സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർക്ക് പി.എഫിൽ നിന്ന് വായ്പയെടുക്കാനാവില്ലെന്ന സർക്കാർ നിലപാട് ദുരന്തനിവാരണത്തിൻ്റെ പേരിൽ മറ്റൊരു ദുരന്തമാണ് ക്ഷണിച്ച് വരുത്തുന്നത്. ഒരു ഉദ്യോഗസ്ഥൻ പി.എഫ് എടുക്കുന്നത് അത്രമേൽ പ്രയാസപ്പെടുമ്പോഴാണ്. ഉറ്റവരുടെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസ ചിലവ്, വീട് പണി തുടങ്ങി അടിയന്തിര ആവശ്യങ്ങൾ നിർവ്വഹിക്കേണ്ടവരുടെ കഴുത്തിന് പിടിക്കുന്നതിലൂടെ സർക്കാർ ബോധപൂർവ്വം പ്രതിഷേധങ്ങൾ ക്ഷണിച്ച് വരുത്തുകയാണ്.
വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് മറ്റുള്ളവരെപ്പോലെ തന്നെക്കൊണ്ട് സാധ്യമാകുന്ന ഒരു തുക നൽകാത്ത അധ്യാപകരും ഉദ്യോഗസ്ഥരും ഉണ്ടാകാൻ സാധ്യത കുറവാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ടയച്ചവർ തന്നെ ധാരാളമുണ്ട്. കൂടാതെ രാഷ്ട്രീയ പാർട്ടികൾ, മത- സാമൂഹിക, സന്നദ്ധ സംഘടനകൾ മുഖേനയും നൽകിയവർ ഏറെയാണ്.
ഇതിന് പുറമെ നിർബന്ധിക്കുന്നില്ലെന്ന് പറയുകയും അതേ സമയം പി.എഫ് തടഞ്ഞ് വെച്ച് വളഞ്ഞ വഴിയിലൂടെ നിർബന്ധപൂർവ്വം പിടിച്ച് വാങ്ങുകയും ചെയ്യുന്നത് ഒരു മനുഷ്യപ്പറ്റുള്ള സർക്കാറിന് യോജിച്ച നടപടിയല്ല. ആരാണ് സർക്കാറിന് ഇത്തരം വഴികൾ ഉപദേശിച്ച് കൊടുക്കുന്നത്?! അവർ ഏതായാലും സർക്കാറിനൊപ്പമല്ലെന്ന കാര്യം ഉറപ്പാണ്. ഭരണാനുകൂല സർവീസ് സംഘടനകളുടെ നിലപാട് ഇക്കാര്യത്തിൽ പ്രധാനമാണ്.