മുത്തും പവിഴവും പോലൊരു
ചെമ്പനീർ മൊട്ടായിരുന്നു നീ!
ഒരു കുളിർക്കാറ്റായെന്നെത്തഴുകി
പച്ചിലക്കാടുകൾ, തോടുകൾ
ഹരിത വർണ്ണാഭ ചാർത്തി.
കിളികൾ കുയിലുകൾ
പൊന്നശോകങ്ങൾ
വസന്തരാവിൻ ഈണമിട്ടു.
പൗർണ്ണമി തിങ്കളായ് നീലാഭയണിഞ്ഞു
രാവും! അരിമുല്ല പൂത്തപോൽ
കിനിഞ്ഞിറങ്ങി.
പാടം പന്തലിച്ചു നിറവോടെ
കതിർമണികളുലാവും കമനീയ-
രാഗധാരയിലെൻ മനം തുടിപ്പൂ!
വേലിത്തലപ്പുകൾ തലനീട്ടിനിക്കും
ശാന്തസുന്ദരമാ വീഥികൾ
കുടമണി കിലുക്കം കേട്ടു ചകിത –
യായുണരുന്നു ചിലനേരങ്ങളിൽ.
എല്ലാം നിനവുകളെന്നോതി
കാലവും കടന്നുപോയി
കാണാൻ കൊതിച്ച്
കാത്തു കാത്തു ഞാനുണർന്നപ്പോൾ
എവിടെയെന്റെ ഗ്രാമപ്പെൺകൊടി?!
മരീചിക! എല്ലാം വെറും മരീചിക!