മറയൂർ: ബാലികയെ ബലാത്സംഗംചെയ്തെന്ന കേസിൽ പിതാവിന് ജീവിതാവസാനംവരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.70 ലക്ഷം രൂപ പിഴയും. കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 36 വർഷം കഠിനതടവും കോടതി വിധിച്ചു. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി പി.എ.സിറാജുദ്ദീൻ ആണ് വിധിപറഞ്ഞത്. മറയൂർ ഇൻസ്‌പെക്ടർ ആയിരുന്ന പി.ടി. ബിജോയ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ.ദാസ് കോടതിയിൽ ഹാജരായി.
പീഡനത്തിന് ഇരയായ കുട്ടി. പ്രതിയുടെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. പ്രതി തൊട്ടടുത്ത ലയത്തിലായിരുന്നു. കുട്ടിയുടെ അമ്മ മറ്റൊരിടത്താണ് താമസിച്ചിരുന്നത്.
2021 മാർച്ച് ഒന്നുമുതൽ 2022 ഓഗസ്റ്റ് 21 വരെ പലതവണ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. പ്രതിയുടെ മാതാവിനോട് കുട്ടി ഈ വിവരം പറഞ്ഞു. ഇതറിഞ്ഞ പ്രതി, കുട്ടിയെ പൊള്ളിച്ചു. കുട്ടി പിന്നീട്, കൂടെ പഠിക്കുന്ന കുട്ടികളെയും കൗൺസലിങ് ടീച്ചറെയും വിവരം അറിയിക്കുകയായിരുന്നു.
വിസ്താരവേളയിൽ പ്രതിയുടെ മാതാവ് കൂറുമാറിയിരുന്നു.