പേരാമ്പ്ര: പേരാമ്പ്രയിൽ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് നടത്തിയ റെയ്ഡിൽ 3.22കോടി രൂപ പിടിച്ചെടുത്തു. ചിരുതകുന്ന് ഭാഗത്തുള്ള സ്വർണ മൊത്തവ്യാപാരിയുടെ ഫ്ലാറ്റിലാണ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്വർണ വ്യാപാരിയായ ദീപക് ശങ്കർ, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫ്ലാറ്റിൽ നിന്ന് ഹോണ്ട വെന്യൂ കാറും സംഘം പിടിച്ചെടുത്തിട്ടുണ്ട്.
കാറിലെ രഹസ്യ അറയിൽ ഭൂരിഭാഗം പണവും സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള ഡി.ആർ.ഐ സംഘം താമരശ്ശേരി മുതൽ പ്രതികളുടെ വാഹനത്തെ പിന്തുടർന്ന് പേരാമ്പ്രയിലെ ഫ്‌ലാറ്റിൽ എത്തുകയായിരുന്നു. ഡി.ആർ.ഐമഹാരാഷ്ട്ര ടീമിന്റെ നേതൃത്വത്തിൽ എറണാകുളം, കോഴിക്കോട് ഡി.ആർ.ഐ സംഘങ്ങൾ ചേർന്ന് സംയുക്തമായാണ് ഈ റെയ്‌ഡ് നടത്തിയത്.
ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച റെയ്‌ഡ് രാത്രി 10.45നാണ് അവസാനിച്ചത്. വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിൽ നിന്ന് പേരാമ്പ്രയിൽ എത്തി സ്ഥിരതാമസമാക്കിയ പ്രതികൾ, പഴയ സ്വർണം വിലക്കെടുത്ത് പുതിയ ആഭരണങ്ങൾ നിർമ്മിച്ച് വിതരണം ചെയ്തുവരികയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ ഇത്രയും വലിതുക ഇവിടെ നിന്നും ലഭിച്ചു എന്നതിൽ വ്യക്തതവരൂ. ഇവരെ കൂടുതെ മറ്റാർക്കെങ്കിലും ഇത്യമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.