തിരുവനന്തപുരം: കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്ര കേരളത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു. കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായതോടെയാണ് മടങ്ങിവരുന്നത്. സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന യതീഷ് ചന്ദ്രയ്ക്ക് കേരള സർക്കാർ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ്പിയായിട്ടാണ് യതീഷ് ചന്ദ്രയ്ക്ക് കേരള സർക്കാർ പുതിയ നിയമനം നൽകിയിരിക്കുന്നത്.
കർണാടകയിൽ നിന്നും ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ സാഹചര്യത്തിലാണ് ഐസിടിയിലെ നിയമനമെന്ന് സർക്കാർ അറിയിച്ചു. യതീഷ് ചന്ദ്ര 2021ൽ കർണാടകത്തിലേക്ക് മാറുകയായിരുന്നു. കെഎപി നാലാം ബറ്റാലിയൻ മേധാവിയായിരിക്കെയാണ് അദ്ദേഹം കർണാടകയിലേക്ക് മാറിയത്. സ്ഥലംമാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നൽകിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ഡെപ്യൂട്ടേഷനിൽ കർണാടകയിലേക്ക് പോകുകയും ബെംഗളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റതായും 2022 നവംബറിൽ ഫേസ്ബുക്കിലൂടെ യതീഷ് ചന്ദ്ര അറിയിക്കുകയായിരുന്നു.മികച്ച ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്ര സംസ്ഥാനത്ത് നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന 2015ൽ ഇടതുപക്ഷത്തിൻ്റെ ഉപരോധ സമരത്തിനെതിരെ യതീഷ് ചന്ദ്ര ലാത്തിച്ചാർജ് നടത്തിയത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എറണാകുളം പുതുവൈപ്പിനിൽ സമരക്കാരായ സ്ത്രീകളും കുട്ടികളുമടങ്ങുന്നവർക്കെതിരെ ലാത്തിവീശിയതും യതീഷ് ചന്ദ്ര വിവാദമായിരുന്നു. പരിക്കേറ്റ കുട്ടി ബാലാവകാശ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിലനിന്നിരുന്ന സമയത്ത് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പൊൻ രാധാകൃഷ്ണനെ തടഞ്ഞതും മുഖാമുഖം നിന്ന് ചോദ്യം ചെയ്തതും വിവാദമായിരുന്നു. അന്ന് നിലയ്ക്കലിൻ്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു. കൊവിഡ് കേസുകൾ രൂക്ഷമായിരിക്കെ 2020ൽ ലോക്ക് ഡൗൺ നിർദേശങ്ങൾ തെറ്റിച്ചവരെ ഏത്തമിടീച്ചത് വിവാദമായിരുന്നു. കണ്ണൂർ ജില്ലാ പോലീസ് മേധാവിയായിരിക്കെയാണ് ഈ സംഭവം. എസ്പിയുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രവൃത്തി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും മനുഷ്യാവകാശ കമ്മീഷനോട് കേരള പോലീസ് വ്യക്തമാക്കിയിരുന്നു. ഡൗൺ നിർദേശങ്ങൾ തെറ്റിച്ചവരെ ഏത്തമിടീച്ച യതീഷ് ചന്ദ്രയുടെചന്ദ്രയുടെ നടപടിയിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.