തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാലു ദിവസം ഇടവേളകളോട് കൂടിയ സാധാരണ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്ധ്രാതീരത്തിന് മുകളിലുള്ള ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
രാജസ്ഥാന് മുകളിലുള്ള ന്യൂനമർദ്ദവും അറബിക്കടലിൽ ഒമാൻ തീരത്തിന് സമീപമുള്ള ന്യൂന മർദ്ദവും ചക്രവാതച്ചുഴികളായി ശക്തി കുറഞ്ഞു. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് അറിയിപ്പ്.
സംസ്ഥാനത്ത് ഞായറാഴ്ചയാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ സെപ്റ്റംബർ എട്ടിന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഈ കാലവർഷത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ കണ്ണൂർ പന്ത്രണ്ടാമതാണ്. മാഹി പതിനാറാമതും കാസർകോട് 23 ാമതുമാണ് പട്ടികയിൽ. ജ്യത്ത് കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ മുന്നിൽ മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽ ആണ്.
മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
ഏട്ടാം തിയതി വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിന്‍റെ മിക്ക ഭാഗങ്ങളും , തെക്കു പടിഞ്ഞാറൻ അറബിക്കടലിന്‍റെ പടിഞ്ഞാർ ഭാഗങ്ങൾ , എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മീവരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടൽ , മധ്യ ബംഗാൾ ഉൾക്കടൽ , എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മധ്യ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങളും , വടക്കൻ ആന്ധ്രാപ്രദേശ് തീരം,ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങശിൽ മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.