വിദേശത്തുള്ള പുത്രനും
പൈതങ്ങളുമൊ-
ത്തൊരോണമുണ്ണാൻ
കാലങ്ങളായി
കാത്തിരുന്നു
ഇന്നാ കാത്തിരിപ്പിനു
അർത്ഥമുണ്ടായി
പുത്രനും ഭാര്യയും ഉണ്ണികളും
അമ്മയ്ക്കൊപ്പം ഓണം
ആഘോഷിക്കാൻ
നാട്ടിലെത്തി പിന്നെ
ആഘോഷവും ആരവവും
ആഹ്ലാദവുമായി
ഉറങ്ങിക്കിടന്ന വീടുണർന്നൊന്നു
ചൊല്ലിടുന്നു ചങ്ങായിമാർ .
കേരളം കുട്ടികൾക്കന്യമത്രേ
മലയാള ഭാഷ വഴങ്ങുന്നില്ല
ലേശവും
നാട്ടിൽ വരുന്നതു തുച്ഛമത്രേ.
ഉണ്ണികൾക്കറിയില്ല അത്തക്കളം
എന്തെന്ന്
മദാമ്മമാർ വാഴും നാട്ടില്ലല്ലേ
ജനിച്ചതും വളർന്നതും.
പാടത്തും തൊടിയിൽനിന്നും
പൂക്കളിറുത്തു ചാണകം കൊണ്ടു
തറമെഴുകി അത്തംതൊട്ടു പത്തുനാൾ
പൂക്കളം തീർത്തു ഉണ്ണികൾക്കായ്
മുറ്റത്തെ പുളിമരക്കൊമ്പിൽ
ഊഞ്ഞാലുകെട്ടി
ആടിത്തിമിർക്കുവാനായി
മത്സരിച്ചോടുന്നു മൂന്നുപേരും
തിരുവോണനാളിൽ
ഓണക്കോടിയുടുത്ത്
തലയിൽ മുല്ലപ്പൂ ചൂടി
പൊട്ടിച്ചിരിയും കുറുമ്പുമായി
കുട്ടികൾ ഓടിക്കളിച്ചിടുന്നു.
സദ്യയ്ക്ക് സമയമായ് ഉണ്ണികളെത്തി
തറയിൽ പായവിരിച്ചു തൂശനിലയിൽ
തുമ്പപ്പൂ നിറമുള്ള ചോറിനൊപ്പം
പച്ചടി കിച്ചിടി കറികൾ പലതരം
പായസവും
ചമ്രം
പടഞ്ഞിരിന്നുണ്ണു- വാനറിയില്ല
പൈതങ്ങൾക്ക്
പുലികളി വള്ളംകളി
വടംവലി തിരുവാതിര
കണ്ടു രസിച്ചു പൈതങ്ങളും
ആഴ്ചകൾ കടന്നുപോയ്
എത്ര വേഗം
താമസിയാതെ ആ ദിനവും
വന്നെത്തി തിരിച്ചു
പോവേണ്ട നേരമായി
നെഞ്ചകംവിതുമ്പി കണ്ണു നിറഞ്ഞു
മറക്കുവാനാവില്ലാരിക്കലും
മക്കളുമൊത്തുള്ളരോണം
ഇനിഎത്രനാൾ കാത്തിരിക്കണം
ഒന്നു കാണാൻ
മധുരിക്കും ഓർമ്മകൾ
നൽകി കടന്നു പോയൊരോണക്കാലം