ബാർബഡോസ്; ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പർ പോരിന് ഒരുങ്ങി ഇന്ത്യ. അഫ്‌ഗാനിസ്ഥാനാണ് എതിരാളി. ബാർബഡോസിലെ കെൻസിങ്ടൗൺ ഓവലിൽ രാത്രി എട്ടിനാണ് സൂപ്പർ എട്ട് മത്സരം. ഗ്രൂപ്പ്‌ഘട്ടം കഴിഞ്ഞാണ് ഇരുടീമുകളും മുഖാമുഖം നിൽക്കുന്നത്. ഗ്രൂപ്പ് ‘എ’യിൽ ഏഴ് പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തി. അഫ്‌ഗാൻ ‘സി’ ഗ്രൂപ്പിൽ രണ്ടാമതായിരുന്നു.
ബാറ്റർമാർക്കൊപ്പം സ്‌പിന്നർമാരെയും തുണയ്‌ക്കുന്ന പിച്ചാണ്. എന്നാൽ, ഇവിടെ കളിച്ച രണ്ടിലും തോറ്റ ചരിത്രമാണ് ഇന്ത്യക്ക്. 2020ൽ ഓസ്‌ട്രേലിയയോടും വെസ്‌റ്റിൻഡീസിനോടും തോറ്റു. ഇന്ത്യ വിജയംതുടരുന്ന പതിനൊന്നുപേരെയും അണിനിരത്താനാണ് സാധ്യത. ബാറ്റർമാരിൽ വിരാട് കോഹ്‌ലിയുടെ മോശം ഫോമാണ് അലട്ടുന്നത്. ഓപ്പണറായി ഇറങ്ങുന്ന മുൻ ക്യാപ്‌റ്റൻ മൂന്ന് കളിയിലും പരാജയപ്പെട്ടു. അമേരിക്കയ്‌ക്കെതിരെ ആദ്യപന്തിൽ റണ്ണെടുക്കാതെ പുറത്തായി.
പാകിസ്ഥാനെതിരെ മൂന്ന് പന്തിൽ നാല് റൺ. അയർലൻഡിനെതിരെ അഞ്ചു പന്തിൽ ഒറ്ററൺ. രോഹിത് ശർമ കഴിഞ്ഞാൽ സൂര്യകുമാർ യാദവിലും വിക്കറ്റ്‌കീപ്പർ ഋഷഭ് പന്തിലുമാണ് പ്രതീക്ഷ. പരിശീലനത്തിനിടെ പരിക്കേറ്റ സൂര്യകുമാർ കളിച്ചേക്കും. ബൗളർമാരിൽ ജസ്‌പ്രീത് ബുമ്രയും അർഷ്‌ദീപ് സിങ്ങും നന്നായി പന്തെറിയുന്നു. സ്‌പിന്നർ അകസർ പട്ടേലിന്റെ കാര്യത്തിലും വിശ്വാസമാണ്. സ്‌പിൻ അനകൂല പിച്ചിൽ യുസ്‌വേന്ദ്ര ചഹാലിനെയോ കുൽദീപ് യാദവിനെയോ പരിഗണിച്ചേക്കാം.
ഓൾൗണ്ട് മികവാണ് അഫ്‌ഗാൻ ഈ ലോകകപ്പിൽ കാഴ്‌ചവയ്‌ക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും അഫ്‌ഗാൻകാരാണ് ഒന്നാമത്. റഹ്‌മത്തുള്ള ഗുർബസ് നാല് കളിയിൽ നേടിയത് 167 റണ്ണാണ്. നാലാമതുള്ള ഇബ്രാഹിം സദ്രാന് 152 റണ്ണുണ്ട്. ബൗളർമാരിൽ പേസർ ഫസൽഹഖ് ഫാറൂഖി 12വിക്കറ്റുമായി മുന്നിലുണ്ട്. ഇതുകൂടാതെയാണ് ശക്തമായ സ്‌പിൻ നിര. ക്യാപ്‌റ്റൻ റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുഹമ്മദ് നബി എന്നിവരിലൂടെയുള്ള വിസ്‌ഫോടനമാണ്
അഫ്‌ഗാൻ പ്രതീക്ഷിക്കുന്നത്.എന്നാൽ, 20 ഓവർ ക്രിക്കറ്റിൽ അഫ്‌ഗാന് ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല.