Monday, December 30, 2024
Homeയാത്രതുംഗഭദ്രയ്ക്ക് പറയാനുള്ളത് (യാത്രാവിവരണം- ഭാഗം - 3) ✍ഡോളി തോമസ്

തുംഗഭദ്രയ്ക്ക് പറയാനുള്ളത് (യാത്രാവിവരണം- ഭാഗം – 3) ✍ഡോളി തോമസ്

ഡോളി തോമസ് ചെമ്പേരി

ആനെഗുണ്ടി എന്ന പേര് രണ്ട് വാക്കുകൾ ചേർന്നതാണ്. കന്നഡയിൽ ‘ആനെ’ എന്നാൽ ആന എന്നാണ്. ‘ഗുണ്ടി’ എന്നാൽ ‘കുഴി’ എന്നും അർത്ഥം. അതിനാൽ ‘ആനെഗുണ്ടി’ എന്നാൽ ആനകളുടെ കുഴി എന്നാണ് അർത്ഥമാക്കുന്നത്. വിജയനഗര സാമ്രാജ്യത്തിലെ രാജകീയ ആനകളെ കുളിപ്പിക്കാൻ ഉള്ള സ്ഥലമായതിനാലാണ് ഈ പേര് ലഭിച്ചത്.

ഇന്ത്യയിലെ കർണാടക സംസ്ഥാനത്തെ കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ ഹംപിയിലെ ‘ലോക പൈതൃക സ്ഥല’ത്തിൻ്റെ ഒരു ഭാഗമാണ് ആനെഗുണ്ടി ഗ്രാമം. ഹംപിയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണിത്. വടക്കൻ കന്നഡ ജില്ലയിലെ പ്രധാന നദികളിലൊന്നായ അഘനാശിനി നദിക്ക് സമീപമാണിത്. തുംഗഭദ്ര നദിയുടെ വടക്കൻ തീരത്താണ് ആനെഗുണ്ടി സ്ഥിതി ചെയ്യുന്നത്, ഹംപി അതിൻ്റെ തെക്കേ കരയിലാണ്. പമ്പ സരോവരം, രംഗനാഥ ക്ഷേത്രം, കമൽമഹൽ, നവബൃന്ദാവനം എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന കാഴ്ചകൾ.

അഞ്ജനാദ്രി കുന്ന് ഉൾപ്പെടെയുള്ള റോക്കി പർവതങ്ങളാൽ ചുറ്റപ്പെട്ടതാണ് ആനെഗുണ്ടി. തുംഗഭദ്രാ നദിയുടെ തീരത്തു വിശാലമായ ഒരു കോട്ടയും ഇതിനകത്തു ക്ഷേത്രങ്ങളുമുണ്ട്. ഗ്രാമത്തിന്റെ കവാടത്തിൽ എത്തിയപ്പോൾ അവിടെ നിന്നിരുന്ന ഒരാൾ കൈകാണിച്ചു വണ്ടി നിർത്തി. ഇവിടേക്ക് പ്രവേശനമില്ല. പോലീസും മറ്റും സ്ഥലത്തുണ്ട് എന്നു പറഞ്ഞിട്ടും അയാൾ ഞങ്ങളെ ഉള്ളിലേക്ക് കൊണ്ടുപോയി. അവിടെച്ചെന്നപ്പോൾ കോട്ടയുടെ കവാടം പൂട്ടിയിരിക്കുന്നു. അകത്തു രണ്ടു പൊലീസുകാർ നിൽക്കുന്നുണ്ട്. എന്നിട്ടും നദിക്കരയിലെ കോട്ടമതിൽ തീരുന്ന ഭാഗത്തെ പാറയുടെ മുകളിൽക്കൂടി വലിഞ്ഞുകയറിയും ഊർന്നിറങ്ങിയും സഞ്ചാരികൾ അകത്തേയ്ക്ക് കടക്കുന്നത് പോലീസ് നോക്കിനിൽക്കുന്നതല്ലാതെ തടയുന്നില്ല. ഞങ്ങളും ഇതിന് മുകളിൽ വലിഞ്ഞു കയറി ഇപ്പുറം കടന്നു. എല്ലാവരും കയറുന്നതുകണ്ടപ്പോൾ അതായിരിക്കും വഴിയെന്ന് ധരിച്ചാണ് കയറിയത്. അപ്പുറം എത്തിയപ്പോളാണ് കാര്യം എന്തെന്നറിയുന്നത്. അപ്പോളും നേരെ എതിർവശത്തുള്ള കൂറ്റൻ പാറയുടെ വശങ്ങളിൽ അള്ളിപ്പിടിച്ചു കയറി താഴേയ്ക്ക് നിരങ്ങിയിറങ്ങുന്നവരെയും കാണാമായിരുന്നു.

കനത്ത നീരൊഴുക്ക് മൂലം നദിയിലെ ഡാമിന്റെ ഷട്ടർ തകർന്നു വെള്ളം വന്നുകൊണ്ടിരിക്കുന്നു. ഇക്കാര്യം അറിഞ്ഞത് തിരിച്ചു ബാംഗ്ലൂർ എത്തി വാർത്ത കണ്ടപ്പോളാണ് എന്നുമാത്രം. കരയിലുള്ള ഒരു ക്ഷേത്രമോ മണ്ഡപമോ എന്തെന്നറിയില്ല അതിന്റെ മുകൾഭാഗം മാത്രമേ വെള്ളത്തിന് മുകളിലുള്ളു. എന്നിട്ടും ഇവിടെ നദിയിൽ അതിസാഹസികമായി പാറപ്പുറത്തു കയറി നിന്നും ഇരുന്നും ഫോട്ടോയെടുക്കുന്നവരേയും ഇറങ്ങി കുളിക്കുന്നവരേയും കാണാമായിരുന്നു. ഇതിനിടയിൽ തറ്റുടുത്ത പൂജാരിമാർ പൂജാദ്രവ്യങ്ങളുമായി വന്ന് വെള്ളത്തിൽ മുങ്ങി പൂജചെയ്യുന്നു. കാണുമ്പോൾത്തന്നെ ഭയം തോന്നുന്ന കാഴ്ചകൾ. ഒരു സ്ത്രീ കുത്തനെയുള്ള പാറയിൽ ഇറങ്ങി വെള്ളത്തിലേക്ക് ആഞ്ഞു നിൽക്കുമ്പോൾ ഒരു പുരുഷൻ അവരുടെ വിരലിൽ പിടിച്ചു വീഴാതെ നിർത്തി ഒരുകൈകൊണ്ടു ഫോട്ടോ എടുക്കുന്നത് പോലീസ് നോക്കി നിൽക്കുന്നു. കൈവിരലിലെ പിടി അയഞ്ഞാൽ സ്ത്രീ നദിയിലെ കുത്തൊഴുക്കിലേയ്ക്ക് കൂപ്പുകുത്തും. ഞങ്ങൾ കുറച്ചുസമയം അവിടെ നിന്നിട്ട് തിരിയെപ്പോരാൻ ഒരുങ്ങുമ്പോൾ പോലീസുകാർ വന്നു ഗേറ്റ് തുറന്നു അവർ പുറത്തുകടന്നു എന്താണെന്നറിയില്ല ഞങ്ങളെ മാത്രം അതിലൂടെ പുറത്തേയ്ക്ക് കടത്തിയിട്ട് ഗേറ്റ് പൂട്ടി അവർ സ്ഥലം വിട്ടു.

കിഷ്കിന്ധ എന്നറിയപ്പെട്ടിരുന്ന ആനെഗുണ്ടിക്ക് ഹംപിയേക്കാൾ പഴക്കമുണ്ട്
അശോക സാമ്രാജ്യത്തിൻ്റെ കീഴിലായിരുന്ന ബിസി മൂന്നാം നൂറ്റാണ്ടിലാണ് അനെഗുണ്ടി ചരിത്രം ആരംഭിക്കുന്നത് . 1334-ൽ അനെഗുണ്ടിയുടെ മുഖ്യമന്ത്രിയായ ദേവ രായ ഭരണാധികാരിയായി. ഡൽഹി സുൽത്താൻമാർ വാറംഗൽ ആക്രമിച്ചപ്പോൾ , ഹരിഹരയും ബുക്കയും രക്ഷപ്പെട്ട് ആനെഗുണ്ടിയിലെത്തി, പിന്നീട് ഹംപിയിൽ വിജയനഗര സാമ്രാജ്യം സ്ഥാപിച്ചു . വിജയനഗര രാജാക്കന്മാർ ഓരോ യുദ്ധത്തിനും മുമ്പ് ദുർഗ്ഗാ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും പമ്പ സരോവരവും ശ്രീ ലക്ഷ്മി ക്ഷേത്രവും സന്ദർശിക്കുകയും ചെയ്തിരുന്നു. വിജയനഗര സാമ്രാജ്യത്തിൻ്റെ രാജപിൻഗാമികൾ ഇപ്പോഴും അനെഗുണ്ടിയിൽ ഉണ്ട്.
സമീപ ഗ്രാമമായ നിംവപുരത്ത്, കുരങ്ങൻ രാജാവായ ബാലിയെ ദഹിപ്പിച്ച അവശിഷ്ടമാണെന്ന് വിശ്വസിക്കപ്പെടുന്ന ചാരം ഉണ്ടെന്നു പറയപ്പെടുന്നു.

ഹമ്പിയിലെ അവസാന സന്ദർശനസ്ഥലമായ മല്യവന്ത ഹിൽസിലേയ്ക്കാണ് അവിടുന്ന് ഞങ്ങൾ പോയത്. ഇവിടെ ഒരു കോട്ടമതിലും അതിനുള്ളിൽ ക്ഷേത്രസമുച്ചയങ്ങളുമുണ്ട്. ഇവിടേക്ക് കടക്കാൻ നിരവധി ശില്പങ്ങളാൽ അലംകൃതമായ ഒരു ഗോപുരവാതിലുണ്ട്.

കിഴക്കൻ രാജ്യമായ ഉദയഗിരി അല്ലെങ്കിൽ ഉത്കല (ഇന്നത്തെ ഒറീസ്സയിൽ) കീഴടക്കിയതിൻ്റെ ആഘോഷത്തിനായി 1513 ൽ കൃഷ്ണദേവരായ പണികഴിപ്പിച്ചതാണ് കൃഷ്ണക്ഷേത്രം. ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാന വിഗ്രഹം ബാലകൃഷ്ണൻ്റെ രൂപമായിരുന്നു. ഈ വിഗ്രഹം ഇപ്പോൾ ചെന്നൈയിലെ സ്റ്റേറ്റ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ക്ഷേത്രത്തിൻ്റെ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു കൂറ്റൻ
കരിങ്കൽപ്പാളിയിലെ ശിലാലിഖിതങ്ങൾ ഈ കഥ പറയുന്നു.

തൂണുകളിലും ക്ഷേത്രമണ്ഡപത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലും ആനകളുടെ ശിൽപ്പങ്ങൾ കൊത്തുപണികളാൽ അലങ്കരിച്ച യലിസ് (പുരാണത്തിലെ സിംഹം) ഇവ വളരെ മനോഹരമാണ്. നിരവധി ചെറിയ ആരാധനാലയങ്ങളും തൂണുകളുള്ള ഹാളുകളും ഈ കോട്ടയുടെ അകം അലങ്കരിക്കുന്നു. മഹാവിഷ്ണുവിൻ്റെ 10 അവതാരങ്ങളുടെ കൊത്തുപണികൾ ഈ ക്ഷേത്രത്തിൽ കാണാം.

ഗോപുരത്തിൻ്റെ ചുവരുകളിൽ ഇതിഹാസ കഥകൾ കൊത്തിയ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണിത്. വിജയനഗര കാലഘട്ടത്തിലെ ഒരു ക്ഷേത്രത്തിൻ്റെ കേടുപാടുകൾ കൂടാതെയുള്ള മാതൃകയാണിത്.

റോഡിന് കുറുകെയുള്ള ക്ഷേത്രത്തിന് മുന്നിൽ ചതുരാകൃതിയിലുള്ള കല്ല് പാത്രമുള്ള ഒരു ചെറിയ പവലിയൻ സ്ഥിതിചെയ്യുന്നു. ക്ഷേത്രോത്സവങ്ങളിൽ ആചാരപരമായ ആവശ്യങ്ങൾക്കായി ധാന്യങ്ങൾ സൂക്ഷിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. പാത്രത്തിൻ്റെ സ്ഥാനവും രൂപകല്പനയും സൂചിപ്പിക്കുന്നത് ഭക്തർ ക്ഷേത്രത്തിൽ വഴിപാടായി ഭക്ഷ്യധാന്യം സംഭാവന ചെയ്യാറുണ്ടായിരുന്നു എന്നാണ്.

അങ്ങാടിത്തെരുവിലെ കടകളായിരുന്നു നീണ്ട പവലിയനുകൾ. ഈ നീണ്ട നിർമ്മിതികളിലൂടെ നടക്കുമ്പോൾ, ഒരു ടാങ്കിനും സമീപം കല്യാണി എന്നറിയപ്പെടുന്ന ആകർഷകമായ ക്ഷേത്രക്കുളത്തിലും എത്തിച്ചേരും.

ഗംഭീരമായ വാസ്തുവിദ്യയ്ക്ക് പേരുകേട്ട ചണ്ഡികേശ്വര ക്ഷേത്രം വിജയനഗര സാമ്രാജ്യത്തിൻ്റെ കാലത്ത് നിർമ്മിച്ചതാണ്. ഹംപിയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നായി ഇതിനെ മാറ്റുന്നു. മുൻവശത്ത് ഒരു വലിയ ഹാൾ ഉണ്ട്. ക്ഷേത്രത്തിൻ്റെ വാസ്തുവിദ്യയുടെ ഏറ്റവും ആകർഷണീയമായ ഭാഗം മുൻഭാഗത്തെ ഹാളിൽ കൊത്തിയെടുത്ത തൂണുകളാണ്. ഓരോ തൂണും വാസ്തുവിദ്യയുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. കൂറ്റൻ കല്ലുകൾ കൊണ്ട് അതിമനോഹരമായ രീതിയിലാണ് ഓരോ തൂണും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള നിരവധി വിഷയങ്ങൾ ചിത്രീകരിക്കുന്ന ഈ തൂണുകൾ സന്ദർശകർക്ക് ഒരു വിരുന്നാണ്. ക്ഷേത്രത്തിൽ വിഗ്രഹങ്ങളൊന്നുമില്ല

മല്യവന്ത രഘുനാഥ ക്ഷേത്രം.

16-ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വിജയനഗര രാജാവായ ശ്രീകൃഷ്ണദേവരായ കിഴക്കും തെക്കുമായി 2 പ്രവേശന ഗോപുരങ്ങളോടെ നിർമ്മിച്ച ക്ഷേത്ര സമുച്ചയം. അലങ്കാരങ്ങളോടുകൂടിയ ഉയരമുള്ള തൂണുകൾ, കൊത്തിയെടുത്ത മച്ചുകൾ അതിമനോഹരമായ ശിൽപങ്ങൾ എന്നിവയാൽ ക്ലാസിക്കൽ വിജയനഗര ശൈലിയിലാണ് ക്ഷേത്രം.

കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിൽ 2 ഗോപുരങ്ങൾ, പൂമുഖം, വലിയ തൂണുകളുള്ള മണ്ഡപം, കല്യാണ മണ്ഡപം വലിയ നടുമുറ്റങ്ങളും ചുറ്റും വലിയ കോട്ടയുടെ തൂണുകളുള്ള മണ്ഡപങ്ങൾ എന്നിവ ഉൾപ്പെടുന്നു.

മഴക്കാലത്ത് ശ്രീരാമനും ലക്ഷ്മണനും താമസിച്ചിരുന്ന ഗുഹയാണ് ക്ഷേത്ര സമുച്ചയത്തിലുള്ളതെന്നു വിശ്വസിക്കപ്പെടുന്നു. ഇവിടെ ദിവസവും പുലർച്ചെ മുതൽ സന്ധ്യവരെ ശ്രീരാമചരിതം പാരായണം ചെയ്യപ്പെടുന്നുണ്ട്. ആ മണ്ഡപത്തിൽ കാവിവസ്ത്രങ്ങൾ ധരിച്ച ധാരാളം ആളുകൾ ശ്രീരാമചരിതം ശ്രവിച്ചുകൊണ്ട് ഇരിക്കുന്നത് കണ്ടു.

പിന്നിലെ പടിഞ്ഞാറ് ഭാഗത്തെ പുറം ഭിത്തിയിൽ ഒരു വാതിലുണ്ട്, പുറകിലുള്ള ശിവക്ഷേത്രത്തിലേക്കും വ്യൂ പോയിൻ്റിലേക്കുമുള്ളതാണ് ആ വാതിൽ. വ്യൂ പോയിൻ്റിൽ വളരെക്കുറച്ചാളുകളെയുള്ളൂ. രണ്ടു സന്യാസിമാർ വളോഗ് ചെയ്യുന്നതും ഒന്നോരണ്ടോ സ്ത്രീപുരുഷന്മാരും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
അപകടകരമായ ഒരു പാറയ്ക്കു മുകളിലൂടെ ഈ സ്ത്രീപുരുഷന്മാർ അതിസാഹസികമായി പാറയ്ക്കു പിന്നിലേയ്ക്ക് കയറിപ്പോകുന്നത് കണ്ടു.

പാറകൾ നിറഞ്ഞ കുന്നുകളും, താഴ്‌വരകളും, പച്ചവിരിച്ച വയലുകളും, വരമ്പുകളിലും വയലുകളിലൂടെയും കടന്നുപോകുന്ന പാതകളും നൂലുപോലെ കാണാം. ചുറ്റും ചിതറിക്കിടക്കുന്ന ഹംബിയുടെ എണ്ണമറ്റ സ്മാരകങ്ങൾ ഒരു ആകാശക്കാഴ്ചയാകുന്നു ഇവിടെ. ഭീമാകാരമായ പാറക്കെട്ടിനു മുകളിൽ വെള്ള പൂശിയ ദേവാലയ ഗോപുരം സ്ഥിതിചെയ്യുന്നു. അതിനു താഴെയുള്ള ശ്രീകോവിലിൽ ഒരു ശിവലിംഗമുണ്ട്.

രാവണൻ, സീതയെ വനത്തിൽ നിന്ന് പിടിച്ചുകൊണ്ടുകൊണ്ടുപോയപ്പോൾ, ജടായു സീതയെ രക്ഷിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. തട്ടിക്കൊണ്ടുപോയ സീതയെ ഇന്നത്തെ ഹംപിയിൽ കിഷ്കിന്ധയ്ക്ക് മുകളിലൂടെ കൊണ്ടുപോകുമ്പോൾ, രാജ്ഞി തൻ്റെ ആഭരണങ്ങൾ ഈ പാറയിൽ അടയാളമായി ഉപേക്ഷിച്ചുവെന്നും വിശ്വാസമുണ്ട്. ഈ ആഭരണങ്ങൾ സുഗ്രീവൻ കണ്ടെത്തിയെന്നും പറയപ്പെടുന്നു.

ശ്രീകോവിലിനു തൊട്ടുമുന്നിൽ, നിരപ്പായ പാറക്കെട്ടിൽ കൊത്തിയെടുത്ത നന്ദി പ്രതിമകളും ശിവലിംഗങ്ങളും കാണാൻ കഴിയും. ഈ കൊത്തുപണികളെത്തമ്മിൽ വേർതിരിക്കുന്ന ഒരു പിളർപ്പ്, വെള്ളം നിറഞ്ഞു കിടക്കുന്നത് കാണാം, ജലം ലഭിക്കാതെ വന്നപ്പോൾ ലക്ഷ്മണൻ അമ്പെയ്തുണ്ടായ വിളളലാണ് ഇതെന്നും ശ്രീരാമന്റെ അമ്പു വീണുണ്ടായതാണെന്നും രണ്ടു വിശ്വാസമുണ്ട്. പാറയുടെ
പടിഞ്ഞാറോട്ടുള്ള ചരിവ് കാരണം, സൂര്യാസ്തമയം ആസ്വദിക്കാൻ പറ്റിയ സ്ഥലമാണിത്. പക്ഷേ ഞങ്ങൾക്ക് അത് കാണണമെങ്കിൽ നാലു മണിക്കൂറെങ്കിലും അവിടെ ചെലവഴിക്കേണ്ടിവരും. വൈകിട്ട് തിരിച്ചുപോരുകയും ചെയ്യേണ്ടതിനാൽ കുറച്ചുസമയം കഴിഞ്ഞപ്പോൾ അവിടുന്ന് ഇറങ്ങി.

അൽപ്പം ഒറ്റപ്പെട്ടെങ്കിലും മാല്യവന്ത കുന്നിലെത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. കാഴ്ചകളുടെ ഒരു മഹാസാഗരമാണ് ഹമ്പി. ചരിത്രവും ഐതീഹ്യവും ഇഴപിരിഞ്ഞുകിടക്കുന്ന പ്രദേശം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടു കൂടിയാണ് ഇവിടം സഞ്ചാരികളെ ആകർഷിക്കുന്നത്.

അപ്രതീക്ഷിതമായ ഒരു യാത്രയുടെ ഓർമ്മകളും പേറി തിരിയെ റെയിൽവേ സ്റ്റേഷനിൽ എത്തി. തുംഗഭദ്രാ അണക്കെട്ട് കൂടി കാണാനാകുമോ എന്ന് അന്വേഷിച്ചപ്പോൾ ആ സമയത്തെ അപകടകരമായ സാഹചര്യങ്ങൾ മൂലം സന്ദർശകരെ കടത്തിവിടുന്നില്ല എന്നറിഞ്ഞു. പ്രകൃതിയിലെ അത്ഭുതങ്ങൾ ഒളിപ്പിച്ചുവെച്ച നമ്മുടെ രാജ്യത്ത് ഇനിയും എത്രയോ സ്ഥലങ്ങൾ കാണാനുണ്ടാകും അതിൽ കുറച്ചെങ്കിലും ഇതുപോലെ സന്ദർശിക്കാനാകുമോ എന്ന സന്ദേഹത്തോടെയായിരുന്നു മടക്കം.

ഇനി അല്പം ഭൂമിശാസ്ത്രം.

ലോകത്തിലെ ഏറ്റവും പഴക്കമേറിയതും സുസ്ഥിരവുമായ ഭൂമിശാസ്ത്ര ഘടനകളിലൊന്നായ ഡെക്കാൻ പീഠഭൂമിയിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. ധാർവാർ ക്രറ്റോൺ എന്നറിയപ്പെടുന്ന പ്രദേശത്തിൻ്റെ ഭാഗമായ ഈ പീഠഭൂമിയിൽ ഏകദേശം 2.5 ബില്യൺ വർഷം പഴക്കമുള്ള പാറകളാണുള്ളത്. ഈ പാറകളെ ‘യംഗർ ഗ്രാനൈറ്റ്സ്’ എന്ന് വിളിക്കുന്നു,

കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് കാറ്റിന് കരിങ്കൽ ശിൽപം നിർമ്മിക്കാൻ കഴിയുമെന്ന് സങ്കൽപ്പിക്കുക പ്രയാസമാണ്, പക്ഷേ ഹംപിയിൽ സംഭവിച്ചത് അതാണ്. ഗ്രാനൈറ്റ് കഠിനമാണെങ്കിലും കാറ്റിന് സാവധാനം രൂപപ്പെടുത്താൻ കഴിയുന്ന ദുർബലമായ മാനങ്ങളുണ്ട്. കരിങ്കല്ലല്ല, മറ്റെന്തെങ്കിലും പാറയായിരുന്നെങ്കിൽ, അത് ഇത്രയധികം താഡനം കൊണ്ട് പൂർണ്ണമായും നശിക്കുകയും ഒരു ബില്യൺ വർഷങ്ങൾക്ക് ശേഷം ഉയർന്നു നിൽക്കാൻ കഴിയാതെ വരികയും ചെയ്യുമായിരുന്നു. അത്ര ശക്തമാണ് അവിടുത്തെ കാറ്റ്. ഈ കാലാവസ്ഥയുടെ നിരന്തര പ്രവർത്തനം മൂലം പാറകൾക്കിടയിലെ മണ്ണ് ഒലിച്ചുപോകുകയും പാറകൾ അവശേഷിക്കുകയും ചെയ്തു. തുടർച്ചയായി വീശുന്ന കാറ്റിന്റെ പ്രഹരത്താൽ പാറകൾ മിനുസമുള്ള പ്രതലമായിത്തീർന്നു എന്നാണ് പഠനം പറയുന്നത്. മനോഹരമായ മലയിടുക്കുകളിലൂടെ ഒഴുകുന്ന തുംഗഭദ്ര നദി കുന്നിൻ മുകളിലെ കരിങ്കൽ രൂപങ്ങൾക്ക് കാരണമായിരുന്നില്ല.

കർണാടകത്തിലെ തുംഗഭദ്ര നദിയുടെ തീരത്താണ് ഹംപി സ്ഥിതി ചെയ്യുന്നതെന്നു പറഞ്ഞല്ലോ. പ്രധാന തൊഴിൽ കൃഷിയും, പ്രധാന വരുമാന സ്രോതസ്സ് ടൂറിസവുമാണ്. പ്രധാനമായും ഇരുമ്പയിര്, മാംഗനീസ് എന്നീ ധാതുക്കളുടെ നിക്ഷേപത്താൽ സമ്പന്നമാണ് ഈ പ്രദേശം. ചുവന്ന മണ്ണിൽ കൃഷി തഴച്ചുവളരുന്നു. ഇരുമ്പയിര്, മാംഗനീസ് എന്നിവ ഖനനം ചെയ്യുന്നത് ജോലി നൽകുകയും സമ്പത്തികരംഗം ഭദ്രമാക്കുകയും ധാതുക്കളുടെ ധാരാളിത്തം ഖനനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. നിയന്ത്രണാതീതമായി നടത്തുന്ന ഖനനം തുംഗഭദ്ര അണക്കെട്ടിനെയും ലോക പൈതൃക സ്മാരകങ്ങളെയും അപകടത്തിലാക്കുന്ന സ്ഥിതിവിശേഷം സംജാതമാക്കുന്നത് അധികാരികൾ ഒന്ന് ശ്രദ്ധിച്ചെങ്കിൽ.

(അവസാനിച്ചു)

✍ഡോളി തോമസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments