Saturday, November 23, 2024
Homeകായികംചെസ് ഒളിമ്പ്യാഡിലെ മെഡലുകളും ചാമ്പ്യൻമാർക്കുള്ള ട്രോഫിയുമായി ഇന്ത്യൻ താരങ്ങളുടെ ആഘോഷം.

ചെസ് ഒളിമ്പ്യാഡിലെ മെഡലുകളും ചാമ്പ്യൻമാർക്കുള്ള ട്രോഫിയുമായി ഇന്ത്യൻ താരങ്ങളുടെ ആഘോഷം.

ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ‘ചെന്നൈയിൽനിന്നുള്ള അത്ഭുതബാലൻ’ തിരികൊളുത്തിയ ഇന്ത്യൻ ചെസ് വിപ്ലവം വിശ്വനാഥൻ ആനന്ദിന്റെ വാക്കുകളിൽത്തന്നെ പറഞ്ഞാൽ, ഇന്നിതാ ഒരു മാന്ത്രികകാലത്ത് വന്നെത്തിയിരിക്കുന്നു. മറ്റൊരു സ്പോർട്സ് ഇനത്തിലും കൈവരിച്ചിട്ടില്ലാത്ത നേട്ടങ്ങൾ ഈ മാന്ത്രികകാലത്ത് ചെസിലൂടെ നമ്മുടെ രാജ്യം കൈവരിച്ചിരിക്കുന്നുവെന്ന് അടിവരയിട്ട് പറയാം.

ബുഡാപെസ്റ്റ് ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ 195ഉം വനിതാ വിഭാഗത്തിൽ 181ഉം രാഷ്ട്രങ്ങളുടെ ടീമുകളിലായി മൊത്തം 1884 ചെസ് താരങ്ങൾ മാറ്റുരച്ചു. മൊത്തം 12 സ്വർണമെഡലുകളിൽ ആറും ഇന്ത്യ സ്വന്തമാക്കി.

ഓപ്പൺ വിഭാഗം ടീം സ്വർണമെഡൽ, വനിതാ വിഭാഗം ടീം സ്വർണമെഡൽ, ഓപ്പൺ വിഭാഗം ബോർഡ് 1 വ്യക്തിഗത സ്വർണമെഡൽ (ഡി ഗുകേഷ്), ഓപ്പൺ വിഭാഗം ബോർഡ് 3 വ്യക്തിഗത സ്വർണമെഡൽ (അർജുൻ എറിഗെയ്സി), വനിതാ വിഭാഗം ബോർഡ് 3 വ്യക്തിഗത സ്വർണമെഡൽ (ദിവ്യ ദേശ്‌മുഖ്), വനിതാ വിഭാഗം ബോർഡ് 4 വ്യക്തിഗത സ്വർണമെഡൽ (വന്ദിക അഗ്രവാൾ) എന്നിവർ നേടി. അഞ്ചുതവണ ലോകകിരീടം ചൂടിയ ആനന്ദും ലോക വനിതാ റാപ്പിഡ് ചാമ്പ്യൻഷിപ് നേടിയ കൊണേരു ഹമ്പിയും വിവിധ പ്രായവിഭാഗത്തിൽ ലോക, ഏഷ്യൻ കിരീടങ്ങൾ നേടിയ നൂറുകണക്കിന് ബാലപ്രതിഭകളും (കേരളത്തിന്റെ നിഹാൽ സരിനടക്കം) 85 ഗ്രാൻഡ്മാസ്റ്റർമാരും 124 ഇന്റർനാഷണൽ മാസ്റ്റർമാരും ഇന്ത്യൻ ചെസിന്റെ നക്ഷത്രശോഭയ്‌ക്ക് മാറ്റുകൂട്ടുന്നവരിൽപ്പെടുന്നു.

ലോക ചെസിലെ ഏറ്റവും കരുത്തരും ആപൽക്കാരികളുമായ പ്രതിയോഗികൾ ഇന്ത്യൻ യുവതാരങ്ങളാണെന്ന് ലോക ഒന്നാംറാങ്കുകാരൻ മാഗ്നസ് കാൾസൺ പറഞ്ഞത് ശ്രദ്ധേയമാണ്.

ടൊറൻഡോയിൽ നടന്ന ലോക കാൻഡിഡേറ്റ്സ് ചെസ് ചാമ്പ്യൻഷിപ് ദർശിച്ച ‘ഇന്ത്യൻ ഭൂമികുലുക്ക’ത്തിന്റെ (കാസ്പറോവിന്റെ വിശേഷണം) ചാലകശക്തികൾ അഞ്ച് ഇന്ത്യൻ താരങ്ങളായിരുന്നു (ഗുകേഷ്, പ്രഗ്നാനന്ദ, വിദിത്, ഹമ്പി, വൈശാലി). ലോകകിരീട ചലഞ്ചറായ ഗുകേഷ് നവംബറിൽ സിംഗപ്പൂരിൽ നടക്കുന്ന അന്തിമപോരാട്ടത്തിൽ നിലവിലെ ലോക ചാമ്പ്യൻ ഡിങ് ലിറനെ (ചൈന) കീഴ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്. ഒരു പതിനെട്ടുകാരൻ ലോകകിരീടം ശിരസ്സിലണിയുന്ന ദിനം ഇന്ത്യൻ ചെസ് വിപ്ലവം അതിന്റെ പാരമ്യത്തിലെത്തും.

സംഘടനാപരമായ ന്യൂനതകളെയെല്ലാം (നോന ഗ്രപ്രിൻഷാവ് ലി കപ്പിന്റെ തിരോധാനം, കഴിഞ്ഞ അഖിലേന്ത്യ ചെസ് ഫെഡറേഷൻ ഭാരവാഹികൾക്കെതിരെ സാമ്പത്തികക്രമക്കേട് ആരോപിച്ചുള്ള അന്വേഷണം തുടങ്ങിയ നിരവധി അന്തർനാടകങ്ങൾ) മറികടന്നാണ് ഇന്ത്യൻ ചെസ് താരങ്ങൾ ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറുന്നത്. അത് അവരുടെ ആത്മാർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും നിർഭയത്വത്തിന്റെയും സുവ്യക്തമായ പ്രതിഫലനംതന്നെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments