വടകര: വടകരയ്ക്ക് സമീപം പൂവ്വാടൻ ഗേറ്റിൽ റെയിൽവെ സിഗ്നിൽ കേബിൾ മുറിച്ചുമാറ്റിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അസം സൽമാരനോർത്ത് സ്വദേശി മനോവർ അലി (37), അസം ബാർപേട്ട സ്വദേശി അബ്ബാസ് അലി (47) എന്നിവരെയാണ് കോഴിക്കോട് ആർ.പി.എഫ്. ഇൻസ്പെക്ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇവർ മോഷ്ടിച്ച 12 മീറ്റർ സിഗ്നൽ കേബിളും ഇത് മുറിക്കാൻ ഉപയോഗിച്ച ആക്സോ ബ്ലേഡും ഇവരിൽ നിന്ന് പിടികൂടി.
വടകര പരവന്തലയ്ക്ക് സമീപം പഴയ വീട് വാടകയ്ക്കെടുത്ത് ആക്രിക്കച്ചവടം നടത്തുന്നവരാണ് രണ്ടുപേരും. മനോവർ അലിയാണ് പൂവ്വാടൻ ഗേറ്റിലെത്തി കേബിൾ മുറിച്ചുകൊണ്ടുപോയത്. അബ്ബാസ് അലിയാണ് ആക്രിക്കച്ചവടത്തിന്റെ ഉടമ.കേബിൾ മുറിച്ച സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആർ.പി.എഫ്. സംഘം സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ റെയിൽവെ ട്രാക്കിന് സമീപത്തായി മനോവർ അലിയെ കണ്ടിരുന്നു.
സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ കേബിളിന്റെ ഒരു ഭാഗം കൈവശം കണ്ടെത്തി. തുടർന്ന് ആക്രിക്കച്ചവടം നടത്തുന്ന സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ബാക്കി ഭാഗവും കണ്ടു. സിഗ്നൽ കേബിൾ മുറിഞ്ഞതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ വടകരയ്ക്കും മാഹിക്കും ഇടയിൽ സിഗ്നൽ സംവിധാനം താറുമാറായി പത്തോളം തീവണ്ടികൾ വൈകിയിരുന്നു.
വടകര ആർ.പി.എഫ്. സബ് ഇൻസ്പെക്ടർ ടി.എം.ധന്യ, എ.എസ്.ഐ. പി.പി.ബിനീഷ്, ഹെഡ് കോൺസ്റ്റബിൾ സിറാജ്.കെ.മേനോൻ, അബ്ദുൾ മജീദ്, കെ.സജിത്ത്, പി. മനോഹരൻ എന്നിവർ പോലീസ് സംഘത്തിലുണ്ടായി.