സ്കൂളിലേയ്ക്കു പോകുന്ന വഴികൾ മിക്കവാറും തന്നെ വിജനമായിരിയ്ക്കും. തീരദേശം വഴിയുള്ള ഒരു ചെമ്മൺ പാതയാണ് ഗ്രാമത്തിൽനിന്നും ദേശീയപാതയിലേക്കെത്തുവാനുള്ള മാർഗ്ഗം. വഴിയോരക്കാഴ്ച്ചകൾ എന്നു പറയുവാൻ അധികമൊന്നുമില്ല. വീടുകളൊക്കെ വളരെക്കുറവ്. സ്ക്കൂളിലേക്കു പോകുന്ന വഴിയുടെയരികിലായി വല്ല്യച്ഛൻ്റെ ബന്ധുവിൻ്റെ ഒരു ചെറിയ പല ചരക്കുകടയുണ്ട്. തൊട്ടടുത്തായി ഒരു ഇറച്ചിക്കടയും. റോഡിന് പടിഞ്ഞാറു ഭാഗത്ത് ഏറിയ പങ്കും ക്രിസ്തുമത വിശ്വാസികളായ ലത്തീൻ കത്തോലിക്ക വിഭാഗങ്ങളാണ് താമസിക്കുന്നത്. മൽസ്യബന്ധനമാണ് അവരുടെ മുഖ്യ തൊഴിൽ. അതിൽ വിദ്യാഭ്യാസമുള്ളവരും ധനസ്ഥിതിയുള്ളവരും വളരെ കുറവ്. പുരുഷന്മാർ വള്ളങ്ങളിൽ കടലിൽ പോയി കിട്ടുന്ന മൽസ്യം അവരുടെ സ്ത്രീകൾ കുട്ടയിൽ ചുമന്ന് വിൽപ്പനയ്ക്കായി വീടുകൾതോറും കൊണ്ടുവരും. അന്ന് മീനിൽ ഐസ് ചേർക്കുന്ന സംവിധാനമൊന്നുമില്ല. അതുകൊണ്ടുതന്നെ നല്ല ശുദ്ധമായ മൽസ്യമാണ് അന്നൊക്കെ കിട്ടിയിരുന്നത്. വലിയ കളങ്ങളുള്ള കൈലി വിശറി പോലെ പുറകോട്ടു ഞൊറിഞ്ഞ് പ്രത്യേകരീതിയിലാണ് കൃസ്ത്യൻ സ്ത്രീകൾ ഉടുക്കുന്നത്. വെളുത്ത നിറത്തിൽ ബ്ലൗസ് പോലെയുള്ള നീളൻ കുപ്പായമാണ് അവർ ധരി ക്കുന്നത്. ചട്ടയും മുണ്ടുമെന്നാണ് അതിന് പറയുന്നത്. ചുണ്ടുകൾ വെറ്റില കൂട്ടി മുറുക്കി ചുവപ്പിച്ച് തലയിൽ കുട്ടയുമായി അവർ ഒരു നടക്കുമ്പോൾ പിന്നിൽ കിടക്കുന്ന വിശറി പോലെയുള്ള കൈലിയുടെ ഭാഗം ഒരു പ്രത്യേക താളത്തിൽ ചലിയ്ക്കും. തലയിൽ കുട്ടയും ചുമന്ന് പെടയ്ക്കണ മീനേ ‘ മീനേ ..എന്ന് വിളിച്ച് അവർ പോകുന്നത് കാണുവാൻ ഒരു പ്രത്യേകചന്തമാണ്.അന്ന് അൻപത് പൈസ , ഒരു രൂപയൊക്കെയായിരുന്നു മീനിൻ്റെ വില. വലിയ മൽസൃങ്ങൾക്ക് പത്തു രൂപയൊക്കെയാകും. വലിയ മീനുകൾ അപൂർവ്വം പേർ മാത്രമാണു വാങ്ങുന്നത്. ഒരു തങ്കമ്മച്ചേട്ടത്തിയായിരുന്നു വീട്ടിൽ സ്ഥിരം മീൻ കൊണ്ടുവരുന്നത്. എൻ്റെ അമ്മയ്ക്ക് മീൻ വിഭവങ്ങൾ വളരെയിഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ നല്ല മീനൊക്കെ കിട്ടുമ്പോൾ തങ്കമ്മ ചേട്ടത്തി വീട്ടിൽ കൊണ്ടു വന്നു തരും. നല്ല വില കൊടുത്ത് അമ്മ അത് വാങ്ങും.എൻ്റെയമ്മ നന്നായി മൽസ്യവിഭവങ്ങൾ ഉണ്ടാക്കുമായിരുന്നു. കരിഞ്ച (തിരുത )എന്നു വിളിക്കുന്ന ഒരു തരം മീൻ അമ്മ തേങ്ങാപ്പാൽ ചേർത്ത് വളരെ രുചികരമായി ഉണ്ടാക്കുമായിരുന്നു. അമ്മ കടന്നു പോയിട്ടും അമ്മ വെയ്ക്കുന്നമീൻ കറിയുടെ ഹൃദ്യമായ ഗന്ധം മനസ്സിൽ പടർന്നുകിടക്കുകയാണ്. ചില സുഗന്ധങ്ങൾ അങ്ങനെയാണ്. ഓർമ്മകളുടെ താരള്യമുണ്ടതിന് .ഒരിയ്ക്കലും മായാതെ അതങ്ങനെ കിടക്കും നെഞ്ചിലെ ഒരു കോണിൽ.
ക്രൈസ്തവ സ്ത്രീകളൊക്കെ ഞായറാഴ്ച്ച ദിവസങ്ങളിൽ നല്ല തൂവെള്ളനിറത്തിലെ ചട്ടയും മുണ്ടും ധരിച്ച് അടുത്തുള്ള പള്ളിയിൽ പ്രാർത്ഥനയ്ക്കായി പോകും. ആ പള്ളിയിൽ നിന്നും ഞായറാഴ്ച്ച ദിവസങ്ങളിൽ പ്രശാന്തസുന്ദരമായി ഭക്തിഗാനങ്ങൾ ഒഴുകിവരും ‘പരിശുദ്ധാത്മാവേ നീയെഴുന്നെള്ളി,..എന്നുതുടങ്ങുന്ന ഒരു ഗാനത്തിൻ്റെ ഈണം ഇപ്പോഴും എൻ്റെ കാതുകളിൽ ഒരു സാന്ത്വനം പോലെ ഇടയ്ക്കിടെ അലയടിക്കാറുണ്ട്. രാവിലെയുള്ള കൂർബാന കഴിഞ്ഞു തിരികെ വരുമ്പോൾ അവർ താൽക്കാലികമായുണ്ടാക്കിയ ഇറച്ചിക്കടയിൽ നിന്നും കാളയിറച്ചി വാങ്ങി മടങ്ങാറുണ്ട്. ചേമ്പിലയിൽ പൊതിഞ്ഞാണ് അന്നൊക്കെ മാംസം വിറ്റിരുന്നത്. ആറു ദിവസവും എല്ലുമുറിയെ പണിയെടുത്തിട്ട് ഞായറാഴ്ച്ച ദിവസം ചോറും ,ഇറച്ചി കിഴങ്ങും മസാലയുമിട്ട് വളരെ രുചികരമായി പാകപ്പെടുത്തി അവർ സന്തോഷത്തോടെ ആ ദിവസത്തെ മനോഹരമാക്കും. ഞായാറാഴ്ച ദിവസങ്ങളിൽ ഉച്ചയാകുമ്പോൾ മിക്കവാറും കൃസ്ത്യൻ വീടുകളിൽ നിന്നും നല്ല ഇറച്ചിക്കറിയുടെ ഗന്ധമുയർന്ന് കാറ്റിൽ പടരും.
എൻ്റെ വീടിൻ്റെയടുത്ത് ഒരു കൃസ്ത്യൻ കുടുംബം താമസിച്ചിരുന്നു വളരെ പുരാതനമായ ഒരു കൃസ്ത്യൻ തറവാടായിരുന്നു അത്. അവിടെയുള്ള അപൂർവ്വം ഓടുമേഞ്ഞ വീടുകളിൽ ഒന്ന്. അവിടുത്തെ അമ്മച്ചിയുടെ പേര് റജീന എന്നാണ്.. പന്ത്രണ്ടു മക്കളായിരുന്നുആ അമ്മച്ചിയ്ക്ക്. അവരുടെ ഭർത്താവിനെ എല്ലാവരും അപ്പാപ്പൻ എന്നാണ് വിളിച്ചിരുന്നത്. ഒരു കാലത്ത് നല്ല ധനസ്ഥിതിയുണ്ടായിരുന്നുവെങ്കിലും പിന്നീട് ക്ഷയിച്ചു. ‘അപ്പാപ്പനെ ഞാനുൾപ്പെടെയുള്ള കുട്ടികൾക്ക് വളരെ ഭയമായിരുന്നു.. ആ അമ്മച്ചി കയറുപിരിച്ചും ചെറിയ ഒരു കട വീടിനോടുചേർന്ന് നടത്തിയും കുടുംബം പുലർത്തുവാൻ വളരെ കഷ്ടപ്പെട്ടു. ചെറിയ ചെറിയ മിഠായികൾ ,ആവിയിൽ പുഴുങ്ങിയ ഗോതമ്പുണ്ട, കോഴിമുട്ട ,പാൽ എന്നു വേണ്ട ഒരു മാതിരിപ്പെട്ട എല്ലാ സാധനങ്ങളും അവർ വിൽക്കുമായിരുന്നു. ദരിദ്രരായ കുട്ടികളും, വീട്ടുകാരും പണത്തിനു പകരം പറങ്കിയണ്ടി കൊടുത്ത് ഇവയൊക്കെ വാങ്ങുമായിരുന്നു. ഒരു ബാർട്ടർ സിസ്റ്റം. റജീന അമ്മച്ചി അവരിൽ നിന്നും വാങ്ങുന്ന പറങ്കിയണ്ടി കച്ചവടക്കാർ വരുമ്പോൾ അവർക്ക് കൊടുത്ത് നല്ല വിലവാങ്ങും. കുട്ടികൾ മിഠായി വാങ്ങുവാൻ അടുത്ത പറമ്പുകളിൽ നിന്നും ആരും കാണാതെ പറങ്കിയണ്ടി പറിച്ച് അമ്മച്ചിയുടെ കsയിൽ കൊണ്ടുവരും. അമ്മച്ചി അത് തിരിഞ്ഞെടുക്കുന്നതിലും ഒരു ബിസിനസ്സ് ഉണ്ട്. മൂപ്പെത്താത്തവയ്ക്ക് വില വളരെ കുറച്ചേയുള്ളു. എന്നാലും ആരുമറിയാതെ പറിക്കുന്നതായതുകൊണ്ടും കപ്പലണ്ടി മിഠായി തിന്നാനുള്ള കൊതി കൊണ്ടും ആൺകുട്ടികൾ പ്രതിഷേധിയ്ക്കാതെ നിൽക്കും. മിഠായി കടലാസിൽ പൊതിഞ്ഞു കൊടുക്കുമ്പോൾ പറങ്കിമാവിൻ ചുനയുള്ള വള്ളിനിക്കറിൻ്റെ പോക്കറ്റിലേക്ക് ആരും കാണാതെ തിരുകിക്കൊണ്ട് ബട്ടൺസ് ഇളകിയ നിക്കറിന്മേൽ ഒരു കൈ കൊണ്ട് മുറുക്കിപ്പിടിച്ചുകൊണ്ട് ഒരോട്ടമാണ്. ഒഴിഞ്ഞ പറമ്പുകളിലെ ഏതെങ്കിലുമൊരു മരത്തിൻ്റെ ചില്ലകളിലിരുന്ന് ആരും കാണാതെ ആസ്വദിച്ച് അവ കഴിച്ചിട്ട് ഒന്നുമറിയാതെ മരത്തിൽ നിന്നു മിറങ്ങിപ്പോകും അടുത്ത പലഹാരം മനസ്സിൽ കണ്ട് മറ്റു പറമ്പുകളെ ലക്ഷ്യമിട്ട്.
റെജീന അമ്മച്ചിയ്ക്ക് ധാരാളം കോഴികളും പശുക്കളുമുണ്ട്. പന്ത്രണ്ടു മക്കളുടെ വിദ്യാഭ്യാസവും മറ്റു ചിലവുകളുമൊക്കെ കഴിയണ്ടേ. അവിടുത്തെ രണ്ട് മക്കൾ പള്ളീലച്ഛന്മാരായി. ഒരു മകൾ കന്യാസ്ത്രീയും.കന്യാസ്ത്രീയായ ചേച്ചിയെ കാണുവാൻ നല്ല ഭംഗിയായിരുന്നു. ദൈവവിളിയിൽ മാത്രമല്ല അന്നൊക്കെ അവിടെയുള്ള കൃസ്ത്യൻ കുടുംബങ്ങളിൽ നിന്നും പള്ളീലച്ചനും കന്യാസ്ത്രീയുമൊക്കെയുണ്ടാകുന്നത്. കടുത്ത ദാരിദ്ര്യത്തിൽ നിന്നുള്ള രക്ഷപെടൽ കൂടിയാണ്. ഒരു കുടുംബത്തിൽ നിന്നും ഒരാൾ അച്ഛൻപട്ടം കെട്ടിയാൽ ആ കുടുംബം രക്ഷപെട്ടു. ഇന്നത്തെപ്പോലെ വിദേശത്തു ജോലിയുള്ളവരോ, സർക്കാർ ജോലിയുള്ളവരോ ആയ ആളുകൾ വളരെ കുറവാണ്..
എൻ്റെവീടിൻ്റെയുംഅമ്മച്ചിയുടെ സ്ഥലത്തിൻ്റെയുമിടയിൽ കൂടെ ഒരു ചെറിയ കൈത്തോട് ഒഴുകുന്നുണ്ടായിരുന്നു. കനത്ത മഴ ചെയ്യുമ്പോൾ മാത്രം നിറഞ്ഞുകവിയുന്ന ഒരു കൈത്തോട്. വളരെ വടക്ക് ഭാഗത്തു നിന്നാണ് അതൊഴുകിവരുന്നത്. പറമ്പിൻ്റെ കുറച്ചു ഭാഗങ്ങളൊക്കെ കടുത്ത മഴ ചെയ്യുമ്പോൾ വെള്ളക്കെട്ടുണ്ടാകാറുണ്ടായിരുന്നു. നല്ല മഴയിൽ കുട്ടികൾ തോടിൻ്റെയിരുവശവും നിന്ന് തോർത്ത്, ചെറിയ വല ഇവ ഉപയോഗിച്ച് ചാടിപ്പോകുന്ന മീനുകളെ പിടിക്കുമായിരുന്നു. പരൽ വിഭാഗത്തിൽപ്പെട്ട ചെറിയ മീനുകൾ. അമ്മ കാണാതെ വഴിയരികിൽ പോയി നിന്ന് ഞാനും ഈ കാഴ്ചകൾ കാണും. ആ തോട് ഒഴുകിയെത്തുന്നത് കടലിലേക്കുള്ള ഒരു പൊഴിച്ചാലിലാണ്. കുട്ടികൾ ചാറ്റൽ മഴയിലൊഴുകിയെത്തുന്ന മീൻ കുഞ്ഞുങ്ങളെ പിടിച്ച് പറമ്പുകളിലുള്ള ചെറിയ കുളങ്ങളിൽ നിക്ഷേപിയ്ക്കും. വീടുകളിലൊക്കെ രണ്ടു കുളങ്ങളെങ്കിലുമുണ്ടായിരുന്നു. കന്നുകാലികളെ കുളിപ്പിക്കുന്നതിനും കൃഷി ചെയ്യുന്നതിനു നനയ്ക്കുന്നതിനുമായി ഒരു കുളം. മനുഷ്യർക്ക് കുളിയ്ക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനുമായി മറ്റൊരു കുളം. വേനലാകുമ്പോൾ ഈ കുളങ്ങളൊക്കെ വറ്റി വരളും. അപ്പോൾ ചെറുപ്പക്കാർ കുളങ്ങൾ മണ്ണുമാറ്റി ആഴത്തിൽ കുഴിച്ചു ആഴംകൂട്ടി വൃത്തിയാക്കും – അടുത്ത മഴപ്പെയ്ത്തിന് ജലസമൃദ്ധിയുടെ കേളി കൊട്ടിനായി.
വീണ്ടും മഴ പെയ്തു തുടങ്ങുകയാണ്. രൗദ്രതാളങ്ങളുടെ താണ്ഡവ നടനത്തിൻ്റെ വന്യതയില്ലാതെ മഴ ഇപ്പോൾ വളരെ സൗമ്യമായാണു പെയ്യുന്നത്. അന്നും മഴയ്ക്കിന്നത്തെപ്പോലെയുളള രൗദ്രഭാവമില്ല. അന്നു കാലങ്ങളിലെ മനുഷ്യരും അങ്ങനെയാ യിരുന്നു. പരസ്പരം അറിഞ്ഞും സഹായിച്ചും മറ്റൊരാളിൻ്റെ സങ്കടങ്ങളിലും ദുരിതങ്ങളിലും സാമ്പത്തികമില്ലെങ്കിലും തങ്ങളാലാകുന്ന അധ്വാനം കൊണ്ടും മനസ്സുകൊണ്ടും സഹായിച്ചു കൊണ്ട് ഒരു പാരസ്പര്യ സാഹോദര്യത്തോടെ ഇടയ്ക്കിടെ ചെറിയ പിണക്കങ്ങളും പിന്നെയുള്ള അധിക ഇണക്കങ്ങളുമായി, മതിലുകൾ തീർക്കുന്ന മറകളില്ലാതെ ,ഗന്ധരാജനും കവുങ്ങിൻ വാരികളും ചെമ്പരത്തിച്ചെടികളും തീർത്ത വേലികൾക്കപ്പുറമിപ്പുറം അവർ ഒരിയ്ക്കലും തകർന്നുപോകാത്ത സ്നേഹ ബന്ധനങ്ങളിൽ ബന്ധങ്ങളെ ഉറപ്പിച്ചു നിർത്തി. അവിടെ പണം ഒരു ഘടകമേയല്ലായിരുന്നു. രാഷ്ട്രീയക്കാരും യൂണിയനുകളുമില്ലായിരുന്നു. ഉള്ളതു കൊണ്ട് ഓണം പോലെ അവർ തങ്ങളുടെ ജീവിതങ്ങളെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ സംതൃപ്തമാക്കി.
വീണ്ടും മഴ പെയ്ത്തുതുടങ്ങുന്നു. സൗമ്യതാളങ്ങളിൽ, കഴിഞ്ഞു പോയ രൗദ്രതയുടെ മിഴിനീർ കട്ടപിടിച്ച പശ്ഛാത്താപത്തോടെ സാന്ത്വനമായി മഴ പെയ്തിറങ്ങുകയാണ്. ഓർമ്മകളുടെ മഴപ്പെയ്ത്ത് തുടരുകയാണ്. എഴുതിയാലും തീരാത്ത കനൽമാരിപ്പെയ്ത്ത്.