കോട്ടയ്ക്കൽ. കഥകളി ആചാര്യന്റെ മകൾക്കുപിറകെ പേരമകളും കളിവിളക്കിന്റെ പൊൻവെളിച്ചത്തിലേക്ക്. പിഎസ് വി നാട്യസംഘം പ്രധാന അധ്യാപകനായിരുന്ന കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയരുടെ മകൾ ഡോ.ജ്യോത്സ്നയുടെ ഏകപുത്രി തപസ്യ വാരിയരാണ് 7ന് രാത്രി 10ന് ഗുരുവായൂരിൽ അരങ്ങേറ്റം കുറിക്കുന്നത്.
പന്ത്രണ്ടുകാരിയായ തപസ്യ “സന്താനഗോപാല “ത്തിലെ കൃഷ്ണനായി ആദ്യവേഷം ചെയ്യുമ്പോൾ അർജുനനായി കൂടെ കട്ടയ്ക്കുനിൽക്കുന്നതു അമ്മ തന്നെയാണ്.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരമടക്കം ഒട്ടേറെ ബഹുമതികൾ നേടിയിട്ടുള്ള ചന്ദ്രശേഖര വാരിയർ 5 വർഷം മുൻപാണ് മരിച്ചത്.
മുത്തച്ഛന്റെ വേഷങ്ങൾ കണ്ടാണു തപസ്യ കഥകളിയിൽ ആകൃഷ്ടയായത്. അണിയറയിൽ കഴിച്ചുകൂട്ടിയ ബാല്യകാലം. അമ്മയും അരങ്ങിൽ സജീവമായതോടെ ആവഴിക്കായി സഞ്ചാരം. പത്താംവയസ്സിലാണ് കഥകളിപഠനം തുടങ്ങുന്നത്. കോട്ടയ്ക്കൽ സുനിൽ പുറപ്പാടും തോടയവും ചൊല്ലിയാടിച്ചു. കോട്ടയ്ക്കൽ ഹരിദാസനുമുന്നിൽ ദക്ഷിണ വച്ചു തുടങ്ങിയതാണ് തുടർപഠനം. വീട്ടിലെത്തിയാൽ അമ്മയുടെ വക ശിക്ഷണം.
ഹരിദാസൻ തന്നെയാണ് ജ്യോത്സ്നയുടെയും ഗുരു. അരങ്ങിലെത്തുന്നതിനു മുൻപായി അച്ഛനുമുന്നിൽ കളിച്ചുകാണിക്കുന്നതു പതിവായിരുന്നു. തെറ്റുകുറ്റങ്ങൾ അച്ഛൻ തിരുത്തിയാൽ ആത്മവിശ്വാസത്തോടെ കഥാപാത്രമായി മാറും. പതിനാലാമത്തെ വയസ്സിൽ “രുഗ്മിണീസ്വയംവര”ത്തിലെ കൃഷ്ണനായി വിശ്വംഭരക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.
“സന്താനഗോപാലം”, “കുചേലവൃത്തം” കഥകളിലെ കൃഷ്ണൻ, “കാലകേയവധ”ത്തിലെ അർജുനൻ, “ബാലിവധ “ത്തിലെ രാവണൻ തുടങ്ങി ഒട്ടേറെ വേഷങ്ങൾ വിവിധയിടങ്ങളിലായി കെട്ടിയാടി. 2005ൽ കോട്ടയ്ക്കലിൽ നടന്ന അച്ഛന്റെ
ഷഷ്ടിപൂർത്തി ആഘോഷവേളയിൽ കലാമണ്ഡലം ഗോപിക്കൊപ്പം കൂട്ടുവേഷം ചെയ്യാനായത് ജീവിതത്തിൽ ഏറെ മധുരിക്കുന്ന സ്മരണ. ഗോപിയാശാൻ “രുഗ്മാംഗദചരിത”ത്തിലെ രുഗ്മാംഗദനായപ്പോൾ ധർമാംഗദന്റെ വേഷമായിരുന്നു ജ്യോത്സ്നയ്ക്ക്. അച്ഛനൊപ്പം രണ്ടിടങ്ങളിൽ വേദി പങ്കിടാനുള്ള ഭാഗ്യവുമുണ്ടായി.
ഗുരുവായൂരിലെ അരങ്ങിൽ ചന്ദ്രശേഖരവാരിയർ “സന്താനഗോപാല “ത്തിലെ ബ്രാഹ്മണനായപ്പോൾ മകൾ കൃഷ്ണനായി. ബെംഗളുരുവിൽ അച്ഛൻ “കല്യാണസൗഗന്ധിക”ത്തിലെ ഭീമനായപ്പോൾ പാഞ്ചാലിയായിരുന്നു ജോത്സ്ന.
ബെംഗളുരുവിൽ ഏഴാംക്ലാസ് വിദ്യാർഥിയായ തപസ്യ ഭരതനാട്യവും ശാസ്ത്രീയസംഗീതവും കൂട്ടത്തിൽ അഭ്യസിക്കുന്നുണ്ട്.
ബെംഗളുരുവിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന സന്തോഷാണ് ആയുർവേദ ഡോക്ടറായ ജ്യോത്സ്നയുടെ ഭർത്താവ്.