ഓർമ്മതൻ ചെപ്പിലൊരരുമയാം
പൂവിനെ
താലോലിച്ചെന്നും നടന്നീടുവാൻ
ഞാനെൻ്റെ സ്വപ്നങ്ങൾ എപ്പഴും
പൂക്കുന്ന
വാകമരത്തിൽ കൊരുത്തു വച്ചു.
വഴിവക്കിലൊരുപാട്
കടലാസുതുണ്ടുകൾ
മരവിച്ച പ്രണയം പുതച്ചു നിന്നു.
കടലാസു പൂക്കളെ തഴുകിത്തലോടുന്ന
കാറ്റൊന്ന് മെല്ലെയെൻ ചാരെ വന്നു
ഒരു കൊച്ചു പ്രണയത്തിൻ തൂവാല
നെയ്യുമെൻ
കൈകളെ ചുംബിച്ചകന്നുപോയി.
മനസ്സിൻ്റെ വിളനിലത്തെപ്പഴോ ഞാൻ
നട്ട
പ്രണയത്തിൻ വിത്ത് മുളച്ചു വീണ്ടും.
ഒരു മഴത്തുള്ളി വന്നൊരു ചുംബനം
നൽകി
അനുരാഗ പൂവായ് വിരിഞ്ഞിടുന്നു.
കാലം കളിക്കുന്ന
കാൽപ്പന്തുകളിയിലായ്
വാടിത്തളർന്നെൻ്റെ പ്രണയ പുഷ്പം
മിഴിനീരണിഞ്ഞുകൊണ്ടുള്ളം പിടഞ്ഞു
ഞാൻ
തേടീനടന്നു നിൻ കനകപുഷ്പം.
വ്യഥ തന്ന വ്യർത്ഥമാം
യാത്രയ്ക്കൊരുങ്ങി ഞാൻ
ഋതുഭേദമറിയാതെ പോയിടുന്നു.
മന്ത്രങ്ങൾ എന്നുള്ളിൽ
മന്ത്രണമാകുന്ന
മനസ്സാം മരീചീക തേടിടുന്നു
ഉൾക്കാഴ്ച്ചയിൽ എന്നകക്കണ്ണു
തേടുന്നു
പ്രണയത്തിൻ സ്ഫുരണമാം നിൻ്റെ
രൂപം.
ഈ രാജവീഥിയിൽ കണ്ടു മറന്നൊരു
പട്ടുകൾ നെയ്യുന്ന നിൻ്റെ രൂപം.