Tuesday, November 5, 2024
Homeകായികംമൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്, കീവീസ് രണ്ടാം ഇന്നിങ്‌സില്‍ 171-9.

മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്, കീവീസ് രണ്ടാം ഇന്നിങ്‌സില്‍ 171-9.

ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചുവരുന്നു. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. 28 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റെടുത്ത ആര്‍ അശ്വിനും ചേര്‍ന്നാണ് രണ്ടാം ഇന്നിംഗ്സില്‍ കിവീസിനെ കറക്കിയിട്ടത്.

28 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ട്രയലുമായി രണ്ടാം ദിനം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കിവീസിന് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ടോം ലാഥമിനെ നഷ്ടമായി. ഒരു റണ്ണെടുത്ത ലാഥമിനെ ആകാശ് ദീപാണ് ക്ലീന്‍ ബൗള്‍ഡാക്കിയത്. കോണ്‍വെയെ(22) വാഷിംഗ്ടണ്‍ സുന്ദര്‍ മടക്കി.രചിന്‍ രവീന്ദ്രയെ(4) അശ്വിൻ പുറത്താക്കി. എന്നാല്‍ വില്‍ യങും ഡാരില്‍ മിച്ചലും പൊരുതിയതോടെ ഇന്ത്യ വീണ്ടും ആശങ്കയിലായി. കളി ഇന്ത്യയുടെ കൈയില്‍ നിന്ന് പോകുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ജഡേജ മിച്ചലിനെ(21) പുറത്താക്കിയത്.

പിന്നാലെ ഗ്ലെന്‍ ഫിലിപ്സ് കിവീസിന്‍റെ ലീഡ് 100 കടത്തി. 14 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തി 26 റണ്‍സെടുത്ത ഫിലിപ്സിനെ അശ്വിന്‍ പുറത്താക്കായി. അര്‍ധസെഞ്ചുറിയുമായി പൊരുതിയ വില്‍ യങിനെ(51)യും അശ്വിന്‍ തന്നെ മടക്കി. ഇഷ് സോധിയെ(8), മാറ്റ് ഹെന്‍റിയെയും(10) ജഡേജ വീഴ്ത്തി.നിലവിൽ ഏഴ് റണ്‍സുമായി അജാസ് പട്ടേലാണ് ക്രീസില്‍. സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 150ന് മുകളിലുള്ള ഏത് വിജയലക്ഷ്യവും ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 143 റണ്‍സിന്‍റെ ലീഡുണ്ട്.

ആദ്യ ദിനം 14 വിക്കറ്റുകള്‍ വീണ വാംഖഡെയില്‍ രണ്ടാം ദിനം 15 വിക്കറ്റുകള്‍ നിലംപൊത്തി.നേരത്തെ നാലിന് 86 എന്ന നിലയിൽ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ 263ന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് ഇന്ത്യയെ തകര്‍ത്തത്. ശുഭ്മാന്‍ ഗില്‍ (90), റിഷഭ് പന്ത് (60), വാഷിംഗ്ടണ്‍ സുന്ദര്‍ (38*) എന്നിവർ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. രവീന്ദ്ര ജഡേജ (14), സര്‍ഫറാസ് ഖാന്‍ (0), അശ്വിന്‍(5) എന്നിവര്‍ നിരാശപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments