തിരുവനന്തപുരം: ആഘോഷനാളുകളിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. സപ്ലൈകോ വഴിയാണ് പ്രത്യേക വിൽപ്പന. സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈകോ ഔട്ട്ലെറ്റില്‍ ഈസ്റ്റര്‍ റംസാൻ വിഷു ഫെയര്‍ വിപണി തുടങ്ങും.
സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാവും. ഏപ്രിൽ 13 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. 13 ഇനം സബ്‌സിഡി സാധനങ്ങൾ ചന്തകളിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്. വിവിധ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കുന്ന ‘ഗോള്‍ഡന്‍ ഓഫര്‍’ പദ്ധതി സപ്ലൈകോ മാര്‍ച്ച് 12 മുതല്‍ നടപ്പാക്കി വരുന്നുണ്ട്.
സപ്ലൈകോയിലൂടെ ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാകും. സംസ്ഥാന സർക്കാർ വിപണി ഇടപെടലിനായി 200 കോടി രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നത്. ഈ തുകയും ഉപയോഗിച്ചാണ് ചന്തകൾ ഒരുങ്ങുന്നത്.
സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശബരി കെ – റൈസ് വിതരണവും തുടരുകയാണ്. ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപ നിരക്കിലുമാണ് കൈ റൈസിന്‍റെ വിൽപ്പന. അരി പുറത്തിറക്കിയതോടെ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു റേഷന്‍ കാര്‍ഡിന് അഞ്ച് കിലോഗ്രാം എന്ന കണക്കിലാണ് അരി നല്‍കുന്നത്.