Tuesday, September 17, 2024
Homeസ്പെഷ്യൽഅദ്ധ്യാപകദിനം.

അദ്ധ്യാപകദിനം.

അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി ആചരിക്കുന്നു.

ഇന്ത്യയിൽ
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.

കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.

സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.

അസ‍ർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.

ഏറ്റവും മഹത്ത്വമേറിയ ജോലികളിൽ ഒന്നാണ് അധ്യാപനം. അധ്യാപകരിലൂടെയാണ് ഉയർന്ന മൂല്യങ്ങളുള്ളവരും അറിവുള്ളവരുമായ ഒരു തലമുറ ഉദയം ചെയ്യുന്നത്. അതിനാൽ തന്നെ ഈ പ്രവൃത്തിയെയും ഇത് ചെയ്യുന്നവരെയും ആദരിക്കുന്നതിനായി മിക്ക രാജ്യങ്ങളും അധ്യാപകദിനം ആഘോഷിക്കാറുണ്ട്. ഇന്ത്യയിൽ മുൻ രാഷ്​ട്രപതി ഡോ. എസ്​. രാധാകൃഷ്​ണന്റെ ജന്മദിനമായ സെപ്​റ്റംബർ അഞ്ച്​ ആണ് അധ്യാപക ദിനമായി ആഘോഷിക്കുന്നത്. മൂല്യങ്ങൾ കാത്തുസൂക്ഷിച്ച ഒരു മഹാവ്യക്തിയും വിദ്യാർഥികളുടെ ഒരു നല്ല അധ്യാപകനും ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിെൻറ ആഗ്രഹപ്രകാരമാണ് സെപ്​റ്റംബർ അഞ്ച്​ എല്ലാ അധ്യാപകർക്കും വേണ്ടി മാറ്റിവെക്കപ്പെട്ടത്.

എന്താണ് അധ്യാപനത്തിന്റെ ഉദ്ദേശ്യം​? ഈചോദ്യത്തിന്റെ യഥാർഥ ഉത്തരം മനസ്സിലാക്കുന്നയാളാണ് മികവുള്ള അധ്യാപകന്‍ എന്നുപറയാം. നല്ല വ്യക്തിത്വം, സംസ്‌കാരം, പെരുമാറ്റം, വൈകാരികസ്ഥിരത, സാമൂഹിക പ്രതിബദ്ധത, മൂല്യബോധം, ഉണര്‍വ് എന്നിവയെല്ലാം അധ്യാപകനെ മികവുള്ളവനാക്കുന്നു.
കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ളയാളാവണം അധ്യാപകന്‍. Education, Inspiration and Guidance എന്നിവയാണ് ഒരധ്യാപകന്റെ പ്രധാന മുഖമുദ്രകള്‍. പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും അവ ത​ന്റെ കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ കുട്ടികളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ അധ്യാപകന് കഴിയണം. അധ്യാപനത്തിന്റെ
നൂതന ആശയങ്ങള്‍ സ്വാംശീകരിച്ച് പുതിയ സാങ്കേതികതയുടെ സഹായത്തോടെ പഠിപ്പിക്കാന്‍ അധ്യാപകന് കഴിയണം.

വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിയ സെന്‍സ് അധ്യാപകന് ഉണ്ടാകണം. ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും വ്യവച്ഛേദിക്കാന്‍ അധ്യാപകന് കഴിയണം. ആരെയാണ് താന്‍ പഠിപ്പിക്കേണ്ടത്, തന്റെ കുട്ടികള്‍ ഏതു തരത്തിലുള്ളവരാണ് തുടങ്ങിയ കാര്യങ്ങള്‍ അധ്യാപകര്‍ തിരിച്ചറിയേണ്ടതുണ്ട്.

അധ്യാപകന്‍ തന്നോടു തന്നെ ചോദിക്കേണ്ട ഒരു പ്രധാന ചോദ്യമാണ് താന്‍ കുട്ടികളെ എന്താണ് പഠിപ്പിക്കേണ്ടത് എന്നത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് അധ്യാപകന്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടത്. ക്ലാസിലെത്തുന്നതിനു മുമ്പ്​ താന്‍ ഇന്ന് എന്തു പഠിപ്പിക്കും എന്ന് തീരുമാനിക്കുകയും അതിനു വേണ്ട സാമഗ്രികള്‍ തയാറാക്കി ക്ലാസിലെത്തുകയുമാണ് ആദ്യം വേണ്ടത്. താന്‍ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പാഠഭാഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള അധ്യാപകനു മാത്രമേ ആ പാഠഭാഗം വ്യക്തമായി ക്ലാസില്‍ അവതരിപ്പിക്കാനാകൂ. താന്‍ എന്തു പഠിപ്പിക്കണം, എങ്ങനെ ക്ലാസ് നയിക്കണം, എന്തൊക്കെ ചോദ്യങ്ങളാണ് കുട്ടികളോട് ചോദിക്കേണ്ടത്, ഇതിനൊക്കെയായി എന്തൊക്കെ സാമഗ്രികള്‍ ഒരുക്കണം, ആരുടെയെല്ലാം സഹായം ആവശ്യമാണ് തുടങ്ങിയവ ഓരോ ദിവസവും നടത്തേണ്ട തയാറെടുപ്പുകളാണ്. അത് കൃത്യമായി നിർവഹിക്കുന്ന അധ്യാപകര്‍ക്ക് ക്ലാസില്‍ കുട്ടികളുടെ മുന്നില്‍ പാഠഭാഗങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നതില്‍ സംശയം വേണ്ട.

കുട്ടികള്‍ക്ക് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതുപോലെ അധ്യാപകനും വിവിധ നൈപുണികള്‍ ഉണ്ടാകേണ്ടതുണ്ട്. വിവിധ നൈപുണികള്‍ ഉള്‍ക്കൊണ്ടുള്ള അധ്യാപകന് മറ്റുള്ള അധ്യാപകരില്‍നിന്ന്​ വ്യത്യസ്തനാകാനാകും. എന്തൊക്കെയായിരിക്കണം ആ നൈപുണികള്‍? അധ്യാപകന് ശുഭാപ്തി വിശ്വാസവും പോസിറ്റിവ്​ മനോഭാവവും ഉണ്ടാകണം. പ്രത്യേകിച്ച് ത​െൻറ കുട്ടികളോടും സഹപ്രവര്‍ത്തകരോടും മാന്യമായി പെരുമാറാന്‍ അധ്യാപകന് കഴിയണം.

രക്ഷിതാക്കളുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിയുന്ന വ്യക്തിയാവണം അധ്യാപകന്‍. മാറിവരുന്ന പഠന-പാഠ്യരീതികള്‍ ഉള്‍ക്കൊള്ളാന്‍ അധ്യാപകന്‍ സന്നദ്ധനാകണം. എല്ലാ കുട്ടികളെയും ജയിപ്പിക്കുക എന്നതല്ല അധ്യാപക​െൻറ കഴിവ് എല്ലാ കുട്ടികളെയും നല്ല ഗ്രേഡിലും ഗുണനിലവാരത്തിലും എത്തിക്കുക എന്നതാകണം.

കുട്ടികളുടെ ആവശ്യങ്ങളറിഞ്ഞ് അവരെ നയിക്കുക എന്നതാണ് അധ്യാപക​ന്റെ മറ്റൊരു കര്‍ത്തവ്യം. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ക്ലാസിലുണ്ടെങ്കില്‍ അവരോട് ഇടപെടാന്‍ അധ്യാപകന്‍ സന്നദ്ധനായിരിക്കണം. നർമത്തിന്റെ ഭാഷയാണ് അധ്യാപകന് അനുയോജ്യം.

ക്ലാസിനെക്കുറിച്ചും ത​ന്റെ വിഷയത്തെകുറിച്ചും വ്യക്തമായ ആസൂത്രണമുള്ള വ്യക്തിയായിരിക്കണം അധ്യാപകന്‍. പ്രതിബന്ധങ്ങളെ തട്ടിമാറ്റി മുന്നേറാന്‍ കഴിയുന്ന വ്യക്തിയായിരിക്കണം അധ്യാപകന്‍. ത​ന്റെ വിഷയത്തിലുള്ള പാണ്ഡിത്യമാണ് അധ്യാപക​ന്റെ അനിവാര്യത. അത്തരക്കാര്‍ക്ക് അത് കുട്ടികള്‍ക്ക് വേണ്ടരീതിയില്‍ പകര്‍ന്നുനല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

അധ്യാപകന്‍ എന്നും ഒരു വിദ്യാർഥിയാകണം. അധ്യാപകനു അവശ്യം വേണ്ട കഴിവാണ് റിഫ്ലക്​ഷന്‍ (പുനരാലോചന/പുനര്‍ചിന്തനം). അധ്യാപനം ഫലപ്രദവും പൂർണവുമാകണമെങ്കില്‍ ഉണ്ടാകേണ്ട പ്രധാന കഴിവാണ് പുനര്‍ചിന്തനം. ഇത് ഒരു പ്രതിഫലനം കൂടിയാണ്. തന്റെ ക്ലാസ്‌റൂം പ്രവര്‍ത്തനത്തില്‍ എന്തെല്ലാം ശരിയായി, എവിടെയെങ്കിലും പാളിച്ചകളുണ്ടായോ, എന്തെല്ലാം മാറ്റങ്ങളാണ് അടുത്ത തവണ വരുത്തേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ അധ്യാപകനില്‍ ഉണര്‍ത്താന്‍ റിഫ്ലക്​ഷന്​ കഴിയും. ഒരു ക്ലാസ്‌ റൂം പ്രവര്‍ത്തനം പരാജയമായിരുന്നുവെങ്കില്‍, എന്തുകൊണ്ട് മറ്റൊരു രീതിയില്‍ ആ പ്രവര്‍ത്തനം നല്‍കിക്കൂടാ, ചില കുട്ടികളില്‍ ആ പ്രവര്‍ത്തനത്തിന്റെ ഫലം എത്തിയില്ലെങ്കില്‍ അത് എത്തിക്കുന്നതിന് മറ്റെന്ത് സഹായമാണ് നല്‍കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അധ്യാപകനെ ബോധവാനാക്കാനാണ് റിഫ്ലക്​ഷന്‍. കൂടാതെ താന്‍ ചെയ്ത് വിജയിച്ചു എന്ന് തോന്നുന്ന പ്രവര്‍ത്തനങ്ങളെയും അതി​ന്റെ രീതികളെയും മറ്റുള്ളവരുമായി പങ്കു​വെക്കാനും ഇത് സഹായിക്കുന്നു.

ഹൈടെക് ക്ലാസുകള്‍
മിക്കവാറും എല്ലാ വിദ്യാലയങ്ങളും ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുകയാണ്. എന്താണ് ഹൈടെക് ക്ലാസ്മുറിയില്‍ നടക്കേണ്ടത്. ഇവിടെയാണ് അധ്യാപകന്റെ തൊഴിലിനോടുള്ള മനോഭാവം പ്രകടമാകേണ്ടത്. ഒരു അധ്യാപകന്‍ മികച്ച വ്യക്തിയാകുന്നത് അധ്യാപനം ആനന്ദകരമാണെന്ന് കരുതുമ്പോഴാണ്. ഓ… ഇന്നും രാവിലെ പോകണമല്ലോ, എങ്ങനെയെങ്കിലും വെള്ളിയാഴ്ച വൈകുന്നേരമായാല്‍ മതിയായിരുന്നു എന്ന ചിന്ത മാറേണ്ടതുണ്ട്. തൊഴിലിലെ മികവ് സ്‌കൂളിന്റെ മികവാക്കി മാറ്റുന്നതിന് അധ്യാപകര്‍ക്ക് കഴിയണം. അതിലൂടെ സ്‌കൂളില്‍ മികവ് മറ്റുള്ളവരുമായി പങ്കു​വെക്കാനും അധ്യാപകന് കഴിയണം.

ക്ലാസ്മുറിയിലെ പ്രവര്‍ത്തനങ്ങള്‍ ആനന്ദകരവും ആയാസരഹിതവുമാക്കാന്‍ ഹൈടെക് ക്ലാസുകള്‍ക്ക് കഴിയും. അതിന് അധ്യാപകന്‍ തയാറെടുപ്പുകള്‍ നടത്തണം. ഉപകരണങ്ങള്‍, അവയുടെ ഉപയോഗം, പ്രവര്‍ത്തനം എന്നിവ അറിയുകയാണ് ആദ്യം വേണ്ടത്. താന്‍ ക്ലാസില്‍ കൈകാര്യംചെയ്യാന്‍ ഉദ്ദേശിക്കുന്ന പഠനപ്രവര്‍ത്തനത്തെ ലഘൂകരിക്കാനും കുട്ടികള്‍ക്ക് അത് വേഗത്തില്‍ ഹൃദ്യസ്ഥമാക്കാനും കഴിയുന്ന വിഡിയോകള്‍, ഓഡിയോകള്‍, സിനിമാശകലങ്ങള്‍, ടെക്​സ്​റ്റുകള്‍ ഇവ കണ്ടെത്തി/തയാറാക്കി വെക്കണം. അവ അനുയോജ്യമായ സമയത്ത് ഉപയോഗിക്കുന്നതിനും പരിചയം ആവശ്യമാണ്.

ക്ലാസ്മുറിയില്‍ അധ്യാപനം ആയാസരഹിതമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിരവധി സ്രോതസ്സുകള്‍ തുറന്നിട്ടുണ്ട്. അവ ഉപയോഗപ്പെടുത്താനും അധ്യാപകന് കഴിയണം. പുതിയ അധ്യയന വര്‍ഷത്തില്‍ ഒരു പുതിയ അധ്യാപകനായി എത്താന്‍ എല്ലാ അധ്യാപകര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments