Friday, September 20, 2024
Homeസ്പെഷ്യൽശുഭചിന്ത - (80) പ്രകാശഗോപുരങ്ങൾ - (56) 'ആഗ്രഹം'

ശുഭചിന്ത – (80) പ്രകാശഗോപുരങ്ങൾ – (56) ‘ആഗ്രഹം’

പി. എം. എൻ. നമ്പൂതിരി

എല്ലാ മനുഷ്യപ്രയത്നനങ്ങളുടെയും ആത്യന്തികലക്ഷ്യം സുഖ പ്രാപ്തിയും ദു:ഖവിമുക്തിയുമാണ്. ശാന്തിയും സമാധാനവും നേടുക, വേദനകളിൽ നിന്നും വിഷമതകളിൽ നിന്നും മുക്തി പ്രാപിക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ മാനവചരിത്രത്തിൽ ഒരിടത്തും ഈ ആഗ്രഹങ്ങൾ എന്നേങ്കിലും ആർക്കെങ്കിലും സഫലമായതായി രേഖപ്പെടുത്തിയിട്ടില്ല. വിവിധ തത്ത്വസംഹിതകൾ, ആദർശങ്ങൾ, മതങ്ങൾ, ആചാരങ്ങൾ ഒക്കെ നമുക്ക് ഉണ്ടെങ്കിലും ഇവയ്ക്കൊന്നും ഈ ആഗ്രഹങ്ങൾ പൂർണ്ണമായും നേടികൊടുക്കുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. തൻ്റെ ചുറ്റും കണ്ട ഏഴകളെയും ദു:ഖിതരെയും പട്ടിണിക്കാരേയും പറ്റി ചിന്തിച്ച ബുദ്ധൻ പറഞ്ഞു ” സകല ദു:ഖങ്ങൾക്കും കാരണം ആഗ്രഹമാണെന്ന് “ പരിശുദ്ധമായ സദാചാരത്തിലും ധർമ്മത്തിലും അടിയുറച്ച ജീവിതം നയിച്ച് ദു:ഖവിമുക്തരാവാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്യുന്നു. പഞ്ചേന്ദ്രിയങ്ങൾക്ക് അടിമപ്പെട്ട് സുഖത്തിനുപിറകെ പാഞ്ഞ് ജീവിതം തുലയ്ക്കുന്നവരെപ്പറ്റി ശ്രീശങ്കരാചാര്യർ”ഭജഗോവിന്ദത്തിൽ വിവരിച്ചിട്ടുണ്ട്. താൻ ആരാണെന്നറിയായ്മയാണ് – ആ അജ്ഞതയാണ് ദു:ഖ നിദാനം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷെ ശതാബ്ദികൾ കഴിഞ്ഞിട്ടും ഇന്നും മാനവരാശിക്ക് സുഖം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ശാസ്തസാങ്കേതികവിദ്യയുടെ അതിമഹത്തായ നേട്ടങ്ങളിലൂടെ ലോകജനസംഖ്യയുടെ മൂന്നിലൊരുഭാഗം ഇന്നും ഭൗതികസുഖങ്ങൾ അനുഭവിക്കുന്നു. പക്ഷെ അവരെല്ലാം തന്നെ ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവയാൽ തികച്ചും അശാന്തരായി ജീവിതം തള്ളിനീക്കുകയാണ്. പണത്തിനോ, ഭൗതിക സുഖഭോഗങ്ങൾക്കോ, അധികാരങ്ങൾക്കോ ഒന്നും തന്നെ ശാശ്വതമനശ്ശാന്തിയും സുഖവും സംതൃപ്തിയും നൽകാൻ കഴിയുകയില്ലെന്ന് അവർ മനസ്സിലാകുന്നില്ല. മറ്റൊരു ജനതതി, പട്ടിണി, രോഗം, ശാരീരികവും മാനസികവുമായ വ്യഥകൾ ഇവയാൽ മരിച്ചു ജീവിക്കുന്നു. ഒന്ന് മനസ്സിലാക്കുക! ഇന്ത്യയിൽ 500 മില്യൻ ജനങ്ങളും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരാണ്. അങ്ങനെ നോക്കുമ്പോൾ സമൂഹത്തിലെ എല്ലാ വിഭാഗവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ദുഃഖിതരാണ്.

നമ്മുടെ ആഗ്രഹങ്ങൾക്ക് അതിർവരമ്പുകളില്ല. ഒന്ന് കിട്ടുമ്പോൾ മറ്റൊന്നിനുവേണ്ടി ആഗ്രഹിക്കും. കിട്ടുന്നതിലല്ല കിട്ടുമെന്ന പ്രതീക്ഷയിലാണ് സുഖമുള്ളത്. കിട്ടിക്കഴിഞ്ഞാൽ കിട്ടിയതിനെപ്പറ്റി ദു:ഖമാണ്.അങ്ങനെ രണ്ടു നീണ്ട ദു:ഖങ്ങൾക്കിടയിലുള്ള ഒരു ചെറിയ ഇടവേള മാത്രമാണ് സുഖം. ഗീതയിൽ ശ്രീകൃഷ്ണഭഗവാൻ പറയുന്നത് “മനുഷ്യൻ്റെ ഒന്നാമത്തെ ശത്രു ആഗ്രഹമാണെന്നാണ് “. ആഗ്രഹങ്ങൾ ഉണ്ടാകുന്നത് മനസ്സിലാണ്. മനസ്സിലെ സങ്കല്പങ്ങളിലുണ്ടാകുന്ന തൃഷ്ണ സാധിക്കാതെവരുമ്പോൾ നിരാശയും കോപവും ഉണ്ടാകുന്നു.ഇവ നമ്മുടെ
വിവേചനാശക്തിയെ നഷ്ടപ്പെടുത്തും. അതോടെ ജീവിതം ദുരിതമാവുകയും ചെയ്യും. ആശകൾ ഉണ്ടായ ശേഷം പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം അടിസ്ഥാന കാരണമായ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ ദുഃഖവിമുക്തരാകാം എന്ന് ഗീതയിൽ ഉപദേശിക്കുന്നുണ്ട്.

പണം, പദവി, അധികാരം … എല്ലാം വെട്ടിപിടിക്കാനുള്ള അദമ്യമായ ആഗ്രഹം നമ്മുടെ സമാധാനം നശിപ്പിക്കും. അതുമൂലം സ്നേഹിക്കുന്നവരെപ്പോലും വെറുക്കാൻ അവസരമുണ്ടാകുന്നു. പരസ്പരം നക്കി സ്നേഹത്തോടെ ഉരുമിക്കിടക്കുന്ന രണ്ടു നായ്ക്കളുടെ അടുത്ത് ഒരു പിടി ചോറിട്ടു നോക്കുക. അപ്പോൾ അവ തമ്മിൽ ആ ചോറിനു വേണ്ടി കുരച്ച് കടികൂടുന്നത് കാണാം. അതുപോലെത്തന്നെ അത്യന്തം സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരി സഹോദരന്മാർ അവരുടെ മാതാപിതാക്കൾ മരിച്ച ശേഷം സ്വത്ത് ഭാഗം വെക്കുമ്പോൾ അവർ തമ്മിൽ ബദ്ധശത്രുക്കളായി മാറുന്നതും നിത്യസംഭവമാണല്ലൊ.

മനുഷ്യൻ്റെ ജീവിത ക്ലേശങ്ങളുടെ കാരണത്തെ സൂചിപ്പിക്കുവാൻ ശ്രീരാമകൃഷ്ണദേവൻ പറഞ്ഞ ഒരു ഉപമയോടെയുള്ള കഥ ഇവിടെ വിവരിക്കാം.

ഒരു പരുന്തു വന്ന് മുക്കുവൻ്റെയടുത്തു കിടക്കുന്ന ഒരു മത്സ്യത്തെ കൊത്തിക്കൊണ്ട് പറന്നകന്നു.അതു കണ്ടു കാക്കകൾ പരുന്തിൻ്റെ പിറകെ പാഞ്ഞു. കാക്കകളുടെ ഉപദ്രവം സഹിക്കാതെ പരുന്ത് അങ്ങോട്ടും ഇങ്ങോട്ടും പറന്നു. കാക്കകൾ പിറകെ പാഞ്ഞു. ഒടുവിൽ വശംകെട്ട് തളർന്ന പരുന്തിൻ്റെ കൊക്കിൽ നിന്നും മത്സ്യം താഴെ വീണു. അപ്പോൾ കാക്കകൾ പരുന്തിനെ വിട്ട് മത്സ്യത്തിൻ്റെ പിറകെ പോയി. അതോടെ പരുന്തിന് സമാധാനമായി. അത് സ്വൈര്യമായി ഒരു മരക്കൊമ്പിലിരുന്ന് ചിന്തിച്ചു. “”എൻ്റെ എല്ലാ വിഷമതകൾക്കും കാരണം ആ നശിച്ച മത്സ്യമായിരുന്നു. അതു കയ്യിൽ നിന്ന് പോയതോടെ എൻ്റെ കഷ്ടകാലം തീർന്നു…. സമാധാനമായി….

ലൗകിക ആഗ്രഹങ്ങളെയാണ് ഇവിടെ മത്സ്യമായി ഉപമപ്പെടുത്തിരിക്കുന്നത്. എന്തേങ്കിലും ആഗ്രഹങ്ങൾ ഉള്ളടത്തോളം കാലം നാം കർമ്മങ്ങളിൽ ഏർപ്പെടും. അത് പലവിധ ദുരിതങ്ങൾക്കും കാരണമായിത്തീരുകയും ചെയ്യും. എന്നാൽ ഒന്നും ആഗ്രഹിക്കാതെ ജീവിക്കുവാൻ കഴിയുകയില്ല. അതു കൊണ്ട് നമ്മുടെ ആഗ്രഹങ്ങൾ മിതമായിരിക്കണമെന്നും ധാർമ്മികമായ ആഗ്രഹങ്ങൾ മാത്രമേ വെച്ചു പുലർത്താവൂ എന്നുമാണ് ആചാര്യന്മാർ നമ്മേ ഉപദേശിക്കുന്നത്. അതാണ് ഭാരത സംസ്ക്കാരത്തിൻ്റെ ജീവൻ. പാശ്ചാത്യർ സുഖമാണ് സർവ്വ പ്രധാനമെന്ന് കരുതുമ്പോൾ ഭാരതീയ തത്ത്വശാസ്ത്രം, ശാന്തിയും സമാധാനവുമാണ് ഏറ്റവും പ്രധാനമെന്ന് നമ്മെ പഠിപ്പിക്കുന്നു. ഭൗതികതയുടെ പാരമൃതയിലെത്തിയ പാശ്ചാത്യർ ശാന്തി തേടി ഇന്ത്യയിലേയ്ക്ക് വരുന്നത് അതുകൊണ്ടാണ്.ശാന്തി നേടാൻ വായയിൽ കൊള്ളാത്ത മത്സ്യത്തെ ഉപേക്ഷിക്കുക.ചപ്പും ചവറും ചെളിയും എടുത്തുകളഞ്ഞ കിണറ്റിൽ തെളിഞ്ഞ നീരുറവുകൾ പോലെ കാമങ്ങളകന്ന് സ്വച്ഛമായ മനസ്സിൽ സന്തോഷത്തിൻ്റെ ഉറവുകൾ പൊന്തി വരട്ടെ. എന്നാലും സുഖദുഃഖങ്ങൾ നാം ആഗ്രഹിക്കാതെതന്നെ ജീവിതത്തിൽ ഇടകലർന്നു വരും.ഏതു ദു:ഖം വന്നാലും മനസ്സിൽ വരുന്ന നടുക്കത്തെ നിയന്ത്രിക്കാൻ പറ്റണം. സുഖം വരുമ്പോൾ അമിതമായി ആഹ്ലാദിരിക്കാനും നോക്കണം.

എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളുവാൻ ആവശ്യപ്പെട്ട നരസിംഹമൂർത്തിയോട് പ്രഹ്ലാദൻ അർത്ഥിച്ചത് “എൻ്റെ മനസ്സിൽ ഒരു ആഗ്രഹവും ഉണ്ടാകാതിരിക്കാനുള്ള അനുഗ്രഹം എനിക്ക് തരണേ എന്നാണ്. അതു കൊണ്ട് നമുക്കും പ്രഹ്ലാദനെപ്പോലെയുള്ള ഒരു യഥാർത്ഥ വ്യക്തിയാകാൻ ശ്രമിക്കാം.

പി. എം. എൻ. നമ്പൂതിരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments