Friday, February 14, 2025
Homeകായികംഅര്‍ജന്റീനക്ക് മറക്കാനാകുമോ സൗദി ടീമിനെ; ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്ക് രണ്ട് വയസ്സ്.

അര്‍ജന്റീനക്ക് മറക്കാനാകുമോ സൗദി ടീമിനെ; ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്ക് രണ്ട് വയസ്സ്.

2022 നവംബര്‍ 22 നായിരുന്നു ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം അര്‍ജന്റീനക്ക് വന്നുഭവിച്ചത് ആ ദിനമായിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ സൗദി ടീമിലെ കളിക്കാരില്‍ ഭൂരിഭാഗവും മെസിയുടെ ആരാധകരായിരുന്നു. മെസിയെ ആദ്യമായി അടുത്ത് കാണാന്‍ ഭാഗ്യം ലഭിച്ചവര്‍. എന്നാല്‍ മെസിയോടുള്ള ആരാധനയൊന്നും മത്സരത്തില്‍ കാണിക്കാതെ അര്‍ജന്റീനയോട് പൊരുതി കളിക്കുകയായിരുന്നു സൗദി സംഘം. 2014ല്‍ നഷ്ടപ്പെട്ട ലോകകിരീടം മെസ്സിയും സംഘവും ഒടുവില്‍ സ്വന്തമാക്കിയത് എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം 2022-ലെ ഖത്തര്‍ ലോകകപ്പിലായിരുന്നു. ഡിസംബര്‍ 18-ന് നടന്ന ഫൈനലില്‍ ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ മറികടന്ന് മെസിയും സംഘംവും കപ്പ് ഉറപ്പിക്കുമ്പോള്‍ ആ വീര്യത്തിലേക്ക് അര്‍ജന്റീന സംഘത്തെ എത്തിക്കാന്‍ തോല്‍വി സമ്മാനിച്ചത് സൗദി അറേബ്യയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു അത്.

2019-ലെ കോപ്പ അമേരിക്ക സെമിയില്‍ ബ്രസീലിനോട് പരാജയപ്പെട്ടതിന് ശേഷം തുടര്‍ച്ചയായ 36 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ അര്‍ജന്റീനയെ 2-1 സ്‌കോറില്‍ സൗദി കീഴടക്കുകയായിരുന്നു. നിലവില്‍ അല്‍ ഇത്തിഹാദിന് കളിക്കുന്ന സലേ അല്‍ സഹീരി 48-ാം മിനിറ്റിലും സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ താരം സലീം അല്‍ ദസൗരി 53-ാം മിനിറ്റിലും നേടിയ ഗോളുകള്‍ അര്‍ജന്റീനയുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു. മത്സരത്തില്‍ അര്‍ജന്റീനയുടെ ഏക ഗോള്‍ പെനാല്‍റ്റിയില്‍ നിന്ന് മെസി കണ്ടെത്തിയെങ്കിലും പിന്നീട് ലോക ഒന്നാം നമ്പര്‍ ടീമിനെ ശരിക്കും വരിഞ്ഞുമുറുക്കുകയായിരുന്നു സൗദി. ഗ്യാലറി തന്നെ നിശബ്ദമായി പോയ ആ മത്സരത്തില്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സൗദി പ്രതിരോധം ഭേദിക്കുന്നതില്‍ മെസിപ്പട പരാജയപ്പെട്ടു. മെസിയുടെ ആരാധകരായ സൗദി താരങ്ങള്‍ മത്സരത്തിന് ശേഷം അദ്ദേഹത്തോടൊപ്പം സെല്‍ഫി എടുക്കുന്ന ദൃശ്യങ്ങള്‍ കാല്‍പ്പന്തുകളിയിലെ അപൂര്‍വ്വ നിമിഷങ്ങളായിരുന്നു.

അര്‍ജന്റീനയ്ക്കെതിരേ സൗദിയുടെ ആദ്യ ജയം കൂടിയായിരുന്നു അത്. ലോകകപ്പിന്റെ ചരിത്രത്തിലാകട്ടെ അവരുടെ നാലാം ജയവും. ആ വിജയത്തിന്റെ പിറ്റേന്ന് സൗദിയില്‍ പൊതു അവധി പ്രഖ്യാപിച്ചു. മെസിപ്പടയെ പാഠം പഠിപ്പിച്ച സൗദി ടീം അംഗങ്ങള്‍ക്ക് കോടികള്‍ വില മതിക്കുന്ന റോള്‍സ് റോയ്‌സ് ഫാന്റം കാറുകളാണ് സൗദി രാജാവ് നല്‍കിയത്. അതേ സമയം സ്വപ്‌നത്തില്‍ പോലും സാധ്യതയില്ലാത്ത വന്‍പതനത്തിന് ശേഷം അര്‍ജന്റീന വര്‍ധിത വീര്യം പുറത്തെടുക്കാന്‍ തുടങ്ങി. സി ഗ്രൂപ്പിലെ ചാമ്പ്യനായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. മെക്സിക്കോയെയും പോളണ്ടിനെയും മറുപടിയില്ലാത്ത രണ്ട് വീതം ഗോളുകള്‍ക്കാണ് കീഴടക്കിയത്. പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയോട് 2-1ന്റെ വിജയവുമായി ക്വാര്‍ട്ടറിലേക്കും ക്വാര്‍ട്ടറില്‍ 2-2 സ്‌കോറില്‍ സമനിലയും പിന്നീട് ഷൂട്ടൗട്ടില്‍ 4-3 ന് മറികടന്ന് സെമിയില്‍.

സൗദിയോട് തോല്‍വിയറിഞ്ഞ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ തന്നെലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തരിപ്പണമാക്കി ചരിത്ര ദൗത്യത്തിനായി ഫൈനലിലേക്ക്. അവിടെ പോരാട്ട വീര്യം ആവോളം പുറത്തെടുത്ത എംബാപെയെയും സംഘത്തെയും അതേ വീര്യത്തോടെ നേരിട്ട് 3-3 സമനിലയും പിന്നെ ഷൂട്ടൗട്ടില്‍ 4-2-ന്റെ വിജയവും സ്വന്തമാക്കി ലോക കപ്പ് ഉയര്‍ത്തി. ടൂര്‍ണമെന്റിലെ അര്‍ജന്റീനയുടെ ഏകതോല്‍വി ഏറ്റുവാങ്ങിയ അതേ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ അവസാന മത്സരം അവിസ്മരണീയമാക്കി കപ്പുയര്‍ത്തുമ്പോള്‍ അര്‍ജന്റീന ആരാധകര്‍ സൗദിയോടും നന്ദി പറഞ്ഞിരിക്കാം. കാരമം തങ്ങളുടെ ടീമിന്റെ പോരാട്ടവീര്യം പതിന്മടങ്ങ് ആക്കാന്‍ വഴിമരുന്നിട്ടത് ആ ഒരൊറ്റ തോല്‍വിയായിരുന്നുവെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments