ദേവികുളം: ഇടുക്കിയിലെ ചിന്നക്കനാലിൻ്റ മണ്ണിൽനിന്ന് ‘തലമൂത്ത’ കാട്ടുകൊമ്പൻ മുറിവാലനും മടങ്ങിയതോടെ മേഖലയിൽ ചക്കക്കൊമ്പന് സർവാധിപത്യം. കാട്ടാനകളായ സിഗരറ്റ് കൊമ്പൻ ചരിഞ്ഞതിനും അരിക്കൊമ്പനെ നാടുകടത്തിയതിനും ശേഷം ചിന്നക്കനാൽ വനമേഖലയിലെ പ്രധാനികളായിരുന്നു മുറിവാലനും ചക്കക്കൊമ്പനും. പ്രായത്തിൽ മൂപ്പ് മുറിവാലനാണ്. എന്നാൽ മദമിളകിയ ചക്കക്കൊമ്പൻ്റെ പരാക്രമത്തെ ചെറുക്കാനായില്ല മുറിവാലന്.
ചക്കക്കൊമ്പനിൽ നിന്ന് കുത്തേറ്റ് നിലംപതിച്ച മുറിവാലൻ ഗുരുതരാവസ്ഥയിൽ എത്തുകയും സെപ്റ്റംബർ ഒന്നിന് പുലർച്ചെ ചരിയുകയുമായിരുന്നു.
ചക്കപ്രിയനായ ഒറ്റയാന് നാട്ടുകാരിട്ട പേരാണ് ‘ചക്കക്കൊമ്പൻ’. കാട്ടാനയുമായുള്ള ഏറ്റുമുട്ടലിൽ ആനയുടെ കടിയേറ്റ് വാൽ നഷ്ടപ്പെട്ട് മുറിവാലുമായി നടന്ന ഒറ്റയാനും നാട്ടുകാർ പേരിട്ടു, ‘മുറിവാലൻ’. ചിന്നക്കനാൻ വനമേഖലയിൽ അരിക്കൊമ്പൻ – ചക്കക്കൊമ്പൻ ഏറ്റുമുട്ടൽ പതിവ് കാഴ്ചയായിരുന്നു.
അരിക്കൊമ്പൻ കളമൊഴിഞ്ഞതോടെ, പിന്നീട് ചക്കക്കൊമ്പൻ – മുറിവാലൻ പോരായി.നിലവിൽ മദപ്പാടിലാണ് ചക്കക്കൊമ്പൻ. ഈ സാഹചര്യത്തിൽ ഡോമിനൻ്റ് സ്വഭാവം കാട്ടിത്തുടങ്ങിയ ചക്കക്കൊമ്പൻ മുറിവാലനുമായി ഏറ്റുമുട്ടുകയുമായിരുന്നു വെന്ന് ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിജി പിവി പറഞ്ഞു.
ഓഗസ്റ്റ് 21ന് ചക്കക്കൊമ്പനിൽനിന്ന് പിൻഭാഗത്തേറ്റ കുത്ത് മുറിവാലൻ്റെ നില ഗുരുതരമാക്കി. ചിന്നക്കനാൽ വിലക്ക് അറുപതുചോല ഭാഗത്ത് വീണുപോയ മുറിവാലന് വനം വകുപ്പ് സംഘം ചികിത്സ നൽകിയെങ്കിലും ജീവൻ നഷ്ടപ്പെട്ടു. ചക്കക്കൊമ്പൻ്റെ കൊമ്പ് തുളച്ചുകയറിയുണ്ടായ മുറിവാണ് മരണകാരണമെന്ന് സംശയിക്കുന്നതായി റേഞ്ച് ഓഫീസർ വ്യക്തമാക്കി.
ചക്കക്കൊമ്പൻ്റെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്ന് റേഞ്ച് ഓഫീസർ വിജി പിവി പറയുന്നു. മനുഷ്യനും വന്യമൃഗങ്ങളും ഒരുമിച്ച് ജീവിക്കുന്ന മേഖലയാണ് ചിന്നക്കനാൽ. പ്രത്യേകിച്ച് ഒരു ടെറിട്ടറി ഒറ്റയാന്മാർക്കില്ല. മദപ്പാടുള്ള ചക്കക്കൊമ്പൻ മുറിവാലനെ കണ്ടതോടെയാകാം ഏറ്റുമുട്ടിയത്. ഇരു കാട്ടാനകളും ഒരുമിച്ചുള്ള ചിത്രങ്ങൾ മുൻപ് പുറത്തുവന്നിട്ടുണ്ട്. സാധാരണ നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ആനകൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിന്നക്കനാൽ വനമേഖലയിൽനിന്ന് മുറിവാലനും യാത്രയായതോടെ ചക്കക്കൊമ്പന് മേഖലയിൽ സർവാധിപത്യമായി. മേഖലയിൽ പേരെടുത്ത് പറയാൻ ചക്കക്കൊമ്പൻ മാത്രമാണ് ഇനിയുള്ളത്. രണ്ടോ മൂന്നോ ചെറിയ കൊമ്പന്മാരും മേഖലയിലുണ്ട്.
ചരിഞ്ഞ മുറിവാലൻ്റെ പോസ്റ്റ് മോർട്ടം വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തിങ്കളാഴ്ച നടത്തും. വനത്തിൽ തന്നെ ജഡം മറവു ചെയ്യും. ആനയുടെ കൊമ്പുകൾ ദേവികുളത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റും.
പ്രായത്തിൽ ജൂനിയറാണ് അരിക്കൊമ്പൻ. മുറിവാലനും ചക്കക്കൊമ്പനും താഴെയാണ് പ്രായത്തിൽ അരിക്കൊമ്പൻ്റെ സ്ഥാനം. വലുപ്പത്തിൽ ചക്കക്കൊമ്പൻ ആണ് മുന്നിൽ. അരിക്കൊമ്പനെ നാടുകടത്തിയ ശേഷം ചിന്നക്കനാലിലെ വീടുകൾ സുരക്ഷിതമായി. അരിക്കൊമ്പൻ വീടുകൾ ആക്രമിക്കുന്നത് പതിവായിരുന്നു. കൊമ്പനെ നാടു കടത്തിയതോടെ അതൊഴിവായെന്നും റേഞ്ച് ഓഫീസർ വിജി പിവി കൂട്ടിച്ചേർത്തു.