റെ ദുർബലതയെ ചൂഷണം ചെയ്യുന്ന ഒരു ഏർപ്പാട് മാത്രമാണ് ദിനംപ്രതി അരങ്ങേറുന്ന പുന ആവിഷ്കരണം . വീണ്ടും, വീണ്ടും അത് ആവർത്തിക്കുന്നതു കൊണ്ട് മനുഷ്യനു എന്ത് നേട്ടം. എപ്പോഴും കരഞ്ഞ് വിലപിക്കുന്ന മനുഷ്യനെയല്ല , പിന്നെയോ….. സന്തോഷത്തോടെ ഇരിക്കുന്ന മനുഷ്യനെയാണ് ഈശ്വരനിഷ്ടം. എല്ലാം ഈശ്വരനിൽ സമർപ്പിച്ച് വിശ്വാസത്തോടെ ഇരിക്കു.

ഈശ്വരനെ മാനത്തോളം പുകഴ്ത്തുകയല്ല വേണ്ടത്. ഈശ്വരനോട് നന്ദിയും, വിശ്വാസവും പ്രകടിപ്പിക്കുന്നതിനോടൊപ്പം എപ്പോഴും , എല്ലാ കാര്യങ്ങളിലും ഈശ്വര സ്മരണ ഉണ്ടായിരിക്കുകയാണ് വേണ്ടത്.

എല്ലാ പ്രഭാതത്തിലും ഈശ്വരനെ ധ്യാനിച്ച് ഉണരുകയും, ദിവസം മുഴുവൻ മനസ്സിൽ ഈശ്വര സ്മരണ ഉണ്ടായിരിക്കുകയും, രാത്രി ഉറങ്ങുന്നതിനു മുമ്പ് ഈശ്വരനോട് നന്ദി പ്രകടിപ്പിയ്ക്കുകയും ചെയ്യാം.

സി. ഐ. ഇയ്യപ്പൻ, തൃശൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments