Tuesday, November 26, 2024
Homeഇന്ത്യസമ്മര്‍ദ്ദം ശക്തമാക്കി ടിഡിപി; 5 കാബിനറ്റ് മന്ത്രിയും സ്പീക്കര്‍ പദവിയും വേണം; 5 വകുപ്പുകള്‍ വിട്ടുകൊടുക്കില്ലെന്ന്...

സമ്മര്‍ദ്ദം ശക്തമാക്കി ടിഡിപി; 5 കാബിനറ്റ് മന്ത്രിയും സ്പീക്കര്‍ പദവിയും വേണം; 5 വകുപ്പുകള്‍ വിട്ടുകൊടുക്കില്ലെന്ന് ബിജെപി*

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന് ഘടക കക്ഷികളുടെ സമ്മര്‍ദ്ദം തലവേദനയാവുന്നു. ( TDP seeks Speaker’s chair, 5 Cabinet berths )സ്പീക്കര്‍ പദവിയും അഞ്ച് ക്യാബിനറ്റ് മന്ത്രി സ്ഥാനവുമാണ് ടി.ഡി.പിയുടെ ആവശ്യം. മൂന്ന് ക്യാബിനറ്റും ബിഹാറിന് പ്രത്യേക പദവിയുമാണ് നിതീഷ്‌കുമാറിന്റെ ഡിമാന്‍ഡ്.

16 സീറ്റുള്ള ടി.ഡി.പി മുന്നണിയില്‍ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയാണ്. 12 എം.പിമാരാണ് വിലപേശാനുള്ള ജെ.ഡി.യുവിന്റെ ആയുധം. തൂക്ക് പാര്‍ലമെന്റ് വരികയാണെങ്കില്‍ സ്പീക്കര്‍ സ്ഥാനം നിര്‍ണായകമാവുമെന്നതിനാലാണ് ടിഡിപി അതിന് വേണ്ടി നിര്‍ബന്ധം പിടിക്കുന്നത്. വാജ്‌പേയി മന്ത്രിസഭയില്‍ ടിഡിപിയുടെ ജിഎംസി ബാലയോഗി നേരത്തേ സ്പീക്കര്‍ പദവി വഹിച്ചിരുന്നു.

എന്നാല്‍, ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും പ്രതിപക്ഷം വളരെ ശക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം ഏറെ നിര്‍ണായകമാണ്. അത് കൊണ്ട് വിശ്വസ്തനായ ബി.ജെ.പി എം.പിയെ സ്പീക്കര്‍ ആക്കാനാണ് മോദിക്ക് താല്പര്യം.
മത്സരിച്ച അഞ്ച് സീറ്റിലും ജയിച്ച എല്‍.ജെ.പി , ഒരു കേന്ദ്രമന്ത്രി സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും ആവശ്യപ്പെടുന്നു. ഏഴ് സീറ്റ് കൈമുതലുള്ള ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ, ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്ഥാനവും വേണമെന്ന നിര്‍ബന്ധത്തിലാണ്.

ഗ്രാമീണ വികസനം, ഭവന-നഗര കാര്യം, തുറമുഖം, ഗതാഗതം, ജല്‍ ശക്തി തുടങ്ങിയ വകുപ്പുകളിലാണ് ടിഡിപി നോട്ടമിട്ടിരിക്കുന്നത്. ധനമന്ത്രാലയത്തിലെ സഹമന്ത്രിപദവിയും പാര്‍ട്ടി കൊതിക്കുന്നുണ്ട്.

മൂന്നാം വട്ടം മോദി അധികാരത്തില്‍ എത്തുകയാണെങ്കിലും ഘടക കക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയുള്ള ഭരണമാകും ഏറെ വെല്ലുവിളി. ആഭ്യന്തരം, ധനം, പ്രതിരോധം, നിയമം, ഐടി വകുപ്പുകള്‍ ഒഴികെയുള്ളവയില്‍ വിട്ടുവീഴ്ച്ച ആകാമെന്നാണ് ബിജെപി നിലപാട്. ഘടക കക്ഷികളുടെ വിലപേശല്‍ ശക്തി കുറയ്ക്കുന്നതിനായി, ഇന്‍ഡ്യ മുന്നണിയിലെ കക്ഷികളെ വലവീശിപ്പിടിക്കാനും ബി.ജെ.പിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ദുര്‍ബലമായ ബി.ജെ.പിയെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ ഭയമില്ല എന്നതാണ് വാസ്തവം. മൂന്ന് ചെറുകക്ഷികളും ഏഴ് സ്വതന്ത്രന്മാരുടെയും പിന്തുണ ബിജെപി ഇതിനകം ഉറപ്പാക്കിയതായാണ് റിപോര്‍ട്ട്.

അതേസമയം തല്‍ക്കാലം പ്രതിപക്ഷത്ത് ഇരിക്കുകയും, എന്‍.ഡി.എയില്‍ അതൃപ്തി പുകഞ്ഞു തുടങ്ങുമ്പോള്‍ ഇടപെടുകയും ചെയ്യാം എന്നാണ് ഇന്‍ഡ്യ സഖ്യം കണക്ക് കൂട്ടുന്നത്.
— – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments