ട്വന്റി20 ലോകകപ്പിലെ സൂപ്പർ 8 മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ, നാലു പോയിന്റുമായി ഒന്നാം ഗ്രൂപ്പിലെ ടോപ് ടീമാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനെയും ബംഗ്ലദേശിനെയും തോൽപിച്ച ഇന്ത്യ അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയെ കീഴടക്കിയാൽ മറ്റു ടീമുകളുടെ ഫലം നോക്കാതെ തന്നെ സെമി ഉറപ്പിക്കാം. രണ്ടു വിജയങ്ങൾ നേടിയെങ്കിലും ഇന്ത്യ ഇപ്പോഴും സെമിയിലെത്തിയെന്നു പറയാനാകാത്ത സ്ഥിതിയാണ്. ഞായറാഴ്ചത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഓസ്ട്രേലിയയെ തോൽപിച്ചതോടെ അടുത്ത മത്സരം ഓസീസിന് ഉറപ്പായും ജയിക്കണമെന്ന അവസ്ഥയാണ്.
തിങ്കളാഴ്ച രാത്രി സെന്റ് ലൂസിയയിൽവച്ചാണ് ഇന്ത്യ– ഓസ്ട്രേലിയ പോരാട്ടം നടക്കേണ്ടത്. മത്സരത്തിൽ ഇന്ത്യ ജയിക്കുകയോ, മഴ കാരണം കളി ഉപേക്ഷിക്കുകയോ ചെയ്താൽ രോഹിത് ശർമയും സംഘവും സെമിയിലെത്തും. എന്നാൽ ഇന്ത്യ സെമിയിലെത്താതിരിക്കുന്നതിന് ഒരു സാഹചര്യം ഇപ്പോഴും ബാക്കിയാണ്. ഇപ്പോൾ ഇന്ത്യയ്ക്കു നാലു പോയിന്റും, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകൾക്കു രണ്ടു പോയിന്റു വീതവുമാണുള്ളത്. അടുത്ത മത്സരങ്ങളിൽ ഇന്ത്യയെ ഓസ്ട്രേലിയയും ബംഗ്ലദേശിനെ അഫ്ഗാനിസ്ഥാനും തോൽപിച്ചാൽ മൂന്നു ടീമുകൾക്കും നാലു പോയിന്റു വീതമാകും.
ഇതോടെ നെറ്റ് റൺറേറ്റ് നോക്കിയാകും സെമിയിലെത്തുന്ന രണ്ടു ടീമുകളെ തീരുമാനിക്കുക. 2.425 ആണ് നിലവിൽ ഇന്ത്യയുടെ നെറ്റ് റൺറേറ്റ്. ഓസ്ട്രേലിയയുടേത് 0.223. ഇന്ത്യ– ഓസ്ട്രേലിയ മത്സരത്തിനു ശേഷം ഇതിൽ മാറ്റം വരും. അഫ്ഗാനിസ്ഥാൻ നെറ്റ് റൺറേറ്റിൽ വളരെ പിറകിലാണ്. –0.650 ആണ് അഫ്ഗാന്റെ റൺറേറ്റ്. എന്നാലും അഫ്ഗാന് ഒരു സാധ്യത ബാക്കിയുണ്ട്.
ഇന്ത്യ ഓസ്ട്രേലിയയോടു വലിയ മാർജിനിൽ തോൽക്കുകയും, അഫ്ഗാനിസ്ഥാൻ ബംഗ്ലദേശിനോടു വലിയ മാർജിനിൽ ജയിക്കുകയും ചെയ്താൽ അവർക്ക് സെമി ഉറപ്പിക്കാൻ സാധിക്കും. അങ്ങനെ സംഭവിച്ചാൽ ഗ്രൂപ്പ് ഒന്നിൽനിന്ന് ഓസ്ട്രേലിയയും അഫ്ഗാനും സെമി ഫൈനലിൽ കടക്കും. ഇന്ത്യ ഓസ്ട്രേലിയയോടു തോറ്റാലും, ബംഗ്ലദേശിനെതിരെ ജയിച്ചില്ലെങ്കിൽ അഫ്ഗാനിസ്ഥാന് മുന്നോട്ടുപോക്കു സാധ്യമല്ല.
*_👍🏻ㅤ ✍🏻ㅤ 📩ㅤ 💌_*