മാഡ്രിഡ്: യൂറോപ്പിലെ കംബാക്ക് കിംഗ്സ് തങ്ങളാണെന്ന് റയൽ മാഡ്രിഡ് ഒരിക്കൽക്കൂടി തെളിയിച്ചു. യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ സെമി ഫൈനലിൽ സ്വന്തം സാന്റിയാഗോ ബർണാബുവിൽ ബയേണ്‍ മ്യൂണിക്കിനോട് 1-0ന് തോൽവി ഉറപ്പിച്ചിരിക്കേ ഹൊസേലുവിന്റെ രണ്ടു ഗോളുകളിൽ റയൽ 2-1ന്റെ ജയം സ്വന്തമാക്കി. ഇരുപാദങ്ങളിലുമായി റയൽ 4-3ന്റെ ജയമാണു സ്വന്തമാക്കിയത്.
പത്തു വർഷത്തിനിടെ റയൽ ആറാം തവണയാണ് ചാന്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത്. ജൂണ്‍ ഒന്നിനു വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ 15-ാം കിരീടം തേടി ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടും.
2021-22 സീസണിലെ സെമി ഫൈനലിൽ പിന്നിൽനിന്നശേഷം മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയതിന്റെ ആവർത്തനത്തിനാണു സാന്റിയാഗോ ബർണാബു ഒരിക്കൽക്കൂടി സാഷ്യം വഹിച്ചത്. ഇവിടെയും ആദ്യം എതിരാളികൾ മുന്നിലെത്തി.
68-ാം മിനിറ്റിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ പകരക്കാരനായി കളത്തിലെത്തിയ അൽഫോൻസോ ഡേവിസ് ബയേണിനെ മുന്നിലെത്തിച്ചു. ഇതിനു മറുപടി പകരക്കാനായി എത്തിയ ഹൊസേലു 88-ാം മിനിറ്റിൽ നൽകി. രണ്ടു മിനിറ്റ് കഴിഞ്ഞ് ഹൊസേലു ഒരു ഗോൾകൂടി നേടി റയലിന്റെ വിജയം ഉറപ്പിച്ചു.
കളിയുടെ തുടക്കം മുതൽ റയലാണ് ആധിപത്യം പുലർത്തിയത്. ഇടതുപാർശ്വത്തിലൂടെ മുന്നേറി വിനീഷ്യസ് ജൂണിയർ ബയേണിന്റെ ഗോൾമുഖം വിറപ്പിച്ചുകൊണ്ടിരുന്നു. ബയേണ്‍ പ്രതിരോധക്കാരെ അയായാസം മറികടന്ന ബ്രസീലിയൻ ഫോർവേഡ് നിരവധി അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. പലതും ഗോൾകീപ്പർ മാനുവൽ നോയറുടെ മികവുകൊണ്ടാണു വലയിലെത്താതെ പോയത്.
അതുവരെ ആധിപത്യം പുലർത്തിപ്പോന്ന റയലിനെ ഞെട്ടിച്ച് ബയേണ്‍ വലകുലുക്കി. പെനാൽറ്റി ബോക്സിന്റെ ഇടതുവശത്തുനിന്നു ഡേവിസിന്റെ ബുള്ളറ്റ് കണക്കേയുള്ള ഷോട്ട് റയലിന്റെ വലകുലുക്കി. 71-ാം മിനിറ്റിൽ റയൽ ഗോൾ നേടിയെങ്കിലും വിഎആർ പരിശോധനയിൽ ബോക്സിനുള്ളിൽ ഫൗൾ നടന്നെന്നു വ്യക്തമായതോടെ ഗോൾ നിഷേധിച്ചു.
ഈ ലീഡിൽ കളി തീരുമെന്നു തോന്നിയ അവസരത്തിലാണ് അതുവരെ തിളങ്ങിനിന്ന നോയറുടെ പിഴവിൽനിന്ന് റയൽ ഗോൾ നേടുന്നത്. 88-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയറുടെ ആദ്യ ശ്രമത്തിൽ പന്ത് നോയറുടെ കൈയിൽനിന്നു വഴുതി വീണതു തൊട്ടുമുന്നിൽ നിന്ന ഹൊസേലുവിന്റെ കാലുകളിലേക്കായിരുന്നു.
ഒരവസരവും നൽകാതെ താരം വലകുലുക്കി. 90+1ാം മിനിറ്റിൽ അന്റോണിയോ റൂഡിഗറുടെ ക്രോസിൽ ഹൊസേലു ഒരിക്കൽക്കൂടി വലകുലുക്കി. ആദ്യം ഓഫ് സൈഡ് വിളിച്ച് ഗോൾ നിഷേധിച്ചു. എന്നാൽ വിഎആർ പരിശോധനയിലൂടെ ഗോൾ അനുവദിച്ചു.