Saturday, October 19, 2024
Homeകേരളംക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കും:- മുഖ്യമന്ത്രി പിണറായി വിജയൻ

ക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കും:- മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തു ക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഒരു കുടിശ്ശികയും നിലവില്ലെന്ന് സർക്കാർ വകുപ്പുകൾ ഉറപ്പുവരുത്തും. ക്ഷേമ പെൻഷൻ കുടിശിക വിതരണത്തിൽ 103 കോടി 91 ലക്ഷം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. കുടിശ്ശിക തുക 2024 – 2025 സാമ്പത്തിക വർഷത്തിൽ തന്നെ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പെൻഷൻ തുക കൂട്ടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിഹിതത്തിലെ സിംഹഭാഗവും സംസ്ഥാന സർക്കാരാണ് വിതരണം ചെയ്യുന്നത്. നാമമാത്രമായ കേന്ദ്ര പെൻഷൻ വിഹിതം ലഭിക്കുന്നത് ദേശീയ വാർധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നീ മൂന്ന് പദ്ധതികൾക്കാണ്. ശരാശരി 6.8 ലക്ഷം പേർക്ക് മാത്രമാണ് കേന്ദ്ര ആനുകൂല്യം ലഭിക്കുന്നത്. ഇതാകട്ടെ, ശരാശരി 300 രൂപ മാത്രമാണ്. സംസ്ഥാന സർക്കാരിൻറെ സാമൂഹ്യസുരക്ഷാ പെൻഷൻറെ ഗുണഭോക്താക്കൾ 62 ലക്ഷം വരും. കേന്ദ്ര സർക്കാർ ആനുകൂല്യത്തിനുള്ള  വരുമാനപരിധിയായി നിശ്ചയിച്ചിട്ടുള്ളത് പ്രതിവർഷം 25,000 രൂപയാണെങ്കിൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി പ്രതിവർഷം ഒരു ലക്ഷം രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016ൽ യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിച്ചിരുന്നവരുടെ ആകെ എണ്ണം 34,43,414 ആയിരുന്നു. ഇവർക്ക് 600 രൂപ വീതമാണ് പെൻഷനായി നൽകി വന്നിരുന്നത്. ഇതു തന്നെ 18 മാസം വരെ കുടിശ്ശികയായിരുന്നു എന്നത് ഏറെ ചർച്ചകൾക്കിടയാക്കിയതാണ്. 2016ൽ വന്ന എൽഡിഎഫ് സർക്കാരാണ് കുടിശ്ശിക മുഴുവൻ തീർത്ത് നൽകിയത്. ഇപ്പോഴാകട്ടെ, 62 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നുണ്ട്. പെൻഷൻ തുക ഘട്ടം ഘട്ടമായി ഉയർത്തി 1,600 രൂപയുമാക്കിയിട്ടുമുണ്ട്. ഇത് ഇനിയും വർധിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

2011 – 16 ലെ യുഡിഎഫ് സർക്കാരിൻറെ കാലത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ ആകെ 8,833.6 കോടി രൂപയാണ് നൽകിയതെങ്കിൽ 2016 – 21 ലെ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് 30,567.9 കോടി രൂപയാണ് ചെലവഴിച്ചത്. മുൻ യുഡിഎഫ് സർക്കാർ അഞ്ചു വർഷം കൊണ്ട് നൽകിയതിനേക്കാൾ 21,734.3 കോടി രൂപയാണ് 2016 – 21 കാലത്ത് എൽഡിഎഫ് സർക്കാർ അധികമായി വിതരണം ചെയ്തത്. ഈ സർക്കാരിൻറെ കാലത്ത് ഇതുവരെ 23,461.5 കോടി രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിലാണ്. ഇതിൻറെ 98 ശതമാനം വിഹിതവും കണ്ടെത്തുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്. സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ ലഭിക്കുന്ന നാമമാത്രമായ കേന്ദ്ര വിഹിതം, പെൻഷൻ നൽകാൻ വേണ്ട തുകയുടെ വെറും രണ്ട് ശതമാനം മാത്രമാണ് എന്നതാണ് വസ്തുത. കടുത്ത പണഞെരുക്കം നിലനിൽക്കുമ്പോഴും സമൂഹത്തിലെ അവശജനവിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെൻഷനുകളിൽ ഉൾപ്പെടുന്ന ദേശീയ വാർധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നീ പെൻഷനുകൾക്കാണ് കേന്ദ്ര സഹായം ലഭിക്കുന്നത്. 79 വയസ്സുവരെയുള്ളവർക്കുള്ള വാർധക്യകാല പെൻഷൻ തുകയായ 1,600 രൂപയിൽ 200 രൂപ മാത്രമാണ് കേന്ദ്ര വിഹിതം. ഈ തുകയാകട്ടെ, 3.4 ലക്ഷം പേർക്ക് മാത്രമാണ് കേന്ദ്രം നൽകുന്നത്. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള കേന്ദ്ര വിഹിതം 500 രൂപയാണ്. ഇതാകട്ടെ, 1.16 ലക്ഷം പേർക്ക് മാത്രമാണ് ലഭിക്കുന്നത്.

ദേശീയ വികലാംഗ പെൻഷനിൽ 66,928 ഗുണഭോക്താക്കൾക്ക് 300 രൂപ വീതം മാത്രമാണ് കേന്ദ്ര വിഹിതമുള്ളത്. ദേശീയ വിധവാ പെൻഷനിൽ 300 രൂപ മാത്രമാണ് കേന്ദ്ര വിഹിതം. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. 2024 മെയ് വരെ അനുവദിച്ചിട്ടുള്ള സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാരാണ് നൽകിയത്. 2023 ജൂൺ വരെയുള്ള കേന്ദ്ര വിഹിതം മാത്രമാണ് സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളത്. കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതു മൂലമുള്ള അധിക ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കേണ്ട സ്ഥിതിയാണുള്ളത്.

നിലവിൽ സാമൂഹ്യക്ഷേമ പെൻഷനുകളുടെ അഞ്ച് ഗഡുക്കൾ കുടിശ്ശികയാണ്. പ്രതിമാസം 1,600 രൂപയാണ് സാമൂഹ്യക്ഷേമ പെൻഷനായി വിതരണം ചെയ്യുന്നത്. 2024 മാർച്ച് മുതൽ നിലവിലെ പെൻഷൻ കൃത്യസമയത്തു നൽകിവരികയാണ്. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെൻഷൻ കുടിശ്ശിക ഗുണഭോക്താക്കൾക്ക് 2024 – 25 സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡുക്കളും 2025 – 26 ൽ മൂന്നു ഗഡുക്കളും വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നു. സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശ്ശിക തീർത്തും നൽകണമെന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ ഈ ഇനത്തിൽ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്. 2024 – 25 സാമ്പത്തിക വർഷത്തിൽ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments