Saturday, November 23, 2024
Homeകേരളംകർണാടകത്തിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ കാണാൻ മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപെ കോഴിക്കോട്ടെ അർജുന്റെ...

കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ കാണാൻ മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപെ കോഴിക്കോട്ടെ അർജുന്റെ വീട്ടിലെത്തി

കോഴിക്കോട്: കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ ആശ്വസിപ്പിച്ച് തിരച്ചിലിൻ്റെ ഭാഗമായ മുങ്ങൽവിദഗ്ധർ ഈശ്വർ മാൽപെ. കോഴിക്കോട് കണ്ണാടിക്കലിലുള്ള അർജുൻ്റെ വീട്ടിലാണ് ഉച്ചയോടെ ഈശ്വർ മാൽപെ എത്തിയത്. അർജുൻ്റെ അമ്മയുമായും ഭാര്യയുമായും ഈശ്വർ മാൽപെ സംസാരിച്ചു. അർജുൻ്റെ കുടുംബത്തിന് സാന്ത്വനമാകാനാണ് തങ്ങൾ എത്തിയതെന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു.

ഷിരൂരിലെ ഗംഗാവലി പുഴയിൽ 20 ദിവസത്തോളം തിരച്ചിൽ നടത്തി. ഈ സമയം ഒരുപാട് ബുദ്ധിമുട്ട് നേരിട്ടു. തിരച്ചിലിന് അനുമതി കിട്ടാതിരുന്നത് പ്രതിസന്ധിയുണ്ടാക്കി. ഒരു തവണ വെള്ളത്തിലിറങ്ങി തിരച്ചിൽ നടത്തിയാൽ രണ്ടു ദിവസം തിരച്ചിൽ നടത്തേണ്ടെന്ന് പറയും. അർജുനെ കൂടാതെ, ലോകേഷ്, ജഗന്നാഥ് എന്നിവരും വെള്ളത്തിനടിയിലാണ്.

എട്ടുപേരുടെ മൃതദേഹം കണ്ടെടുത്തതായും ഈശ്വർ മാൽപെ പറഞ്ഞു.അർജുൻ്റെ ലോറിക്കായി പുഴയിൽ തിരച്ചിൽ നടത്തവെ ഒരു ജാക്കി കണ്ടെത്തി. പിന്നീട് ലോറിയിൽ ഉണ്ടായിരുന്ന കയർ ലഭിച്ചു. കയർ ലഭിച്ച ഭാഗത്ത് മണ്ണും കല്ലും ഏറെയാണ്. 15 അടി ഉയരത്തിൽ മണ്ണാണ്. ജഗന്നാഥൻ്റെ വീടിനു സമീപത്തായി പുഴയിൽ ഡീസൽ സാന്നിധ്യം കണ്ടെത്തി. ഇവിടെ അർജുൻ്റെ ലോറിയുണ്ടോയെന്ന് സംശയിക്കുന്നു. അതു കണ്ടെത്താനായി ഡ്രഡ്ജിങ് മെഷീൻ ആവശ്യമാണെന്നും ഈശ്വർ മാൽപെ ചൂണ്ടിക്കാട്ടി.

ഡ്രഡ്ജിങ് മെഷീൻ കൊണ്ടുവരുമെന്ന് നാല് ദിവസമായി പറയുന്നുണ്ടെങ്കിലും കാലതാമസം ഉണ്ടാകുകയാണ്. 34 ദിവസമായി അർജുൻ്റെ കുടുംബം കണ്ണീരോടെ കാത്തിരിക്കുകയാണ്. തൻ്റെ അമ്മ മരിച്ചിട്ട് 30 ദിവസം മാത്രമേ ആയിട്ടുള്ളൂ. അതുവിട്ടിട്ടാണ് ഷിരൂരിൽ എത്തിയത്. അർജുനെ എങ്ങനെയെങ്കിലും കണ്ടെത്തുമെന്ന് അമ്മയ്ക്ക് വാക്കു നൽകിയിട്ടുണ്ട്. തൻ്റെ സംഘം അർജുൻ്റെ ശരീരം വീട്ടിലേക്ക് ഉറപ്പായി എത്തിക്കുമെന്നും ഈശ്വർ മാൽപെ പറഞ്ഞു.അർജുനെ കാണാതായിട്ട് 34 ദിവസം പിന്നിട്ടു.

ഷിരൂർ അങ്കോലയിൽ ദേശീയപാത 66ൽ ജൂലൈ 16ന് രാവിലെ 8:45നുണ്ടായ മണ്ണിടിച്ചിലിലാണ് അർജുൻ(30) അപകടത്തിൽപെട്ടത്. സംഭവസമയം കുന്നിന് താഴെ ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു അർജുൻ. കുന്നിടിഞ്ഞ് റോഡിലേക്ക് വീഴുകയും അർജുൻ്റെ ലോറി സമീപത്തെ ഗംഗാവലി പുഴയിലേക്ക് പതിക്കുകയുമായിരുന്നു.

ഡ്രഡ്ജർ എത്തിച്ച ശേഷം തിരച്ചിൽ പുനരാരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ഗോവയിൽ നിന്നാണ് ഡ്രഡ്ജർ എത്തിക്കുക. ഇതിൽ കാലതാമസം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments