പാലക്കാട്: മുതിർന്ന നേതാവും മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഎം. പികെ ശശിയെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കും. ഇതോടെ പികെ ശശിക്ക് സിപിഎമ്മിൻ്റെ പ്രാഥമികാംഗത്വം മാത്രമാകും. പാർട്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ഞായറാഴ്ച ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് നടപടി. ജില്ലാ കമ്മിറ്റിയുടെ നടപടി സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നതോടെ ശശി പാർട്ടിയുടെ പ്രാഥമിക അംഗം മാത്രമാകും.
മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് ശശിക്കെതിരെ നടപടി ഉണ്ടായത്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിടും. കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്നും ശശിയെ നീക്കിയേക്കും.സിഐടിയു ജില്ലാ പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമാണ് പികെ ശശി. ഈ പദവികൾ ശശിക്ക് നഷ്ടമാകും. ശശിയെ പാർട്ടിയുടെ ഏറ്റവും താഴേത്തട്ടായ ബ്രാഞ്ച് കമ്മിറ്റിയിലേക്കാകും തരംതാഴ്ത്തുക. നേരത്തെ, വിഭാഗീതയതെ തുടർന്ന് ശശിയെ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിൽനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.
പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയത്. പികെ ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. നേരത്തെ ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് പികെ ശശിയെ ജില്ലാ സെക്രട്ടറിയേറ്റിൽനിന്ന് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷൻ കാലാവധി അവസാനിച്ചതോടെ ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടറിയിലേക്കും ശശി മടങ്ങിയെത്തിയിരുന്നു. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പികെ ശശിക്കെതിരായ പരാതി. കൂടാതെ, സഹകരണ സ്ഥാപനങ്ങളിൽ സ്വന്തക്കാരെ തിരുകിക്കയറ്റിയെന്ന പരാതിയും ശശിക്കെതിരെ ഉയർന്നിരുന്നു. മണ്ണാർക്കാട് യൂണിവേഴ്സൽ കോർപറേറ്റീവ് കോളേജിന് വേണ്ടി പാർട്ടി അനുമതിയില്ലാതെ സഹകരണ സ്ഥാപനങ്ങളിൽനിന്ന് വ്യാപക പിരിവ് നടത്തിയെന്നും ആരോപണമുണ്ടായിരുന്നു.
ആരോപണത്തിൽ പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.