അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവരുടെ വോട്ട് ഉറപ്പാക്കും: ജില്ലാ കളക്ടര്‍
അവശ്യ സേവന വിഭാഗത്തില്‍ പെട്ടവരുടെ വോട്ടുകള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. തപാല്‍ വോട്ടിംഗുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
പോലീസ്,വനം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം), ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, കെ.എസ്.ഇ.ബി, വാട്ടര്‍ അഥോറിറ്റി, ഹെല്‍ത്ത് സര്‍വീസ്, ട്രഷറി, കെ.എസ്.ആര്‍.ടി.സി, ബി എസ് എന്‍ എല്‍, പോസ്റ്റ് ഓഫീസ്, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, മില്‍മ, മാധ്യമ പ്രവര്‍ത്തകര്‍, റയില്‍വേ എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കിയിരിക്കുന്നത്.
വോട്ടെടുപ്പ് തീയതിയില്‍ ഡ്യൂട്ടിയിലുള്ള അവശ്യസേവന വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കായാണ് അബ്‌സെന്റീ വോട്ടര്‍മാരായി തപാല്‍ ബാലറ്റ് സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.
ബന്ധപ്പെട്ട വകുപ്പിലെ നോഡല്‍ ഓഫീസര്‍ തപാല്‍ ബാലറ്റ് സൗകര്യം ആവശ്യമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കണം.
തപാല്‍ വോട്ടിനുള്ള അപേക്ഷ ഫോറം 12ഡി യിലാണ് സമര്‍പ്പിക്കേണ്ടത്. വോട്ടെടുപ്പ് നടക്കുന്ന ദിവസം ജീവനക്കാരന്‍ ഡ്യൂട്ടിയിലായിരിക്കുമെന്ന് നോഡല്‍ ഓഫീസര്‍ ഫോം നമ്പര്‍ 12ഡി യില്‍ സാക്ഷ്യപ്പെടുത്തണം. നോഡല്‍ ഓഫീസര്‍ എല്ലാ അപേക്ഷകളും ശേഖരിച്ച് പോസ്റ്റല്‍ ബാലറ്റിനായി ജില്ലാ നോഡല്‍ ഓഫീസര്‍ക്ക് കൈമാറണം.
ഏഴ് മണ്ഡലങ്ങളിലും തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ വോട്ടിംഗിനായി നിശ്ചയിച്ചിട്ടുള്ള മൂന്ന് ദിവസങ്ങളില്‍(വോട്ടിംഗ് ദിവസത്തിനു മൂന്നു ദിവസമെങ്കിലും മുന്‍പ്) വോട്ട് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
സ്വീപ്പ് ലോഗോ പ്രകാശനം ചെയ്തു
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ ) പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രക്കുറുപ്പ്, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദ്ദീന്‍, അടൂര്‍ ആര്‍ഡിഒ വി. ജയമോഹന്‍, സ്വീപ് നോഡല്‍ ഓഫീസര്‍ ബിനു രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും വോട്ടെടുപ്പില്‍ പരാമവധി വോട്ടര്‍മാരെ പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്വീപ്പ് പ്രവര്‍ത്തികുന്നത്. ചടങ്ങിന് ശേഷം കളക്ടറേറ്റില്‍ സ്ഥാപിച്ച സ്വീപ്പിന്റെ സെല്‍ഫി പോയിന്റും കളക്ടര്‍ ഉദ്ഘാടനം ചെയ്തു
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍; ശ്രദ്ധിക്കേണ്ടതെന്തെല്ലാം..
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും മാര്‍ഗനിര്‍ദേശത്തിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിവിധ സ്‌ക്വാഡുകളും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച് ശ്രദ്ധിക്കേണ്ടത് ഇവയാണ്.
1. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയോ പ്രവര്‍ത്തകരേയോ പൊതുപ്രവര്‍ത്തനമായി ബന്ധമില്ലാത്തതും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളില്‍ വിമര്‍ശിക്കരുത്. വിലയിരുത്തിയിട്ടില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടികളെയോ പ്രവര്‍ത്തകരെയോ വിമര്‍ശിക്കരുത്
2. യോഗങ്ങളുടെ വേദി, സമയം എന്നിവ പ്രാദേശിക പോലീസിനെ അറിയിക്കുകയും ആവശ്യമായ അനുമതികള്‍ മുന്‍കൂട്ടി നേടുകയും ചെയ്യണം
3. ക്ഷേത്രം, പള്ളികള്‍ തുടങ്ങിയവയോ മറ്റ് ആരാധനാലയങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വേണ്ടിയും ഉപയോഗിക്കരുത്. വോട്ട് ഉറപ്പിക്കുന്നതിനായി ജാതിയോ വര്‍ഗീയ വികാരമോ ഉപയോഗിക്കരുത്.
4. വാഹനത്തില്‍ സ്ഥാപിച്ചതോ അല്ലാത്തതോ ആയ ഉച്ചഭാഷിണികള്‍ രാത്രി 10 നും രാവിലെ 6 നും ഇടയില്‍ ഉപയോഗിക്കരുത്
5. മൈതാനം, ഹെലിപാഡ് തുടങ്ങിയ പൊതുഇടങ്ങള്‍ എല്ലാ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും നിഷ്പക്ഷമായി ലഭ്യമാക്കണം
6. ഓരോ വ്യക്തിയുടെയും സമാധാനപൂര്‍ണവും ശല്യരഹിതവുമായ ഗാര്‍ഹിക ജീവിതത്തിനുള്ള അവകാശത്തെ പൂര്‍ണമായും സംരക്ഷിക്കണം
7. 50,000 രൂപയില്‍ കൂടുതലായ പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റു സാമഗ്രികള്‍ സംബന്ധിച്ച മതിയായ രേഖകള്‍ എല്ലാ യാത്രക്കാരും കൈവശം കരുതണം. നിശ്ചിത സാഹചര്യങ്ങളില്‍ ഒഴികെ 2,00,000 രൂപയിലധികം പണമായി ഒരു ദിവസം ഒരാള്‍ക്കോ കമ്പനിക്കോ സ്ഥാപനത്തിനോ ബാങ്കില്‍ നിന്ന് ലഭിക്കില്ല.
8. ജാഥകള്‍ വാഹന ഗതാഗതത്തെ തടസ്സപ്പെടുത്താതെ സജ്ജീകരിക്കണം. ജാഥകളുടെ റൂട്ട്, പുറപ്പെടുന്നതും അവസാനിക്കുന്നതുമായ സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കുകയും പോലീസ് അനുമതി വാങ്ങുകയും വേണം
9. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന അനൗദ്യോഗിക തിരിച്ചറിയല്‍ സ്ലിപ്പ് പ്ലെയിന്‍ വെള്ളക്കടലാസില്‍ ആയിരിക്കണം. അതില്‍ ചിഹ്നമോ പാര്‍ട്ടിയുടേയോ സ്ഥാനാര്‍ഥിയുടെ പേരോ പാടില്ല
10. സാമ്പത്തികവും അല്ലാത്തതുമായ വാഗ്ദാനം നല്‍കി വോട്ടറെ സ്വാധീനിക്കുകയും വോട്ടര്‍മാരുടെ ജാതി, സമുദായ വികാരങ്ങള്‍ സ്വാധീനിക്കുന്ന വിധം അഭ്യര്‍ഥനകള്‍ നടത്തുകയോ അരുത്
11. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളുടെയോ അവരുടെ നേതാക്കളുടെയോ പ്രതിനിധീകരിക്കുന്ന കോലം ചുമക്കുന്നതും അത്തരം കോലം പൊതുസ്ഥലത്ത് കത്തിക്കുന്നതും മറ്റ് തരത്തിലുള്ള പ്രകടനങ്ങളും കുറ്റകരമാണ്.
12. ഗതാഗതം നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ പോലീസിനെ പ്രാപ്തരാക്കുന്നതിനായി പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ഏതെങ്കിലും നിര്‍ദ്ദിഷ്ട മീറ്റിംഗ് സ്ഥലത്തെയും സമയത്തെയും കുറിച്ച് യഥാസമയം പ്രാദേശിക പോലീസ് അധികാരികളെ അറിയിക്കേണ്ടതാണ്.
13. മീറ്റിംഗിനായി നിര്‍ദ്ദേശിച്ച സ്ഥലത്ത് എന്തെങ്കിലും നിയന്ത്രണമോ നിരോധന ഉത്തരവോ നിലവിലുണ്ടോ എന്ന് ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ മുന്‍കൂട്ടി പരിശോധിക്കണം. ഉച്ചഭാഷിണികള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതിയോ ലൈസന്‍സോ ലഭിക്കണമെങ്കില്‍, പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്‍കൂട്ടി അപേക്ഷിച്ച് അത്തരം അനുമതിയോ ലൈസന്‍സോ നേടേണ്ടതാണ്.
14. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതു ഇടങ്ങളില്‍ മീറ്റിംഗ് നടത്താന്‍ അനുമതി നല്‍കിയാല്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ അവസരം നല്‍കും. യോഗം അവസാനിച്ചാലുടന്‍ എല്ലാ പ്രചാരണ സാമഗ്രികളും സ്ഥലത്ത് നിന്ന് നീക്കം ചെയ്യണം.
15. നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെയും ഉത്തരവുകള്‍ അനുസരിച്ചും മാത്രം യോഗങ്ങളും ഘോഷയാത്രകളും നടത്തുക.
16. ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രിന്റിംഗ് പ്രസുകളുടെ പേരും അച്ചടിച്ച പകര്‍പ്പിന്റെ എണ്ണവും രേഖപ്പെടുത്തണം.
17. ലഘുലേഖകള്‍ക്കും പോസ്റ്ററുകള്‍ക്കും മുകളില്‍ സ്ഥാനാര്‍ഥിയുടെയും പ്രസാധകന്റെയും പേരും വിലാസവും അച്ചടിക്കണം. സ്ഥാപിച്ചിരിക്കുന്ന പരസ്യ ഹോര്‍ഡിംഗുകളുടെയും ബാനറുകളുടെയും വിശദാംശങ്ങള്‍ നിശ്ചിത ഫോറത്തില്‍ റിട്ടേണിംഗ് ഓഫീസറെ അറിയിക്കേണ്ടതാണ്.
18. പ്രചാരണ വാഹനങ്ങളിലും വീഡിയോ കാമ്പെയ്ന്‍ വാഹനങ്ങളിലും ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നത് മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രം ചെയ്യേണ്ടതാണ്.
ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടു ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റു സാധനങ്ങളോ വിതരണം ചെയ്യുന്നത് തടയാന്‍ ജില്ലയില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവയെ വിന്യസിച്ചു. പരിശോധനാ വേളയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടായാല്‍ പരാതി തെളിവു സഹിതം കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസറെ (നോഡല്‍ ഓഫീസര്‍ ആന്‍ഡ് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം) അറിയിക്കാം. ഫോണ്‍: 8547610041, 0468-2270506.
ഉയര്‍ന്ന താപനില ജാഗ്രതാനിര്‍ദേശങ്ങളുമായി ജില്ലാ കളക്ടര്‍
വേനല്‍ ചൂട് വര്‍ധിക്കുമെന്ന കേന്ദ്രകാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം താഴെപറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാകളക്ടര്‍ അറിയിച്ചു.
ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയം വെയില്‍ നേരിട്ടേല്‍ക്കാന്‍ ഇടവരുന്ന രീതിയിലുള്ള തുറന്ന വാഹനങ്ങളിലെ പ്രചാരണം, ബൈക്ക് റാലി, തുറന്ന മൈതാനങ്ങളിലും റോഡ് വശങ്ങളിലും സംഘടിപ്പിക്കുന്ന സമ്മേളനങ്ങള്‍ എന്നിവ ഒഴിവാക്കുക. അടച്ചിട്ട ഹാളുകളില്‍ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ ഫാനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ആവശ്യത്തിന് വായുസഞ്ചാരം ഉണ്ടെന്നും ഉറപ്പുവരുത്തണം. നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയുക.
പകല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുന്നവര്‍ കുടിവെള്ളം കയ്യില്‍ കരുതുകയോ ഇല്ലെങ്കില്‍ നിശ്ചിത സമയം ഇടവിട്ട് ഉപ്പിട്ട നാരങ്ങാ വെള്ളം സംഭാരം, കരിക്കിന്‍ വെള്ളം, ഒആര്‍എസ് എന്നിവ കുടിക്കണം. നിര്‍ജലീകരണത്തിന് കാരണമാകുന്ന ചായ, കോഫി, സോഫ്റ്റ് ഡ്രിങ്കുകള്‍, മദ്യം എന്നിവ പൂര്‍ണമായും ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ അയഞ്ഞതും കട്ടികുറഞ്ഞതും ഇളം നിറത്തിലുള്ളതും കൈകള്‍ പൂര്‍ണ്ണമായി മറയുന്നതരത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുക.
സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിനായി കുടയോ തൊപ്പിയോ, ഗ്ലാസ്/കൂളിംഗ് ഗ്ലാസ് എന്നിവ ധരിക്കുക. വെയിലത്തുകൂടി സഞ്ചരിക്കുന്നവര്‍ കഴുത്തിന് പിന്‍വശം ഷാളോ തൂവാലയോ തോര്‍ത്തോ ഉപയോഗിക്കണം. ശരീരത്തിന് വല്ലായ്മ തോന്നുകയോ ബോധക്ഷയം അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും കളക്ടര്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മണ്ഡലത്തില്‍ ആകെ 1437 ബൂത്തുകള്‍ :ജില്ലയില്‍ പ്രശ്ന സാധ്യത ബൂത്തുകള്‍ 12
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 1437 പോളിംഗ് ബൂത്തുകള്‍ സജ്ജമാകും. ജില്ലയില്‍ 1077 ഉം കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലായി 360 പോളിംഗ് ബുത്തുകളുമാണുള്ളത്. കോന്നി ആറ്, അടൂര്‍ നാല്, ആറന്മുള രണ്ട് എന്നിങ്ങനെ ജില്ലയില്‍ പ്രശ്‌ന സാധ്യതയുള്ളത് 12 ബൂത്തുകളാണ്. മാതൃക പെരുമാറ്റചട്ടം പാലിക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കുന്നതിനുമായി ജില്ലയില്‍ സ്‌ക്വാഡുകളും പ്രവര്‍ത്തനമാരംഭിച്ചു. 15 ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍, 15 സ്റ്റാറ്റിക്സ് സര്‍വൈലന്‍സ് സംഘം, അഞ്ച് വീഡിയോ സര്‍വൈലന്‍സ് സംഘം, അഞ്ച് ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, ഒരു ഇന്‍കം ടാക്സ് സ്‌ക്വാഡ് എന്നിവരാണ് പ്രവര്‍ത്തിക്കുക. പൊതുജനത്തിന് പരാതികള്‍ അറിയിക്കുന്നതിന് സി-വിജില്‍ ആപ്പും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.